കൊച്ചി: വിശ്വാസികൾ പണികഴിപ്പിച്ച പള്ളികളുടെ വിധി കോടതി പറയേണ്ടെന്നു യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ. കോടതിയും ജഡ്ജിമാരും പണികഴിപ്പിച്ച പള്ളികൾ ഉണ്ടെങ്കിൽ അതിനു വിധി കൽപ്പിച്ചാൽ മതി. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന കൽപ്പനകൾ അംഗീകരിക്കാനാകില്ലെന്നും കലൂർ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവേ അദ്ദേഹം പറഞ്ഞു.
പണത്തിന് മീതെ പരുന്തും പറക്കില്ല എന്നതിന്റെ തെളിവാണു കോടതിവിധി. കോർട്ട് ഓർഡർ ഇല്ലാതെ ഉത്തരവ് അനുസരിക്കണമെന്നു പറയുന്ന മെത്രാൻ കക്ഷിക്കാർ അവരുടെ സിംഹാസനം ആലങ്കാരികമാണെന്നു സമ്മതിക്കാൻ തയാറാകണം. മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് പള്ളിയുടെ കോടതിവിധി രണ്ട് ദിവസത്തിനകം ഉണ്ടാകും. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാർഥനായജ്ഞം ആരംഭിക്കാൻ ഭദ്രാസനത്തിനു കീഴിലുള്ള പള്ളികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഓർത്തഡോക്സ് വിഭാഗക്കാർ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി അറിയുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുടെ ഉടമസ്ഥതയിലുള്ളതാണ് സെമിനാരിയും സ്ഥലവും. പണികൾ കഴിഞ്ഞശേഷം അങ്ങോട്ടു പോകുന്നുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
You must be logged in to post a comment Login