ബിഷപ് ജെറോമിന്‍റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി

ബിഷപ് ജെറോമിന്‍റെ നാമകരണ നടപടികള്‍ക്ക് തുടക്കമായി

കൊല്ലം: കൊല്ലം രൂപതയുടെ വികാസത്തിനും ക്രൈസ്തവ വിശ്വാസ വളർച്ചക്കുമായി അക്ഷീണം പ്രയത്നിച്ച ബിഷപ് ജെറോം ഫെർണാണ്ടസ് തുപ്പാശേരിയുടെ നാമകരണ നടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം.ബിഷപ് ജെറോം ഫെർണാണ്ടസ് തുപ്പാശേരിയുടെ ജന്മദിനമായ ഇന്നലെ കൊല്ലം രൂപത അദ്ദേഹത്തെ ദൈവദാസപദവിയിലേക്കുയർത്താൻ തൂയം വേളാങ്കണ്ണി മാതാവിന്റെ തീർഥാലയത്തിൽ നടത്തിയ നാമകരണത്തിന് മുന്നോടിയായുള്ള ആദ്യ ഔദ്യോഗിക പരിപാടി  നടന്നു.

കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ ചടങ്ങില്‍ പങ്കെടുത്തു. വളരെ നാളുകളായി ഭക്‌ത സമുദായ സംഘടനകളും വിശ്വാസി സമൂഹവും അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്കായി ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തുവരികയായിരുന്നു. അതിന്റെ തുടർച്ചയായി ഔദ്യോഗികമായി നാമകരണ പ്രക്രിയ തുടങ്ങുന്നതിന്റെ ആദ്യപടിയായിരുന്നു ചടങ്ങ്.

ബിഷപ് ജെറോമിന്റെ ഭൗതിക ശരീരം സംസ്കരിച്ചിരിക്കുന്ന തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ഇടവക വികാരി ഫാ. ജോസഫ് ജോൺ ദൈവജനത്തിന്റെ ഈ ആവശ്യം രേഖാമൂലം നൽകുന്നതിനായി ഔദ്യോഗിക അപേക്ഷയായി ബിഷപ് ഡോ. സ്റ്റാൻലി റോമന് സമർപ്പിച്ചു.

ജെറോം പിതാവിന്റെ ചരിത്രം, രേഖകൾ, അനുഗ്രഹങ്ങൾ , അനുഭവസാക്ഷ്യങ്ങൾ തുടങ്ങി ഔദ്യോഗിക നാമകരണ നടപടികൾക്കാവശ്യമായവയെക്കുറിച്ചു പഠിച്ചു കാനോൻ നിയമപ്രകാരം തുടർ നടപടികളിലേക്കു പോകുവാൻ ഉള്ള പോസ്റ്റലേറ്ററായി രൂപത എപ്പിസ്കോപ്പൽ വികാരി റവ. ഡോ. ബൈജു ജൂലിയാനെ ബിഷപ് ഡോ. സ്റ്റാൻലി റോമൻ നിയമിച്ചു.

കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപായി നാല്പത്തിയൊന്നുവർഷം കൊല്ലം പുനലൂർ മേഖലയുടെ സമഗ്രവികസനത്തിനും ക്രൈസ്തവ വിശ്വാസ വളർച്ചക്കുമായി ത്യാഗോജ്വലമായ ജീവിതമാണ് ബിഷപ് ജെറോം കാഴ്ചവെച്ചത്.

You must be logged in to post a comment Login