ഹൊസൂര്‍ രൂപത മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ മാധ്യസ്ഥശക്തിയുടെ ആദ്യ അടയാളമോ?

ഹൊസൂര്‍ രൂപത മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ മാധ്യസ്ഥശക്തിയുടെ ആദ്യ അടയാളമോ?

ചെന്നെ കേന്ദ്രീകരിച്ചുള്ള ഹൊസൂര്‍ രൂപതയുടെ പ്രഖ്യാപന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്നുവന്നത് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ദിവംഗതനായ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിനെയായിരുന്നു. ഓ പഴയാറ്റില്‍ പിതാവിന്റെ പ്രാര്‍ത്ഥന കേട്ടുവല്ലോ എന്നായിരുന്നു ആദ്യ പ്രതികരണവും. അങ്ങനെ എനിക്ക് തോന്നിയതിന് കാരണം ജെയിംസ് പിതാവിന്റെ ജീവചരിത്രരചനയുമായി ബന്ധപ്പെട്ട് ചെലവഴിച്ച ദിവസങ്ങളില്‍ അദ്ദേഹം പങ്കുവച്ച ചില കാര്യങ്ങളായിരുന്നു.

തിരുഹിതം പോലെ എന്ന പേരില്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പ്രഥമ ജീവചരിത്രത്തില്‍ അക്കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗ്രന്ഥത്തിലെ ആ അധ്യായം ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. അത് ചെന്നൈ മിഷനില്‍ നിന്ന് ഹൊസൂര്‍ രൂപതയിലേക്കുള്ള വളര്‍ച്ചയെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ്.

പുതിയ രൂപതയെ കെട്ടിപ്പടുക്കുവാന്‍ പാടുപെടുമ്പോള്‍ തന്നെയാണ് ബിഷപ് ജെയിംസ ്പഴയാറ്റിലിന് ചെന്നൈ മിഷന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ക്ഷണം ലഭിച്ചത്. ദൈവം നിയോഗിക്കുന്ന ഒരു കടമയോടും നോ എന്ന് പറയാന്‍ ഇതുവരെയുള്ള അനുഭവങ്ങള്‍ അദ്ദേഹത്തെ പ്രേരിപ്പിക്കാത്തതുകൊണ്ട് ചെന്നൈ മിഷന്‍ എന്ന കടമയോടും ബിഷപ് നോ പറഞ്ഞില്ല. അതുകൊണ്ട് സന്തോഷത്തോടെയാണ് ചെന്നൈ മിഷന്‍ ദൗത്യം ഇരിങ്ങാലക്കുട രൂപതയുടെപേരില്‍ അദ്ദേഹം ഏറ്റെടുത്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജീവിതായോധനത്തിനായി ചേക്കേറിയിരിക്കുന്ന സീറോ മലബാര്‍സഭാംഗങ്ങള്‍ മാതൃസഭയോട് ചേര്‍ന്നുജീവിക്കണമെന്നും അവരുടെ അജപാലനാവശ്യങ്ങള്‍ സ്വന്തം സഭാ പൈതൃകമനുസരിച്ച് നടത്തണമെന്നും ആഗ്രഹിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തിന് വെളിയില്‍ രൂപം കൊണ്ടിരിക്കുന്ന സീറോ മലബാര്‍ രൂപതകളും ഛാന്ദാ, ചെന്നൈ പോലെയുള്ളമിഷനുകളും.

ഛാന്ദാ പിന്നീട് രൂപതയായി ഉയര്‍ത്തപ്പെട്ടുവെങ്കിലും ചെന്നൈ മിഷന് ആ പദവി കൈവരിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ചെന്നൈ മിഷന്റെ ഉത്ഭവം 1978 മുതല്‍ ആരംഭിക്കുന്നു. കേരളത്തിന് വെളിയിലുളള സീറോ മലബാര്‍ സഭാംഗങ്ങളുടെ ആവശ്യങ്ങള്‍ അറിയാനും അവരെ കേള്‍ക്കാനും പിന്നീട് അതിന്റെ വെളിച്ചത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി മാര്‍ ആന്റണി പടിയറ മെത്രാപ്പോലീത്ത അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെടുന്നതില്‍ തുടങ്ങുന്നു ആ ചരിത്രം.

സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് കേരള ത്തിന് വെളിയില്‍ സ്വന്തം റീത്തില്‍ അജപാലനാവ ശ്യം നിറവേറ്റിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ആ പഠനം വിരല്‍ ചൂണ്ടിയത്. അതനുസരിച്ച് 1983 ല്‍ സമ്മേളിച്ച സീറോ മലബാര്‍ ബിഷപസ് കോണ്‍ഫ്രന്‍സ് വത്തിക്കാന്റെനിര്‍ദ്ദേശ പ്രകാരം ചെന്നൈയില്‍ താമസിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇരിങ്ങാലക്കുട രൂപതയെ നിയോഗിക്കുകയായിരുന്നു. മദ്രാസ്- മൈലപ്പൂര്‍ ആര്‍ച്ച് ബിഷപ് റവ അരുളപ്പയും ബിഷപ് ജെയിംസ് പഴയാറ്റിലും ഒപ്പുവച്ച സംയുക്ത ധാരണയനുസരിച്ച് 1983 ഡിസംബര്‍ 14 ന് ചെന്നൈ മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയായിരുന്നു.

ചെന്നൈ മിഷന്‍ ഇരിങ്ങാലക്കുട രൂപതയെ ഏല്പിക്കാന്‍ ഇങ്ങനെയും ചില കാരണങ്ങളുണ്ടെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. മാര്‍ത്തോമ്മാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ ധന്യമായ കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്നത് ഇരിങ്ങാലക്കുട രൂപതയിലാണ്. തോമാശ്ലീഹാ രക്തസാക്ഷിത്വം ചൂടിയത് മൈലാപ്പൂര്‍ വച്ചായിരുന്നുവല്ലോ. അപ്പോള്‍ തോമ്മാശ്ലീഹായുടെ ജീവിതവും മരണവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു ഭൂപ്രദേശങ്ങളെ വലിയൊരു ദൗത്യത്തിന് വേണ്ടി പരസ്പരം ഏല്പിച്ചുകൊടക്കുന്നതിന്റെയും അതേറ്റെടുത്ത് നിര്‍വഹിക്കുന്നതിന്റെയും സൗന്ദര്യം വലുതാണ്. ചെന്നൈ മിഷന്റെ ഉത്തരവാദിത്തം ഇരിങ്ങാലക്കുട രൂപതയെ ഏല്പിക്കുന്നതിന് ഇതും ഒരു കാരണമായിട്ടുണ്ടാവാം.

ചെന്നൈ മിഷന്‍ സീറോ മലബാര്‍ സഭാംഗങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുകായായിരുന്നു. അകലങ്ങളിലാണെങ്കിലും സ്വന്തം ഭാഷയില്‍ കുമ്പസാരിക്കാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും കഴിഞ്ഞത് അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. സീറോ മലബാര്‍ സഭാ വൈദികരുടെ സേവനം എല്ലാവര്‍ക്കും കൂടുതല്‍ ആവശ്യമായി വരികയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുകയും ചെയ്ത സാഹചര്യത്തിലാണ് സ്വന്തമായി ഒരു സ്ഥലം വാങ്ങേണ്ടതിനെക്കുറിച്ച് ആലോചനയുണ്ടായത്. അതിന്‍ഫലമായിട്ടായിരുന്നു അയനാവരത്ത് 1985 സെപ്തംബര്‍ 19 ന് 33 സെന്റ് സ്ഥലം വാങ്ങിയത്.

തുടര്‍ന്ന് 1986 ജൂലൈ 27 ന് ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ പാസ്റ്ററല്‍ സെന്ററിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ചെന്നൈ മിഷനെ സഹായിക്കാന്‍ സന്നദ്ധരായി പല സന്യാസിനി സഭകള്‍ കടന്നുവരികയും ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയര്‍ന്നുവരികയും ചെയ്തു ആദ്യത്തെ മിഷന്‍ സദ്വാര്‍ത്തയും മാര്യേജ് ബ്യൂറോയുമെല്ലാം കാലത്തിന്റെ മാറ്റം അനുസരിച്ചുള്ളഇടപെടലുകളും തീരുമാനങ്ങളുമായിരുന്നു.
ചെന്നൈയിലെ സീറോ മലബാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വലിയ ഒരു അംഗീകാരമായിരുന്നു

2008 ഡിസംബര്‍ 21 ന് സഭയ്ക്ക് 10 വ്യക്തിഗത ഇടവകകള്‍ നല്കിക്കൊണ്ടുളള അതിരൂപത മെത്രാപ്പോലീത്ത ഡോ എ എം ചിന്നപ്പയുടെ പ്രഖ്യാപനം. അതുപോലെ ജൂബിലി സ്മാരകമായി പണിതീര്‍ത്ത സാന്തോം സ്‌നേഹതീരം 2009 ഏപ്രില്‍ 26 ന് വെഞ്ചരിച്ചതും ഉദ്ഘാടനം ചെയ്തതും മാര്‍ പഴയാറ്റിലായിരുന്നു.

ഇന്ന് ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് മാത്രമായി 22 വൈദികര്‍ ചെന്നൈ മിഷനില്‍ സേവനം ചെയ്യുന്നുണ്ട്.. അതിലൊരാള്‍ ഇന്നത്തെ മാര്‍ ജോയി ആലപ്പാട്ടാണ്. ചിക്കാഗോ അതിരൂപത സഹായ മെത്രാന്‍. തന്നെ ചെന്നൈയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും മിഷനറിയായി അയച്ചത് മാര്‍ പഴയാറ്റില്‍ ആയിരുന്നുവെന്ന് മാര്‍ ജോയ് ആലപ്പാട്ട് അനുസ്മരിച്ചിട്ടുണ്ട്. മിഷന്‍ ചൈതന്യം മാര്‍ പഴയാറ്റിലിന്റെ ഉളളിലെ തുടിപ്പ് തന്നെയായിരുന്നു. അമേരിക്കയിലേക്ക് പോയപ്പോഴും തന്നോട് മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍ പഴയാറ്റില്‍ തിരക്കാറുണ്ടായിരുന്നുവെന്നും മാര്‍ ജോയ് ആലപ്പാട്ട് പറഞ്ഞു.

കല്യാണ്‍ പോലെ, ചിക്കാഗോ പോലെ ചെന്നൈ മിഷന്‍ ഒരു രൂപതയായിത്തീരണം.മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു ഇത്. നടക്കാതെ പോയ സ്വപ്നങ്ങളിലൊന്ന്.
ഇഹലോകത്തോട് വിട പറയുമ്പോഴും മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഉള്ളില്‍ ആ സ്വപ്നമുണ്ടായിരുന്നു.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മാര്‍ ജെയിംസ ്പഴയാററിലിനെക്കുറിച്ച് പങ്കുവയ്ക്കുന്ന ഒരു ഓര്‍മ്മ അതിന് അടിവരയിടുന്നുണ്ട്. മാര്‍ തട്ടിലിന്റെ വാക്കുകള്‍:

2016 ജൂണ്‍ 7ന് പിഒസിയില്‍ കെസിബിസി മീറ്റിംങില്‍ ഞാന്‍ സംബന്ധിക്കാന്‍ ചെന്നപ്പോള്‍ പഴയാറ്റില്‍ പിതാവ് വളരെ വാത്സല്യത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു.പോക്കറ്റില്‍നിന്ന് ഒരുകൊച്ചുകവര്‍ എന്റെകൈയില്‍ തന്നിട്ട് പറഞ്ഞു,തട്ടില്‍ പിതാവിന്റെ കത്തുകിട്ടി.പിതാവിന്റെ മിഷന് വലിയ സാമ്പത്തിക ഭാരമുണ്ടെന്നും എനിക്കറിയാം.ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട ്.ചെന്നൈ മിഷന്‍ ഒരു രൂപതയായികാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. സാധിക്കുമോ എന്നറിയില്ല.പിതാവിന്റെ പരിശ്രമങ്ങള്‍ വിജയിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഈ കവറിനുള്ളില്‍ എന്റെ ഒരു കൊച്ചുസമ്മാനമുണ്ട്.പ ിതാവിന്റെ ആവശ്യത്തിന് അതുപോരായെന്ന് എനിക്കറിയാം. പക്ഷേ എന്റെ സഹകരണം പിതാവിനുണ്ട്.

കവര്‍ തുറന്നപ്പോള്‍ കണ്ടത് പതിനായിരം രൂപയായിരുന്നു.അതുപോലെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് തനിക്ക് ജീവിതത്തില്‍ ഒരേ ഒരു ദു:ഖം മാത്രമേയുള്ളൂ എന്നായിരുന്നു. അതെന്താണ് എന്ന ചോദ്യത്തിന് പറഞ്ഞ മറുപടി ഇതായിരുന്നു. ചെന്നൈ രൂപത നിലവില്‍ വരാന്‍ ഞാന്‍ വളരെ ആഗ്രഹിച്ചു. വളരെയേറെ പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇന്നും അത് നടപ്പായിട്ടില്ല. അത് എന്റെ ഒരു ദുഖമാണ്. പക്ഷേ എനിക്കുറപ്പാണ്. അത് ഇന്നല്ലെങ്കില്‍നാളെ യാഥാര്‍ത്ഥ്യമാകും.

സ്വര്‍ഗ്ഗത്തിലിരുന്ന് മാര്‍ ജെയിംസ് പഴയാറ്റില്‍ ദൈവത്തോട ്പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങളില്‍ ഒരു കാര്യം തീര്‍ച്ചയായും ചെന്നൈ മിഷന്‍ ര ൂപതയായി ത്തീരണം എന്നതു തന്നെയായിരിക്കും. അങ്ങനെയെങ്കില്‍ ഭാവിയില്‍ ചെന്നൈ മിഷന്റെ മധ്യസ്ഥനും അദ്ദേഹം തന്നെയായിക്കൂടായ്കയില്ല.( തിരുഹിതം പോലെ എന്ന ജീവചരിത്രത്തില്‍ നിന്ന്)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login