ബൈബിളിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന ഒരാള്‍- പ്രശസ്ത കഥാകൃത്ത് ജോര്‍ജ് ജോസഫ് കെയുടെ വിശ്വാസ യാത്രയുടെ വഴികള്‍

ബൈബിളിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന ഒരാള്‍- പ്രശസ്ത കഥാകൃത്ത് ജോര്‍ജ് ജോസഫ് കെയുടെ  വിശ്വാസ യാത്രയുടെ വഴികള്‍

ഒരാള്‍ എത്ര വൈകി ദൈവത്തിലേക്ക് മടങ്ങിവരുന്നുവോ ആ മടങ്ങിവരവ് അത്രമാത്രം തീക്ഷണവും തീവ്രവുമായിരിക്കും. അത്തരമൊരു തീക്ഷണയാത്രകളുടെ സങ്കീര്‍ത്തനങ്ങളാണ് ഇപ്പോള്‍ ജോര്‍ജ് ജോസഫ് കെ യില്‍ നിറയുന്നത്.അതെ, ദൈവനിഷേധത്തിന്റെ ഒരുപാട് കഥകളെഴുതിയ സാഹിത്യകാരനായ ജോര്‍ജ് ജോസഫ് കെ. തന്നെ.

കറുത്ത പുറംചട്ടയുള്ള ബൈബിള്‍ മാറോട് ചേര്‍ത്ത് അദ്ദേഹം നിറകണ്ണുകളോടെ പറയുന്നു. ” എന്റെ നെഞ്ചിലെ ജീവശ്വാസമാണ് ബൈബിള്‍, ക്രിസ്തു എന്റെ ലൈഫ് ബെല്‍റ്റും ”
എത്ര വൈകിയാണ് ദൈവമേ ഏതൊരുവനും നിന്നിലേക്കെത്തുന്നതും നിന്നെ അറിയുന്നതും. അല്ലെങ്കില്‍ ദൈവത്തിന്റെ വഴികള്‍ ആരറിയുന്നു? ഒരുവനെ തന്റെ വഴികളിലൂടെ നടത്തിക്കൊണ്ടുപോകാന്‍ അവിടുന്ന് അവന്റെ വഴികളില്‍ ഏതൊക്കെയോ ചില അടയാളങ്ങള്‍ സൂക്ഷിക്കാറുണ്ടല്ലോ. വൈകി മാത്രം അത് കണ്ടെത്തുന്നവനാകട്ടെ അതൊരിക്കലും നഷ്ടപ്പെടുത്തുകയുമില്ല.

ഫ്‌ളാഷ് ബാക്ക്

തുടലഴിഞ്ഞ് പോയ നായ് കണക്കെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന ഒരു കാലമുണ്ടായിരു്ന്നു ജോര്‍ജ് ജോസഫിന്. എറണാകുളത്തിന്റെ തെരുവില്‍, കെട്ടിടത്തൊഴിലാളികള്‍ക്കിടയില്‍, കൊച്ചിന്‍ കോര്‍പ്പറേഷന്റെ എച്ചില്‍ക്കൂനയില്‍, ചെരിപ്പുകടയില്‍, സൈക്കിള്‍ കടയില്‍, ബ്ലേഡ് കമ്പനിയില്‍, …വിവിധ വേഷപ്പകര്‍ച്ചകളിലൂടെ കടന്നുപോകേണ്ട ജീവിതനാടകമായിരുന്നു അന്ന് ജോര്‍ജ് ജോസഫിന് ആടാനുണ്ടായിരുന്നത്. അതിലൊക്കെ വിജയിച്ചോ എന്നറിയില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്… അവിടെനിന്ന് പിന്നെയും വേറൊന്നിലേക്ക്… ചുവടുറയ്ക്കാത്ത ചുറ്റോട്ടങ്ങള്‍… കൂട്ടിനുണ്ടായിരുന്നത് ഏകാന്തതയും ദാരിദ്രവും.

അനുഭവങ്ങളുടെ വന്‍കരകളിലൂടെയായിരുന്നു അന്ന് ജോര്‍ജ് ജോസഫിന്റെ സഞ്ചാരം. ജീവിതം അര്‍ത്ഥരഹിതവും ഭാവി ശൂന്യതയുമായി അനുഭവപ്പെട്ട അന്ധകാരാവൃതമായ കാലം. അപ്പനും അമ്മയും മരിച്ചു. അമ്മയെപ്പോലെ വളര്‍ത്തി വലുതാക്കിവന്നിരുന്ന അമ്മായിയും മരിച്ചു.
(മുറുക്ക് ശീലമുണ്ടായിരുന്ന അമ്മായിക്ക് വെറ്റില തൊറുത്ത് കൊടുത്തിരുന്നത് കുട്ടിയായിരുന്ന ജോര്‍ജ് ജോസഫായിരുന്നു. വെറ്റിലമുറുക്കി കൊണ്ടിരിക്കുന്നതിനിടയില്‍ അമ്മായിവീണു മരിച്ചപ്പോള്‍ വെറ്റിലപാമ്പിനെക്കുറിച്ച് കേട്ടറിവുണ്ടായിരുന്ന അന്നത്തെ കുട്ടിയെ, കുറ്റബോധം ഏറെനാള്‍ വേട്ടയാടിയിരുന്നു. തന്റെ അശ്രദ്ധ 2കാരണമാണോ അമ്മായി മരിച്ചതെന്ന അകാരണമായ കുറ്റബോധം. പിന്നെ വളര്‍ന്നുവലുതാകുകയും മലയാള ചെറുകഥയുടെ രാജവീഥിയില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തുകയും ചെയ്ത അന്നത്തെ കുട്ടി ആ അമ്മായിയെക്കുറിച്ച് ഒരു കഥയെഴുതി. വെള്ളമ്മായി )

തങ്കച്ചിയെന്ന പെങ്ങള്‍ വിവാഹിതയായി പടിയിറങ്ങുക കൂടി ചെയ്തപ്പോള്‍ ജോസഫിന്റെ ഏകാന്തത പൂര്‍ണ്ണമായി. ചേട്ടന്മാരെല്ലാം അതിനുമുമ്പേ തന്നെ സ്വന്തമായ ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളിലേക്കിറങ്ങിയിരുന്നു. ഒറ്റയ്‌ക്കൊരു വീട്ടില്‍ വെച്ചുണ്ടും കിടന്നുറങ്ങിയും എത്രയോ നാളുകള്‍.

അത്തരമൊരു ദിവസത്തിന്റെ ഉന്മത്തതയില്‍ ആരും ചെയ്യാത്ത ഒരു പണി ജോസഫ് ചെയ്തു. അയാള്‍ താന്‍ ജനിച്ചുവളര്‍ന്ന വീടിന് പുതിയൊരു പേരിട്ടു. അതുമാത്രമല്ല, ആ പേര് നാലാളറിയുന്നതിനായി പരസ്യപ്പെടുത്തുകയും ചെയ്തു, വീടിന് മുമ്പില്‍ ഒരു ബോര്‍ഡ് തൂക്കിയതിലൂടെ… നരകം. അതായിരുന്നു വീടിന്റെ പുതിയ പേര്

അന്യന്‍ നരകമാണെന്ന സാര്‍ത്രിയന്‍ സിദ്ധാന്തത്തിന്റെ അനുപൂരണമായിരുന്നു ആ ചെയ്തി. പിന്നെയും ചെയ്തത് പോരാഞ്ഞിട്ട് ഒരു നാള്‍ സ്വജീവിതം നശിപ്പിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. പക്ഷേ ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത് .

പിന്നെയും ഒരിക്കല്‍ക്കൂടി അയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ അവിടെയും ദൈവം ജോസഫിന്റെ ജീവിതത്തെ തനിക്കായി ബാക്കി നിര്‍ത്തിയിരുന്നു. ഇങ്ങനെ മരണവും അതിന്റെ ഭിന്നമുഖങ്ങളും ജീവിതത്തിന്റെ നേര്‍വഴികളില്‍ വച്ച് ജോസഫിന്റെ ജീവിതവുമായി പലവട്ടം സന്ധിച്ചതുകൊണ്ടാവാം ഈ കഥാകൃത്തിന്റെ രചനകളിലെല്ലാം മരണം തോരാതെ പെയ്യുന്ന ഒരു മഴയായത്. മരണത്തിന്റെ ആന്തോളജിയെന്നാണ് തന്റെ ആദ്യ ചെറുകഥാസമാഹാരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. തന്നെയാവട്ടെ, മരണത്തിന്റെ ഫ്രെയിമില്‍പ്പെട്ടുപോയ വ്യക്തിയെന്നും.

ജീവിതത്തിന്റെ ദാരുണവും ഭീഷണവുമായ ഇത്തരം മുഖസന്ധികളിലൂടെ സഞ്ചരിക്കുമ്പോഴും ജോര്‍ജ് ജോസഫില്‍ കഥകളുടെ സമൃദ്ധിയുണ്ടായിരുന്നു.. ദൈവം സൗജന്യമായി നിക്ഷേപിച്ച താലന്ത്. എന്നാലക്കാലത്ത് ദൈവം പ്രത്യേകമായി കനിഞ്ഞുനല്കിയ ദാനങ്ങളെക്കുറിച്ചോ അവ ദൈവത്തിന് വേണ്ടി വിനിയോഗിക്കേണ്ടതിനെക്കുറിച്ചോ ജോസഫ് ബോധവാനായിരുന്നില്ല. മാത്രവുമല്ല, കഥകളിലൂടെ ദൈവനിന്ദ നടത്തി ദൈവദൂഷകനാകാനും അങ്ങനെ കൈയടി നേടാനുമായിരുന്നു ജോര്‍ജ് ജോസഫ് കെ ശ്രമിച്ചിരുന്നത്. പേരിലെ ക്രിസ്ത്യാനിത്വം അതിനേറെ അനുകൂലവുമായി.

ബൈബിള്‍ ഭാഷ സാഹിത്യത്തില്‍ പുതിയൊരു ട്രെന്‍ഡായി ഉപയോഗിച്ചിരുന്ന കാലം കൂടിയായിരുന്നുവത്. സി. വിബാലകൃഷ്ണനും ടി.വി കൊച്ചുവാവയും സക്കറിയായുമൊക്കെ ബൈബിള്‍ ഭാഷ കൊണ്ട് പുതിയൊരു സൗന്ദര്യശാസ്ത്രം തന്നെ രചിച്ചപ്പോള്‍ അതേ തലമുറയില്‍പ്പെടുന്ന ജോര്‍ജ് ജോസഫ് ആ ശൈലിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് സ്വഭാവികം .
അങ്ങനെ എണ്‍പതുകളുടെ തുടക്കത്തില്‍ അദ്ദേഹം ഒരു കഥയെഴുതി- വാമഭാഗം. ക്രിസ്തുവിനെ കളിയാക്കിക്കൊണ്ടുള്ള കഥയായിരുന്നുവത്. ക്രിസ്തുവിനെ പരിഹസിച്ചെഴുതിയാല്‍ ക്രിസ്തു എന്നെ എന്തുചെയ്യും എന്നായിരുന്നു അഹങ്കാരത്തോടെയുള്ള ഉള്ളിരിപ്പ്, ക്രിസ്ത്യന്‍ സമുദായത്തെ തന്റെ വിമര്‍ശനങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മറ്റ് സമുദായത്തെ കുറ്റപ്പെടുത്തിയെഴുതാന്‍ ഭയം.
വാമഭാഗത്തിന് കിട്ടിയ കൈയടി തുടര്‍ന്നും അത്തരം കഥകളെഴുതാന്‍ ഈ കഥാകാരനെ പ്രേരിപ്പിച്ചു. തുടര്‍ന്ന് അത്തരം കഥകളുടെ തുടര്‍ച്ച തന്നെ ജോര്‍ജ് ജോസഫിന്റെ ജീവിതത്തില്‍ അരങ്ങേറി.

ഇതിനിടയിലായിരുന്നു വിവാഹം. ആദ്യ കുട്ടിയുടെ ജനനം. തറവാട്ട് വക സ്വത്തിന്റെ തര്‍ക്കം. സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പ്, സ്വരച്ചേര്‍ച്ചയില്ലായ്മ… തുടങ്ങഇയവ.
50 സെന്റ് സ്ഥലത്തിന്റെ വീതം വയ്പ്പിനെച്ചൊല്ലിയുള്ള കശപിശകള്‍ക്കിടിയല്‍ തൊട്ടയല്‍വക്കത്ത് ജീവിക്കുന്ന സ്വന്തം സഹോദരനുമായി ജോര്‍ജ് ജോസഫ് മിണ്ടാതിരുന്നത് 13 വര്‍ഷമാണ്.

ഭാര്യയും മകനും ചേര്‍ന്ന് തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പിന്നീട് ഇദ്ദേഹം ഇങ്ങനെ എഴുതി:….” എനിക്കാ കാലത്ത് ജീവിതമേ മടുത്തുതുടങ്ങിയിരുന്നു. പക്ഷേ എന്റെ മൃഗസ്വഭാവമൊക്കെ മാറിയിരുന്നു. എന്റെ മോനും ലൗലിയും കൂടെ എന്നെ സ്‌നേഹിച്ചു മാറ്റിയെടുക്കുകയായിരുന്നു. ഒപ്പം എന്നില്‍ നിറയുന്ന ആത്മീയതയായിരുന്നു എന്റെ ബാലന്‍സ് നിലനിര്‍ത്തിയത്….”

ജീവിത പ്രാരാബ്ധങ്ങള്‍ നിര്‍ബന്ധിത കഥയെഴുത്തിന് പ്രേരിപ്പിച്ചപ്പോഴും അതിന്റെ പിന്നിലെ സ്‌നേഹസാന്നിധ്യമായും ഈ മകന്‍ പലപ്പോഴും മാറിയിട്ടുണ്ട്. മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി എഴുതിയ കഥയ്ക്ക് പിന്നിലെ കഥയെക്കുറിച്ച്: ” ഞാന്‍ കടലിരമ്പം എഴുതി അവസാനിപ്പിച്ച് കഥ നിര്‍ത്തിയ ഇടത്ത് ഒരു വര വരച്ചപ്പോള്‍ താഴെ തിണ്ണയില്‍ ഉറക്കക്ഷീണം കൊണ്ട് അറിയാതെ വളഞ്ഞുകൂടി ഉറങ്ങിപ്പോയ അപ്പു കുറ്റബോധത്താല്‍ ചാടി ഉണര്‍ന്നു. ഞാന്‍ കഥയ്ക്ക് കീഴെ വരച്ചിരിക്കുന്ന വര കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ടു തിളങ്ങി. അവന്‍ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നുകൊണ്ട് പറഞ്ഞു: ” എന്റെ ഈശോപ്പച്ചാ, അപ്പ കത എഴുതീല്ലോ..”
ഇങ്ങനെ ദൈവത്തെ നിഷേധിച്ചും ദൈവത്തെ നിന്ദിച്ചും ജോര്‍ജ് ജോസഫ് കെ എന്ന എഴുത്തുകാരന്‍ ഭൂമിയില്‍ ജീവിച്ചത് 36 വര്‍ഷമാണ്. പിന്നീട് കാലം മാറി, കഥയും. ഇന്ന് ജോര്‍ജ് ജോസഫ് കെ പറയുന്നു:” ജോര്‍ജ് ജോസഫ് കെ എന്നൊരു എഴുത്തുകാരന്‍ ഇപ്പോഴും ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണ ഒന്നു കൊണ്ട് മാത്രമാണ്. അയാളെ ഇപ്പോഴും ദൈവശക്തിയാര്‍ന്ന കൈ മുന്നോട്ട് നയിക്കുന്നു. ”

പ്രകാശത്തിലേക്ക്

ജോര്‍ജ് ജോസഫ് കെ തന്റെ വി.ഗ്രന്ഥത്തിന്റെ ആദ്യ താളുകളില്‍ സുന്ദരമായ കൈപ്പടയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 1990 ജൂണ്‍ 6 ഞാന്‍ ക്രിസ്തുവിനെ അറിഞ്ഞ ദിവസം. സാധാരണയായി നമ്മുടെ പരിചയത്തിലുള്ള അത്ഭുത രോഗശാന്തിിയോ ധ്യാനാനുഭവം വഴിയോ ഒന്നുമായിരുന്നില്ല ഇദ്ദേഹം ദൈവാനുഭവത്തിലേക്ക് വന്നത്.

പതിവ് പോലെ സകുടുംബമൊത്തുള്ള ഒരു സായാഹ്ന സവാരി. സുഭാഷ് പാര്‍ക്കിലേക്കോ മറൈന്‍ ഡ്രൈവിലേക്കോ അത്തരം യാത്രകള്‍ പതിവാണ്. ആ പതിവില്‍ ഒരസാധാരണത്വം തന്റെ വഴികളിലേക്ക് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുന്നതിന് ദൈവം കരുതിവച്ചിരുന്നു.
എവിടെനിന്നോ ഒഴുകിയെത്തിയ ഒരു വചനധാര. പക്ഷേ ഇദ്ദേഹം കരുതിയത് ഏതോ പുസ്തകമേളയില്‍ നിന്നാണ് അത് വരുന്നതെന്നതാണ്. അതുകൊണ്ട് ആ വഴിക്ക് നടന്നു. എത്തിയപ്പോള്‍ അവിടെ ഏതോ സഭയുടെ ആഭിമുഖ്യത്തിലുള്ള വചനപ്രഘോഷണമാണ്.
അത് ഒരു വല്ലാത്ത നിമിഷം തന്നെയായിരുന്നു. ഇന്നലെ വരെ കേള്‍ക്കാതിരുന്ന കാര്യങ്ങള്‍..കേള്‍ക്കാന്‍ മനസ്സ് വയ്ക്കാതിരുന്ന കാര്യങ്ങള്‍.. അതൊക്കെയാണ് സ്റ്റേജില്‍ നിന്ന് അദ്ദേഹം പ്രസംഗിക്കുന്നത്. തിരിച്ച് വീട്ടിലെത്തിയ അദ്ദേഹം ചെയ്തത് ,പ്രസംഗകന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വി.ഗ്രന്ഥത്തിലുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. പൊള്ളുന്ന യാഥാര്‍ത്ഥ്യമായി ജോര്‍ജ് ജോസഫ് അറിഞ്ഞു, ഉവ്വ്, എല്ലാം ബൈബിളിലുണ്ട്. ബൈബിളിലേക്കുള്ള തീര്‍ത്ഥയാത്രയുടെ ആരംഭമായിരുന്നു അത്. ബൈബിള്‍ ആഴത്തില്‍ പഠിക്കാനുള്ള ശ്രമത്തിന്റെ തുടക്കവും.

അറിവിനും വിനോദത്തിനുമായി ഇതിനകം എത്രയോ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നു. എന്നാല്‍ ഒരു പുസ്തകവും ഇത്രമാത്രം തന്നെ സ്വാധീനിച്ചിട്ടില്ല; ബൈബിളൊഴികെ. പ്രകാശത്തിലേക്ക് വന്ന 15 വര്‍ഷത്തിനുള്ളില്‍ ഇദ്ദേഹം വായിച്ചു തീര്‍ത്ത ബൈബിളിന്റെ ആവര്‍ത്തി ഇദ്ദേഹത്തിന് തന്നെ നിശ്ചയമില്ല.

ആദ്യമായി വചനം തന്നെ സ്പര്‍ശിച്ച നാള്‍ മുതല്‍ വചനപ്രസംഗം കേള്‍ക്കാന്‍ ഇദ്ദേഹം യാത്ര തുടങ്ങി. ആദ്യം ഒറ്റയ്ക്കായിരുന്നു. പിന്നെയുള്ള അത്തരം യാത്രകളില്‍ ഭാര്യ ലൗലിയും സഹയാത്രികയായി. നരകം എന്ന് ഒരുകാലത്ത് നാമകരണം ചെയ്യപ്പെട്ടിരുന്ന ഭവനം സ്വര്‍ഗ്ഗമായി പരിണമിക്കുകയായിരുന്നു. അപ്പനും അമ്മയും മക്കളും ഒരേ മനസ്സോടെ ദൈവത്തെ സ്തുതിച്ചുതുടങ്ങുകയായിരുന്നു.

അധരക്രിസ്ത്യാനികളായി ജീവിക്കുകയും അങ്ങനെ തന്നെ മരിക്കുകയും ചെയ്ത തന്റെ ബന്ധുമിത്രാദികളോട് ഇപ്പോള്‍ ഇദ്ദേഹത്തിന് സങ്കടമുണ്ട്. അവരാരും വചനം അറിയുകയോ അതനുസരിച്ച് ജീവിക്കുകയോ ചെയ്യാതെയാണല്ലോ മരിച്ചുപോയതെന്നതാണ് ആ സങ്കടം..
തിരുവചനം അറിയാത്തതുകൊണ്ടാണ് നമ്മള്‍ തെറ്റുചെയ്യുന്നത്. അതുകൊണ്ട് നമ്മള്‍ വചനം പഠിക്കണം. ബാക്ക് റ്റു ബൈബിള്‍ ” ഇദ്ദേഹം ആഹ്വാനം ചെയ്യുന്നു.

വി.ഗ്രന്ഥമാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാനം. അതനുസരിച്ചുള്ള ഒരു ജീവിതമാണ് ഞാന്‍ നയിക്കുന്നത്.” ഭൗതിക നേട്ടങ്ങള്‍ക്കും പ്രശ്‌നപരിഹാരത്തിനും രോഗശാന്തിയ്ക്കുമായിട്ടാണ് പലരും ധ്യാനകേന്ദ്രങ്ങളിലേക്ക് ഓടിപ്പോകുന്നത്. അല്ലാതെ സത്യദൈവത്തെ അറിയുവാനോ അവിടുത്തെ ആരാധിക്കുവാനോ അല്ല. വചനത്തിന് മാത്രമേ നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുവാന്‍ കഴിയൂ. എല്ലാവരും ഗലാത്തി:5;10-19 വായിക്കുകയോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയോ ചെയ്തിരുന്നെങ്കില്‍ …” ജോര്‍ജ് ജോസഫ് ആഗ്രഹിക്കുന്നു.

ഞായറാഴ്ചകളെ വിശുദ്ധമായി ആചരിക്കണമെന്ന നിര്‍ബന്ധം തന്നെ ഇദ്ദേഹത്തിനുണ്ട്. ഞായറാഴ്ചകളില്‍ ഇത്തിരി സമയം മാത്രം കുര്‍ബാനയുടെ പേരില്‍ നീക്കിവയ്ക്കുകയും പിന്നെ ജീവിതത്തിന്റെ വ്യഗ്രതകളിലേക്ക് കുതിച്ചുപായുകയും ചെയ്യുന്ന പരമ്പരാഗത ക്രിസ്ത്യാനികളോട് ഇദ്ദേഹത്തിന് തീര്‍ത്തും മതിപ്പില്ല. ഞായറാഴ്ചകളെ വിശുദ്ധമാക്കണമെന്ന നിര്‍ബന്ധത്താല്‍ അടുത്ത ബന്ധുക്കളുടെ പോലും ജീവിതത്തിലെ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാറുമില്ല.

ഏതെങ്കിലും പള്ളിയുടെ മുമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ മാത്രം നെഞ്ചില്‍ കൈവച്ച് ഓര്‍മ്മവരുന്ന ഒരു സാന്നിധ്യമൊന്നുമല്ല ഇദ്ദേഹത്തിന് ദൈവം. ഏതുനേരവും കൂടെ വസിക്കുകയും ഓര്‍മ്മയില്‍ അണയാതെ സൂക്ഷിക്കുകയും ചെയ്യുന്ന നിതാന്ത സാന്നിധ്യം തന്നെ ഇദ്ദേഹത്തിന് ദൈവം. ഈ മനോഹരഭൂമിയില്‍ ജന്മം തന്നതിനും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് അതിന്റേ പേരില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും നമ്മളില്‍ എത്രപേര്‍ക്ക് കഴിയുന്നുണ്ട്? നമ്മള്‍ എത്രപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്? ജോര്‍ജ് ജോസഫ് കെ. ചോദിക്കുന്നു

സ്വന്തം ദൈവത്തെ മഹത്വപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഈ മനുഷ്യന്‍ എന്തൊക്കെയോ ചില തിരുത്തലുകള്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്, തീര്‍ച്ച.

വിനായക്

 

You must be logged in to post a comment Login