ബൈബിള്‍ മെഗാ ഷോ ‘എന്റെ രക്ഷകന്‍’ ഇന്ന് മുതല്‍

ബൈബിള്‍ മെഗാ ഷോ ‘എന്റെ രക്ഷകന്‍’ ഇന്ന് മുതല്‍

അങ്കമാലി: ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന ബൈബിള്‍ മെഗാ ഷോ ‘എന്റെ രക്ഷകന്‍’ ഇന്ന് അങ്കമാലിയിൽ ആരംഭിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്ററല്‍ സെന്ററാണു വേദിയൊരുക്കുന്നത്. രാത്രി 9.30നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മെഗാഷോ ഉദ്ഘാടനം ചെയ്യും.

പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്ക്ക് മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന സ്റ്റേജ് മെഗാഷോയുടെ പ്രത്യേകതയാണ്. ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള സെറ്റുകള്‍ കാണികള്‍ക്ക് അത്ഭുതക്കാഴ്ചകള്‍ സമ്മാനിക്കും. 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയെ വ്യത്യസ്തമാക്കും.

തിരുപ്പിറവി, ഹേറോദേസിന്റെ രാജകൊട്ടാര രംഗങ്ങള്‍, പിശാചിന്റെ പ്രലോഭനം, യേശുവിന്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, കുരിശു വഹിച്ചുകൊണ്ടു കാല്‍വരിയിലേക്കുള്ള യാത്ര, കുരിശുമരണം, പുനരുത്ഥാനം എന്നിവയുടെ ബൃഹത്തായ വേദിയിലുള്ള അവതരണം വേറിട്ടതാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിച്ച സെറ്റില്‍ നിമിഷങ്ങള്‍ക്കകം മാറിമറയുന്ന ദൃശ്യങ്ങളും, ശബ്ദ, വെളിച്ച വിന്യാസങ്ങളും കേരളത്തിന് അപൂര്‍വക്കാഴ്ചയാണ്.

മെഗാഷോയുടെ പ്രവേശന പാസുകൾ സുബോധനയിലും സെന്‍റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ട ിലെ കൗണ്ടറിലും ലഭിക്കുമെന്നു ഡയറക്ടർ ഫാ. ഷിനു ഉതുപ്പാൻ അറിയിച്ചു.

You must be logged in to post a comment Login