കണ്ണന്താനത്തിന്റെ രാഷ്ട്രീയത്തിനു ക്രൈസ്തവർ കൈ കൊടുത്താൽ…

കണ്ണന്താനത്തിന്റെ രാഷ്ട്രീയത്തിനു ക്രൈസ്തവർ കൈ കൊടുത്താൽ…

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്‌ എക്കാലവും ആഗ്രഹിച്ച ഒരു ‘കരിയറിസ്റ്റി’ന്റെ വിജയം; അൽഫോൺസ് കണ്ണന്താനത്തിന്റെ സ്ഥാനലബ്‌ധിയെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ഒരു മതത്തിന്റെ ബ്രാക്കറ്റിൽ മെരുങ്ങിനിൽക്കുന്നതല്ല  കണ്ണന്താനത്തിന്റെ രാഷ്ട്രീയം. അങ്ങനെ വിശ്വസിക്കുന്നത് ഒരുതരം ഇകഴ്ത്തലാവും. 

റബ്ബർ പാലിന്റെ മണമുള്ള കാഞ്ഞിരപ്പള്ളിയുടെ ‘O’ വട്ടത്തിൽ കളിച്ചുതീർക്കാനുള്ളതല്ല തന്റെ രാഷ്ട്രീയമെന്ന് പണ്ടേ പറഞ്ഞതാണ് അദ്ദേഹം. ഇടതുസ്വതന്ത്രന്റെ, വീണ്ടും വിപണി സാധ്യതയുള്ള കുപ്പായം അഴിച്ചുവെച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടികയറിയതും അത് മുന്നിൽകണ്ട് തന്നെ. 

എന്നാൽ, അൽഫോൻസ് എന്ന തുറുപ്പുചീട്ട് അതിവിദഗ്‌ധമായി എടുത്തുകളിക്കാൻ മോദിയും  അമിത് ഷായും കാണിച്ച പൊളിറ്റിക്കൽ മാനേജ്‌മന്റ്! അതിന്, ഒരു കൈയടി കൊടുക്കാതെ വയ്യ.  ‘അൽഫോൻസ് കാർഡ്’ കളത്തിൽ  ഇറക്കപ്പെട്ട നേരമാണ് ശ്രദ്ധേയം. ആർഎസ്എസിന്റെ അയ്യായിരം ശാഖകളുടെയും കേന്ദ്രഭരണത്തിന്റെയും കരുത്തിൽ കേരളത്തിൽ ഒരുവിധം പച്ചപിടിച്ചു വരികയായിരുന്നു ബിജെപി; കോൺഗ്രസ് ആകട്ടെ, അതിന്റെ എക്കാലത്തെയും വലിയ തകർച്ചയെ അഭിമുഖീകരിക്കുന്ന നേരവും. 

എങ്കിലും നേരത്ത്‌, കോഴവിവാദത്തിൽ കെട്ടുപോയി കേരളത്തിലെ ബിജെപിയുടെ ശോഭ! അങ്ങേയറ്റം നെഗറ്റീവ് ആയി ബ്രാൻഡ് ചെയ്യപ്പെട്ട പ്രസ്ഥാനമാണ് കേരളത്തിൽ ബിജെപി. ഇടതുപക്ഷത്തിന് അതിശക്തമായ വേരോട്ടമുള്ള ഈ സംസ്ഥാനത്തു കോൺഗ്രസ് അല്ല ബിജെപിയുടെ ശത്രു; അത്, ഇടതുപക്ഷം തന്നെയാണ്. 

വർഗീയമെന്നു മുദ്രകുത്തപ്പെട്ട ബിജെപിയെ പരസ്യമായി പരിണയിക്കാൻ കേരളത്തിലെ മറ്റു രാഷ്ട്രീയനേതാക്കൾക്കും ചെറുപാർട്ടികൾക്കും ചെറുതല്ലാത്തവിധം ഭയമുണ്ട്. ‘നെഗറ്റീവ് ബ്രാൻഡിംഗ്’ സൃഷ്ട്ടിച്ച അകൽച്ചയുടെ ഫലമാണ്‌ അത്. ഒരു ‘റീബ്രാൻഡിംഗ്’ ആവശ്യമുള്ള ഘട്ടത്തിൽ പാർട്ടിയുടെ സംസ്ഥാന സാരഥിയായി അവരോധിക്കപ്പെട്ട കുമ്മനം രാജശേഖരൻ സംഘപരിവാറിന്റെ പ്രത്യക്ഷമുഖവും. ആർഎസ് എസ് ബ്രാൻഡിൽ എന്തും വിറ്റഴിക്കാവുന്ന രാഷ്ട്രീയവിപണിയല്ല കേരളം. അതാവുമായിരുന്നെങ്കിൽ മാരാർജിയൊക്കെ പണ്ടേ തലസ്ഥാനത്തെത്തേണ്ടതായിരുന്നു. 

ഉള്ളതുപറഞ്ഞാൽ തനി ‘ഹൈന്ദവരാഷ്‍ട്രീയം’ ഒരുകാലത്തും പച്ചപിടിച്ചിട്ടില്ല കേരളത്തിൽ. ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭയായിരുന്നു തിരുവിതാംകൂറിലെ ‘ശ്രീമൂലം പ്രജാസഭ’. അവിടം മുതൽ മതന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്തിയുള്ള രാഷ്‌ട്രീയനീക്കങ്ങളെ ഇവിടെ വിജയിച്ചിട്ടുള്ളൂ.

മറുനാട്ടിൽനിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ദളവാമാരും ദിവാന്മാരും; അവരുടെ പിന്നാലെയെത്തി സകലമാന സർക്കാർ ജോലികളിലും ഇരുപ്പുറപ്പിച്ച മറുനാടൻ ബ്രാഹ്മണർ. ഇവരോടുള്ള പ്രതിഷേധം നായരും നസ്രാണിയും ഒരുമിച്ചാണ് തുടങ്ങിയത്. അധികം വൈകാതെ ഈഴവരും ഒപ്പംചേർന്നു. ‘മലയാളി മെമ്മോറിയൽ’ പോലുള്ള രാഷ്ട്രീയനീക്കങ്ങളിൽ ഈ മൂന്നുകൂട്ടരും കൈകോർത്തു നിന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയെ താഴെ ഇറക്കാൻ നടത്തിയ ‘വിമോചനസമരം’ നായർ-നസ്രാണി കൂട്ടുമുന്നണിയുടെ വിജയം തന്നെ ആയിരുന്നു. 

എന്നാൽ, നായർ സമുദായം ഒറ്റക്കൊരു രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചെങ്കിലും അത് പച്ചതൊട്ടില്ല; എൻഡിപി എന്നായിരുന്നു ആ പാർട്ടിയുടെ പേര്. ‘നാഷണൽ ഡെമോക്രാറ്റിക്‌ പാർട്ടി’ എന്ന് കേൾക്കാൻ സുഖമുള്ള പേരുണ്ടായിരുന്നെങ്കിലും അതൊരു ‘നായർ ഡോമിനേറ്റഡ് പാർട്ടി’ മാത്രമായിരുന്നു. 

വെള്ളാപ്പള്ളി നടേശൻ നേതാവാകും മുൻപ്, തുഷാർ വെള്ളാപ്പള്ളി പിച്ചവച്ചുതുടങ്ങും മുൻപ് ആരംഭിച്ചതായിരുന്നു എസ്ആർപി  എന്ന രാഷ്ട്രീയപാർട്ടി. ‘സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി’ എന്നായിരുന്നു അതിന്റെ സ്റ്റൈലൻ പേര്. ഇപ്പോഴത്തെ ‘ബീഡിജെഎസ്‌’ പാർട്ടിയുടെ പഴയരൂപം. ഒന്നോ രണ്ടോ വട്ടം എക്സൈസ് വകുപ്പിനു മന്ത്രിയെക്കിട്ടി എന്നതല്ലാതെ അതും അതിജീവിച്ചതേയില്ല. കെ ജി മാരാരുടെ നേതൃത്വത്തിൽ ജനസംഘവും പിന്നീട് ബിജെപിയും സാന്നിധ്യമറിയിച്ചെങ്കിലും അധികാരത്തിന്റെ അടുത്തെങ്ങുമെത്താൻ അവർക്കും കഴിയാതെപോയി.

പക്ഷേ, മുറിഞ്ഞും കൂടിച്ചേർന്നും പിന്നെയും മുറിഞ്ഞും കേരള കോൺഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം കേരളത്തിൽ നിലനിന്നു. അധികാരത്തോടുള്ള  ആർത്തിയല്ലാതെ യാതൊരു പ്രത്യയശാസ്ത്രത്തിന്റെയും പിൻബലമില്ലാത്ത രാഷ്ട്രീയപിറവി ആയിരുന്നു ആ പാർട്ടിയുടേത്. ‘ഞാനും ഞാനുമെന്റാളും ആ നാൽപ്പതുപേരും’ മാത്രമായിരുന്നു ഓരോ കേരളാ കോൺഗ്രസ് നേതാവിന്റെയും പിൻബലം. പിന്നീടത്, ‘ഞാനും ഞാനുമെന്റെ മോനും’ എന്നായി ചുരുങ്ങി. കൊട്ടാരക്കരയിലെ പാർട്ടിയിൽ അച്ഛനും മോനും തമ്മിലും പിളർന്നു; പാലായിൽ മകനു മുന്നിൽ അപ്പൻ ‘സ്നേഹപൂർവം’ തോറ്റുകൊടുത്തു. പിറവത്ത് ഡാഡിക്കു ശേഷം മകന്റെ അരിയിട്ടു വാഴ്‌ച. തൊടുപുഴയിൽ അപ്പന്റെ പാർട്ടിയുടെ അടുത്തെങ്ങും വരാൻ മകന് താല്പര്യമില്ലാതെപോയതാണ് ഏക ആശ്വാസം! 

മരണംവരെ മന്ത്രിയാകാനും ശേഷം മകനെ വാഴിക്കാനും ആഗ്രഹിച്ച നേതൃമാന്യന്മാർ മൂലം ‘ബോൺസായ്’കളായി മാറിയ അനേകം ചെറുപ്പക്കാരുണ്ട് ആ പാർട്ടികളിൽ. നേതൃശേഷിയും സ്വഭാവശുദ്ധിയുമുള്ള മിടുക്കന്മാർ. പട്ടുപോകാറായ ആൽമരങ്ങൾക്കു കീഴിൽ വരൾച്ച മുരടിച്ച ബോൺസായ് ചെടികൾ! ഈ ചെറുപ്പക്കാരെ രാഷ്ട്രീയമായി ‘വന്ധ്യംകരിച്ച’ നേതാക്കൾ മാപ്പുപറയേണ്ടതല്ലേ? ഈ വന്മരങ്ങൾക്കു കീഴിൽ വളരാനും പ്രവർത്തിക്കാനും ഒരു ഇടം ‘(സ്‌പേസ്) ഇല്ലാതെ പോയവരാണ് കേരള കോൺഗ്രസിലെ യുവനേതാക്കൾ. മുതിർന്ന നേതാക്കളുടെ പെട്ടിപിടിക്കാനും ദിനംതോറും നാലുവട്ടം മാറുന്ന ജുബ്ബ തേക്കാനും മറ്റുപലതിനും വിധിക്കപ്പെട്ട വെറും നേർച്ചക്കോഴികൾ. നിങ്ങൾക്ക് വെറും ആൾക്കൂട്ടത്തിന്റെ റോൾ മാത്രം. നായകനാകാൻ മകൻ ഇറങ്ങിവരും.

ഇവിടെയാണ്, അൽഫോൻസ് കണ്ണന്താനം പണ്ടു പറഞ്ഞ ഒരു വാചകത്തിന്റെ പ്രസക്തി.

ഇടതുമുന്നണി വിടുന്പോൾ ‘മലയാള മനോരമ’യുടെ കോട്ടയം ലേഖകനായിരുന്ന ടോണി ജോസ് കണ്ണന്താനത്തോട് ചോദിച്ചു: “എന്തിനാണ് ഇക്കുറിയും ഇടതുപക്ഷം സീറ്റ് നൽകിയിട്ടും വിട്ടുപോകുന്നത്?”

ഒരു മറുചോദ്യമായിരുന്നു ഉത്തരം: “ഗ്രാമത്തിലെ ടീമിലും രാജ്യത്തിന്റെ ടീമിലും കളിക്കാൻ അവസരം കിട്ടിയാൽ നമ്മൾ എവിടെ കളിക്കും?..”.

നിസ്വാർത്ഥ സേവകരുടെയും നിഷ്കാമകർമികളുടെയും കളിയല്ല ഇന്നത്തെ രാഷ്ട്രീയം. അത് വ്യക്തമായ ആസൂത്രണവും തന്ത്രങ്ങളും ആവശ്യമുള്ള കോർപറേറ്റ് ഗെയിം തന്നെ. 

‘കട്ടൻകാപ്പിയും പരിപ്പുവടയും കഴിച്ചുകഴിയുന്ന പാർട്ടിക്കാരുടെ കാലം കഴിഞ്ഞു’ എന്ന് സിപിഎമ്മിലെ ജയരാജൻ സഖാവ് നേരത്തെ പറഞ്ഞത് ഇതിനോട് ചേർത്തുവായിക്കുക. സിപിഎം പോലും അളന്നും തൂക്കിയും സ്ഥാനാർഥികളെയും നേതാക്കളെയും തിരയുന്ന കാലമാണ് ഇത്. മുൻപ്, കെ കരുണാകരൻ പറഞ്ഞതുപോലെ  ‘ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കുന്ന’ പാർട്ടികളുടെ കാലമൊക്കെ പൊയ്‌പോയിരിക്കുന്നു.

പ്രത്യയശാസ്ത്രഭാരങ്ങൾ  അധികപ്പറ്റാണ് ഇന്നത്തെ രാഷ്ട്രീയത്തിൽ. വ്യക്തിപരമായ സമർപ്പണവും കഠിനാദ്ധ്വാനവും സർവോപരി സത്യസന്ധതയും വരുംകാലങ്ങളിൽ കൂടുതൽ വിലമതിക്കപ്പെടും. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ പലതും കാലഹരണപ്പെട്ടു എന്നതാണ് വാസ്തവം. ചൈനയിൽ നിലനിൽക്കുന്ന രാഷ്ട്രീയവ്യവസ്ഥ കമ്യൂണിസമേയല്ല! കറകളഞ്ഞ കന്പോളവ്യവസ്ഥയാണ് അത്. കൂടുതൽ ചിന്തിച്ചാൽ രണ്ടേരണ്ടു കമ്യൂണിസ്റ്റുകാരെ ലോകത്തിൽ അവശേഷിച്ചിട്ടുള്ളു എന്ന് പറയേണ്ടിവരും; ഉത്തരകൊറിയയിലെ അറുവഷളൻ കിം ജോംഗ് ഉന്നും കേരളത്തിൽ സഖാവ് അച്യുതാനന്ദനും! (ഒരു ഫലിതം പറഞ്ഞതാണ്; എന്നെ വെറുതെവിട്ടേക്കണേ).

അതുകൊണ്ട്, കണ്ണന്താനം പറയുന്ന വിശാലമായ കളിക്കളത്തിൽ കേരളത്തിലെ ക്രിസ്ത്യൻ ചെറുപ്പക്കാർ കളിക്കാനിറങ്ങിയാൽ ആർക്കാണ് ചേതം? നായരും നസ്രാണിയും ഈഴവനും ദളിതനും ഒരുമിച്ചുപോകുന്ന നാടാണ് നമ്മുടേത്. ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ ഇറങ്ങുന്ന നസ്രാണിപ്പിള്ളേരെ ഒപ്പം കൂട്ടാൻ പഴയ നായർ ചങ്ങാതിമാരും മടികാണിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. 

അല്ലെങ്കിൽത്തന്നെ കേരളത്തിലെ ഈ ‘ഇടം-വലം കളി’ വല്ലാതെ ബോറായിത്തുടങ്ങി. ഇനി നമുക്ക് ഒരു ‘മോദി’ ഗെയിം കളിച്ചാൽ എന്താണു കുഴപ്പം. ആത്യന്തികമായി സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം! 

സ്നേഹാദരങ്ങളോടെ

ശാന്തി മോന്‍ ജേക്കബ്

ചീഫ് എഡിറ്റര്‍

 

You must be logged in to post a comment Login