അസിയാബീയുടെ വധശിക്ഷ; സുപ്രീം കോടതി വീണ്ടും അപ്പീല്‍ നീട്ടി

അസിയാബീയുടെ വധശിക്ഷ; സുപ്രീം കോടതി വീണ്ടും അപ്പീല്‍ നീട്ടി

ലാഹോര്‍: പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ യുവതി അസിയാബിയുടെ അപ്പീല്‍ കേള്‍ക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. ഇതിന് മുമ്പ് ഏഴുതവണയാണ് അസിയാബിയുടെ അപ്പീല്‍ കേള്‍ക്കുന്നത് കോടതി നീട്ടിവച്ചത്. ജൂണ്‍ ആദ്യവാരത്തില്‍ അപ്പീല്‍ കേള്‍ക്കുമെന്നായിരുന്നു നേരത്തെ അറിയാന്‍ സാധിച്ചിരുന്നത്. അതാണ് ഇപ്പോള്‍ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന അസിയാബി ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാനിലെ ആദ്യ സ്ത്രീയാണ്. സമീപവാസിയായ ഒരു മുസ്ലീം സ്ത്രീ അസിയാബിയില്‍ ആരോപിച്ച ദൈവനിന്ദാക്കുറ്റമാണ് അവരെ വധശിക്ഷയില്‍ വരെയെത്തിച്ചിരിക്കുന്നത്. 2010 നവംബറിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

1980 മുതല്ക്കാണ് പാക്കിസ്ഥാനില്‍ ദൈവനിന്ദാക്കുറ്റം നിലവില്‍ വന്നത്. പലപ്പോഴും നിരപരാധികളായ ക്രൈസ്തവരെ കുടുക്കാന്‍വേണ്ടിയാണ് ഈ നിയമം ദുരുപയോഗിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ഒമ്പതുവയസുകാരന് മേല്‍ ഖുറാന്‍ കത്തിച്ചു എന്ന കുറ്റം ചുമത്തിയിരുന്നു. പിന്നീട് അമ്മയും മകനും അറസ്റ്റ് ചെയ്യപ്പെടുകയും പോലീസ് ഇരുവരെയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാനില്‍ വലിയ കോളിളക്കമുണ്ടാക്കിയേക്കാവുന്ന ഒന്നാണ് അസിയാബിയുടെ മേല്‍ എടുക്കുന്ന ഏതു തീരുമാനവും. നിയമവ്യവസ്ഥയുടെ മേല്‍ ഇക്കാര്യത്തില്‍ കഠിനമായ സമ്മര്‍ദ്ദങ്ങളുമുണ്ട്. അസിയാബിയുടെ നിരപരാധിത്വം തെളിഞ്ഞ് വിട്ടയച്ചാല്‍ അതും മതമൗലികവാദികളുടെ അമര്‍ഷത്തിന് ഇടയാക്കും. ന്യായാധിപന്മാര്‍ പോലും നിസ്സഹായരാകുന്ന അവസ്ഥയാണ് ഈ കേസിനെ സംബന്ധിച്ചുള്ളത്.

വീണ്ടും അപ്പീലിനുള്ള ശ്രമം നടത്തുമെന്നും നീതിക്ക് വേണ്ടി പോരാടുമെന്നും അസിയാബിക്ക് വേണ്ടി വാദിക്കുന്ന റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം അറിയിച്ചു.

You must be logged in to post a comment Login