മകനെ സാക്ഷിനിര്‍ത്തി 52 ാം വയസില്‍ പുരോഹിതനായി..അന്തോണി സിപ്പോല്ലേയുടെ പൗരോഹിത്യജീവിതത്തിന്റെ കാണാക്കാഴ്ചകള്‍

മകനെ സാക്ഷിനിര്‍ത്തി 52 ാം വയസില്‍ പുരോഹിതനായി..അന്തോണി സിപ്പോല്ലേയുടെ പൗരോഹിത്യജീവിതത്തിന്റെ കാണാക്കാഴ്ചകള്‍

പോര്‍ട്ട്‌ലന്റിലെ കത്തീഡ്രല്‍ ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ നടന്ന പൗരോഹിത്യചടങ്ങുകള്‍ക്ക് ശേഷം ഫാ. അന്തോണി സിപ്പോല്ലേ പറഞ്ഞത് ഇത്രമാത്രം.

എനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.

അതെ ആ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആ വാക്കുകള്‍ സത്യമാണെന്ന് നമുക്കും തോന്നും. കാരണം പല വിധ വഴികളിലൂടെ കറങ്ങിത്തിരിഞ്ഞാണ് ഒടുവില്‍ ദൈവം അദ്ദേഹത്തെ പൗരോഹിത്യവഴിയിലേക്ക് കയറ്റിനിര്‍ത്തിയിരിക്കുന്നത്.

മാസ്യൂഷെറ്റ്‌സ് അര്‍ലിംങ്‌ടോണ്‍ സ്വദേശിയാണ് ഫാ. അന്തോണി. വളരെ ശക്തമായ കത്തോലിക്കാ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും വിശ്വാസപരിശീലനമൊന്നും പൂര്‍ത്തിയാക്കിയിരുന്നില്ല. വിദ്യാഭ്യാസകാലത്ത് അക്കാദമിക് നിലവാരത്തിലും ബിസിനസ് മേഖലയിലുമായിരുന്നു ശ്രദ്ധ കൊടുത്തത്.

പഠനം കഴിഞ്ഞതേ മികച്ച ഒരു ബിസിനസ്മാനായി മാറുകയും ചെയ്തു. കാര്‍ ബിസിനസായിരുന്നു അത്. പിന്നീട് ചിക്കാഗോയിലേക്ക് താമസം മാറി. അവിടെ പ്ലംബിങ് ബിസിനസിലായിരുന്നു ശ്രദ്ധ. ചെറുപ്രായത്തില്‍ തന്നെ വിവാഹിതനായി. ഒരു മകനും ജനിച്ചു. പക്ഷേ പിന്നീടെപ്പോഴോ വിവാഹബന്ധം തകര്‍ന്നു. ഇരുവരും വിവാഹമോചിതരുമായി.

ഭാര്യ മകനുമൊത്ത് ബോസ്റ്റണിലേക്ക് മടങ്ങിപ്പോയി. വിവാഹമോചനത്തെക്കാളേറെ തകര്‍ത്തുകളഞ്ഞത് മകന്റെ നഷ്ടപ്പെടലായിരുന്നു. അതിന്റെ വിഷമത്തില്‍ പ്ലംബിങ് ബിസിനസ് വില്ക്കുകയും വീണ്ടും കാര്‍ ബിസിനസിലേക്ക് തിരിയുകയും ചെയ്തു.

അത്തരം ദിവസങ്ങളിലാണ് ഫാ. ജോണ്‍ കില്‍മാര്‍ട്ടിനെ പരിചയപ്പെടുന്നത്. ഇരുവരും വളരെ പെട്ടെന്ന് സുഹൃത്തുക്കളായി. അച്ചന്‍ അന്തോണിയെ പാരീഷ് ഫസിലിറ്റി മാനേജറുമാക്കി. അപ്പോഴൊന്നും ക്രിസ്തു അന്തോണിയുടെ ജീവിതത്തിന്റെ കേന്ദ്രഭാഗമായി മാറിയിരുന്നില്ല. പള്ളിയിലേക്ക് വരുന്നില്ലേ, അതെന്താ വരാത്തത് എന്നൊന്നും അച്ചന്‍ ഒരിക്കല്‍ പോലും തന്നോട് ചോദിച്ചിട്ടില്ല എന്നാണ് അതേക്കുറിച്ചുള്ള ഓര്‍മ്മയും.

പക്ഷേ അച്ചന്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയാണെന്ന് വളരെ വൈകിയാണ് അന്തോണി മനസ്സിലാക്കിയത്. ഒരിക്കല്‍ ദേവാലയം വൃത്തിയാക്കുന്നതിനിടയില്‍ അസാധാരണമായ വെളിച്ചം തന്നെ വന്നു മൂടുന്നതായി അന്തോണി അറിഞ്ഞു. അതോടെ മനസ്സില്‍ വല്ലാത്ത ശാന്തി നിറഞ്ഞു. അതുവരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നവയെല്ലാം മാറുന്നതായും മനസ്സിലായി.

എനിക്ക് അപ്പോള്‍ മനസ്സിലായി. ദൈവം എന്നെ സ്‌നേഹിക്കുന്നു..അവിടുന്ന് എന്നോടുകൂടെയുണ്ട്.

ബൈബിളെടുത്തു വായിക്കാനായി ദൈവം തന്നോട് ആവശ്യപ്പെടുന്നതായി അന്തോണിക്ക് മനസ്സിലായി. അദ്ദേഹം അപ്രകാരം ചെയ്തുതുടങ്ങി. ബോസ്റ്റണ്‍ കോളജില്‍ നിന്ന് ഡിഗ്രി സമ്പാദിച്ച അദ്ദേഹത്തിന് തോന്നി ദൈവം തന്നെ പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന്.. അങ്ങനെയാണ് സെമിനാരിയില്‍ ചേര്‍ന്നത് .

പിന്നെ പ്രാര്‍ത്ഥനയുടെയും പരിശീലനത്തിന്റെയുമായ ഒമ്പതുവര്‍ഷങ്ങള്‍. ഒടുവില്‍ പ്രിയജനങ്ങളെയും മകനെയും സാക്ഷിനിര്‍ത്തി പൗരോഹിത്യത്തിന്റെ നിറവിലേക്ക്..

എന്താണ് സംഭവിച്ചതെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല.എന്തായാലും ഞാന്‍ വളരെ സന്തുഷടയാണ്. അന്തോണിയുടെ അമ്മ ലൂസി സിപ്പോലി പറയുന്നു.

You must be logged in to post a comment Login