പറയൂ കണ്ണന്താനം, എവിടെപ്പോയി ആ ആറുവർഷങ്ങൾ?

പറയൂ കണ്ണന്താനം, എവിടെപ്പോയി ആ ആറുവർഷങ്ങൾ?

മണിമല സെന്റ് ജോര്‍ജ് സ്‌കൂളിനോട് ചേര്‍ന്നുള്ള പുഴയിലേക്ക് ചൂണ്ടെയെറിഞ്ഞ് മീന്‍ പിടിച്ചും എക്‌സ് മിലിട്ടറിക്കാരനായ അപ്പന്‍ കെവി ജോസഫിനും കൂടപ്പിറപ്പുകള്‍ക്കും ഒപ്പം ഒരേ നിരയില്‍ നിന്ന് മണ്ണില്‍ കിളച്ചും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പത്താം ക്ലാസ് പഠിച്ചും ജീവിച്ച പഴയ കാലത്തെ ഹൃദ്യമായും ഗൃഹാതുരതയോടെയും പങ്കുവയ്ക്കുന്നുണ്ട്, നമ്മുടെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. (സണ്‍ഡേ ദീപിക)

ബോധജ്ഞാനം നേടി ലോകത്തെ മാറ്റിമറിക്കാനുള്ള നിയോഗവുമായി  പഴയ പത്താം ക്ലാസുകാരന്‍ ഐഎസ് എസ് ഓഫീസറായി രൂപാന്തരപ്പെട്ടതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വെബ്‌സൈറ്റും സാക്ഷ്യപ്പെടുത്തുന്നു.
പക്ഷേ, ഇതിനിടയില്‍   പത്താംക്ലാസ്സിൽ വെറും 242 മാർക്ക് നേടിയ ഒരാളെ ഇന്നറിയപ്പെടുന്ന ഐഎഎസുകാരനും കേന്ദ്രമന്ത്രിയും ഒക്കെ ആക്കിയതിന് പിന്നില്‍ ശക്തമായ സ്വാധീനം ചെലുത്തിയ ഒരിടം അദ്ദേഹം ബോധപൂർവം മറച്ചുവക്കുന്നുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ സെമിനാരിക്കാരനായി ജീവിച്ച കാലഘട്ടമാണത്.
പത്താം ക്ലാസ് ജയിച്ചതിന് ശേഷം കണ്ണന്താനം പോയത്  സെമിനാരിയിലേക്കാണ്; ഇംഫാല്‍- കൊഹിമ രൂപതയിലെ മിഷനറി വൈദികനാകാന്‍. ഷില്ലോംങ്  ക്രൈസ്റ്റ് കിംഗ് കോളജിലായിരുന്നു ഫിലോസഫി ബിരുദ പഠനം. ഇതിന് ശേഷം റീജന്‍സി കാലം.  ഈ കാലത്താണ് അദ്ദേഹം സെമിനാരി ജീവിതം ഉപേക്ഷിക്കുന്നത്.
വൈദികനാകാത്തതിന്‍റെ കാരണം എന്തായാലും ആറു വര്‍ഷമെങ്കിലും കണ്ണന്താനം സെമിനാരിക്കാരനായിരുന്നു എന്നത് യാഥാര്‍ത്ഥ്യം.
അല്ലാതെ മണിമലയിലെ ഗ്രാമീണ വായനശാലയില്‍ നിന്ന് പുസ്തകങ്ങളെടുത്ത് ഇംഗ്ലീഷ്-മലയാളം ഡിക്ഷനറിയെ കൂട്ടിനിരുത്തി (അഭിമുഖത്തിലെ വാചകം) മാത്രമായിരുന്നില്ല പിൽക്കാലത്തു ഡല്‍ഹിയിലെ ഇന്റര്‍വാഴ്‌സിറ്റി തലത്തില്‍ മൂന്നു തവണ ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍ ദേശീയ ചാന്പ്യനായത്. അതുപോലെ ഷില്ലോങ് നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയുടെ 1978 ലെ സാന്പത്തികശാസ്ത്രം എംഎ ഫലം വന്നപ്പോള്‍ റാങ്കും 1979 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടിയതും.
ചരിത്രപരമായ ഈ നേട്ടങ്ങള്‍ക്കെല്ലാം  വെളിച്ചം കാട്ടിനിന്നിരുന്നത് ആ സെമിനാരി ജീവിതമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതം അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും അവയെ അദ്ദേഹം മനപ്പൂര്‍വ്വമെന്നോണം തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ.
കണ്ണന്താനംജി, ഒരു ഹിറ്റ് സിനിമയില്‍ സുരേഷ് ഗോപി പറയുന്ന ഒരു ഡയലോഗുണ്ട്: “സ്മരണ വേണം, തേവരേ സ്മരണ”.
അതെ, സ്മരണ വേണം നമുക്ക്; തണല്‍ വിരിച്ച വഴികളെക്കുറിച്ചും തണല്‍ നല്കിയ ചില്ലകളെക്കുറിച്ചും. അത് നമുടെ മനുഷ്യത്വത്തിന്റെ ഭാഗമാണ്.
തന്റെ സെമിനാരിജീവിതകാലത്തെക്കുറിച്ച്  തുറന്നു പറയുന്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനം എന്ന വ്യക്തിയുടെ മഹത്വം വര്‍ദ്ധിക്കുകയേയുള്ളൂ. സെമിനാരി ഫോര്‍മേഷന്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് നമ്മുടെ ജസ്റ്റീസ് കുര്യന്‍ ജോസഫിനെ പോലെയുള്ള പല വ്യക്തികളും തുറന്നുപറഞ്ഞിട്ടുണ്ട്.
സെമിനാരി ഫോര്‍മേഷനു ചിലയിടത്തോ ചില അവസരങ്ങളിലോ പാളിച്ചകള്‍ സംഭവിക്കുന്നുണ്ടാകാം എന്ന് സമ്മതിക്കുന്പോള്‍ തന്നെ അവിടങ്ങള്‍ നല്കുന്ന നന്മയുടെ പാഠങ്ങളും സാംസ്‌കാരികമായ ഉന്നതിയും നാം കാണാതിരിക്കരുത്.
ഉള്ളിലുള്ളതിനെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതാണ് സെമിനാരികളിലെ പരിശീലനം.
അല്‍ഫോന്‍സ് കണ്ണന്താനം എന്ന വ്യക്തിയില്‍ സവിശേഷമായിട്ടെന്തോ ഉണ്ടായിരുന്നു. അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതുപോലെ, “ഞാന്‍ അപാരമിടുക്കനാണ്. കേരളത്തെയോ ഇന്ത്യയെയോ മാത്രമല്ല, ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ എനിക്ക് കഴിവുണ്ട്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ എനിക്ക് കഴിയും” എന്ന് നന്നേ ചെറുപ്പത്തിലേ ധീരമായ തീരുമാനമെടുക്കാന്‍ കഴിയത്തക്കവിധം അദ്ദേഹം പ്രബലനായിരുന്നു.
ആ മുന്നേറ്റത്തിന് കുതിപ്പ് നല്കിയത് സെമിനാരി പരിശീലനം തന്നെയായിരുന്നു. ആത്മീയതയുടെ ചായ്‌വുള്ള കുടുംബപശ്ചാത്തലമായിരുന്നു അദ്ദേഹത്തിന്റേതെന്ന് സഹോദരനായ ക്ലരീഷ്യന്‍ വൈദികന്‍ ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ ജീവിതം നമ്മോട് പറയുന്നുണ്ട്. പൗരോഹിത്യജൂബിലിയോട് അനുബന്ധിച്ച് അദ്ദേഹം ചെയ്ത സേവനപ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 28 ന് ഹൃദയവയല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.( ആ റിപ്പോര്‍ട്ട് ഈ കുറിപ്പിന്റെ കൂടെ ഞങ്ങള്‍ പുന: പ്രസിദ്ധീകരിക്കുന്നുമുണ്ട്).
വ്യത്യസ്തനായ വൈദികനാണ് അദ്ദേഹം എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.  അല്‍ഫോന്‍സ് കണ്ണന്താനത്തെക്കുറിച്ച് പറഞ്ഞുവന്നപ്പോള്‍ ആനുഷംഗികമായി പറഞ്ഞുപോയതാണ് ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ കാര്യം.
പക്ഷേ ഇതെല്ലാം അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആത്മീയതയിലേക്ക് കൂടി വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍ തന്നെയാണ് എന്ന് സമ്മതിക്കാതിരിക്കാനാവില്ല.
വിളക്ക് കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കില്ലല്ലോ. അതുകൊണ്ട് അല്‍ഫോന്‍സ് കണ്ണന്താനംജീ, താങ്കള്‍ സെമിനാരി ജീവിതകാലത്തെക്കുറിച്ച് പറയാതിരിക്കുന്പോള്‍ സംഭവിക്കുന്നത് അതാണ്. താങ്കള്‍ അത് പറയാത്തതുകൊണ്ടാണ് ചിലരൊക്കെ അവിടെയും ഇവിടെയും ഇരുന്ന് താങ്കളുടെ അക്കാലത്തെക്കുറിച്ച് കുറിപ്പുകള്‍ എഴുതുന്നത്.
വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വയ്‌ക്കേണ്ടവയല്ലെന്ന് അവര്‍ക്കറിയാം.

You must be logged in to post a comment Login