ക്രൈസ്തവ വിശ്വാസത്തിന് നേരെ വീണ്ടും ചെളി വാരിയെറിയല്‍;  നോവലെന്ന പേരില്‍

ക്രൈസ്തവ വിശ്വാസത്തിന് നേരെ വീണ്ടും ചെളി വാരിയെറിയല്‍;  നോവലെന്ന പേരില്‍

ഏതിനും നാം പറയുന്ന ഒരു ന്യായീകരണമുണ്ട്. ആവിഷ്‌ക്കാരസ്വാതന്ത്ര്യം. ആയിക്കോട്ടെ. അതിനാരും വേലി കെട്ടേണ്ട ആവശ്യമില്ല. കാരണം എഴുത്ത് ഒരാളുടെ ആകാശവും അതില്‍ പറന്നു നടക്കാനുള്ള അവകാശവുമാണ്. അതുകൊണ്ട് തന്നെ അതിന് രണ്ടാമതൊരാള്‍ക്ക് നിയന്ത്രണരേഖയുമായി വരാനുമാവില്ല. ഇങ്ങനെയേ എഴുതാവൂ..ഇങ്ങനെ എഴുതരുത് എന്ന വിധത്തിലുള്ള താക്കീതുകളും അവിടെ അപ്രസക്തമാണ്.

എന്നാല്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന മതവിശ്വാസങ്ങളെയും ദൈവസങ്കല്പങ്ങളെയും ധാര്‍മ്മികമൂല്യങ്ങളെയും കടപുഴക്കിക്കൊണ്ടുള്ള ചില രചനകള്‍ എന്നും സമൂഹത്തിന് അപകടകരമായ സൂചനകളാണ് നല്കുന്നത്. ഈ ഗണത്തില്‍ പെടുത്താവുന്ന പുതിയ ഒരു സാഹിത്യസൃഷ്ടിയാണ് ദൈവാവിഷ്ടര്‍ എന്ന നോവല്‍. നോവലിസ്റ്റി്‌ന്റെ പേര് ലിജി മാത്യൂ.

ക്രൈസ്തവനാമധാരികളായ വ്യക്തികള്‍ ക്രിസ്തുവിനെയും സഭയെയും ഇകഴ്ത്തിയും അപഹാസ്യപ്പെടുത്തിയും എഴുതുമ്പോഴൊക്കെ അവരെ മുഖ്യധാരാ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്നത് പതിവുകാഴ്ചയാണ്. സഭയെ അവഹേളിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത മുന്‍നിര മാധ്യമസ്ഥാപനങ്ങളും പ്രസിദ്ധീകരണ വിഭാഗങ്ങളുമുണ്ട്. ഇത്തരം ഒരു വൃന്തത്തില്‍ നിന്നാണ് ഈ പുതിയ നോവലിന്റെയും അച്ചടിരൂപം.

ക്രൈസ്തവവിശ്വാസങ്ങളെ അടിമുടി ഇടിച്ചുതകര്‍ത്തുകൊണ്ടുള്ളതാണ് ഈ നോവല്‍. അവ ഏതൊക്കെ തരത്തിലാണ് എന്ന് പകര്‍ത്താത്തത് അവ വായനക്കാരുടെ മനസ്സുകളെ കൂടി വിഷലിപ്തമാക്കും എന്ന് ശങ്കിക്കുന്നതുകൊണ്ടാണ്. എങ്കിലും മറിയം, യേശു. യൂദാസ് എന്നിങ്ങനെ നാം പരിചയിച്ചുപോന്നിട്ടുള്ള എല്ലാവരെയും പുനപ്രതിഷ്ഠിച്ചുകൊണ്ടുള്ളതാണ് ഈ നോവല്‍ എന്ന് മാത്രം ഒരു സൂചന നല്കട്ടെ.

പുന: സൃഷ്ടിയോ പുന: പ്രതിഷ്ഠയോ അതില്‍ തന്നെ തെറ്റല്ല. കാരണം സര്‍ഗ്ഗാത്മകതയുടെ ഒരു ഭാഗം തന്നെയാണത്. പക്ഷേ അത്തരം പുന:പ്രതിഷ്ഠിക്കലുകള്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടായിരിക്കരുത്. അവിടെയാണ് വിയോജിപ്പുകള്‍.

ക്രൈസ്തവര്‍ സഹിഷ്ണുത പുലര്‍ത്തുന്നവരും അന്ധമായ മതഭ്രാന്തരല്ല എന്നതും സുവിദിതമാണ്. അതുകൊണ്ടായിരിക്കണം വീണ്ടും വീണ്ടും ക്രൈസ്തവവിശ്വാസങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഇത്തരം വികലസൃഷ്ടികള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മറ്റേതെങ്കിലും ഒരു മതത്തിന്റെ ആചാര്യന്മാരെയോ മതസ്രഷ്ടാക്കളെയോ കുറിച്ച് പരമ്പരാഗതമായ വിശ്വാസസങ്കല്പങ്ങളില്‍ നിന്ന് ഇത്തിരിയെങ്കിലും വ്യതിചലിച്ച് എഴുതിയിട്ടുണ്ടെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട് അതിന്റെ രചയിതാക്കള്‍ക്ക്. അറിയാതെ പോലും സംഭവിച്ച പിഴകള്‍ക്ക് പോലും അവര്‍ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്.

എന്നാല്‍ ക്രൈസ്തവവിശ്വാസത്തെ എത്ര നിന്ദ്യമായി ചിത്രീകരിച്ചാലും നാം വെടിക്കെട്ടുകള്‍ക്ക് തീ കൊളുത്താറില്ല. അത് നമ്മുടെ ആത്മസംയമനത്തിന്റെയും ജ്ഞാനത്തിന്റെയും ഭാഗമാണ്. അഭിമാനിക്കാന്‍ നമുക്ക് അതില്‍ വകയുണ്ട്. പക്ഷേ നമ്മുടെ ആരോഗ്യപരവും ക്രി.യാത്മകവുമായ വിയോജിപ്പുകളും എതിര്‍സ്വരങ്ങളും പലപ്പോഴും അതിന്റേതായ രീതിയിലല്ല വിലയിരുത്തപ്പെടുന്നതെന്ന് തോന്നുന്നു. അതുകൊണ്ടാവാം ഇത്തരം വികൃതികള്‍ വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ക്രിസ്തുവിനെ വിശ്വസിക്കാതിരിക്കാനോ സഭയെ സ്‌നേഹിക്കാതിരിക്കാനോ ഓരോരുത്തര്‍ക്കും കാരണമുണ്ട്. അതവരുടെ സ്വാതന്ത്ര്യം. പക്ഷേ മറ്റൊരാളെ ചെളിവാരിയെറിയാന്‍ നമുക്കെന്തവകാശമാണുളളത്? വഴിയെ നടന്നുപോകുന്ന ഒരാളുടെ ദേഹത്തേക്ക് ചെളി തെറിപ്പിക്കുന്നതിന്റെ മനോവികാരം എന്താണോ ആവോ? പേരോ  കയ്യടിയോ.. ആ..ആര്‍ക്കറിയാം..

രണ്ടായിരത്തിപതിനേഴ് വര്‍ഷം മുമ്പ് ക്രിസ്തു കുരിശില്‍ കിടന്ന് പ്രാര്‍ത്ഥിച്ചത് ഇവര്‍ക്കു വേണ്ടി കൂടിയാണ്. അതുറപ്പ്, പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ.. ആമ്മേന്‍

You must be logged in to post a comment Login