വധിക്കപ്പെട്ട മെത്രാന്റെ ശവകുടീരത്തിന് നേരെയും ആക്രമണം

വധിക്കപ്പെട്ട മെത്രാന്റെ ശവകുടീരത്തിന് നേരെയും ആക്രമണം

ബാക്കോലോഡ്: കാമറൂണ്‍ ബിഷപ് ജീന്‍ മേരി ബെന്നോയിറ്റ് ബാലയുടെ ശവകുടീരത്തിന് നേരെ ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കത്തീഡ്രല്‍ പള്ളിയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്. ഇവിടെയാണ് ആക്രമണം നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ബിഷപ് ജീന്‍ മേരിയുടെ മൃതദേഹം സംങാ നദിയില്‍ കണ്ടെത്തിയത്. അമ്പത്തിയെട്ടുകാരനായ ഇദ്ദേഹത്തെ മെയ് 30 ന് വൈകുന്നേരം മുതല്ക്കാണ് കാണാതെ പോയത്. താമസസ്ഥലത്ത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ജൂണ്‍ രണ്ടിന് താമസസ്ഥലത്തിന് ഏകദേശം പത്ത് മൈല്‍ അകലെയായി അദ്ദേഹത്തിന്‌റെ കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ ആത്മഹത്യാക്കുറിപ്പ് എന്ന രീതിയില്‍ ഒരു പേപ്പര്‍ കണ്ടു. എന്നെ അന്വേഷിക്കരുത്.ഞാന്‍ വെള്ളത്തിലാണ് എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്.

പിന്നീടുള്ള അന്വേഷണത്തിലാണ് ബിഷപ്പിന്റെ മൃതദേഹം നദിയില്‍ കണ്ടെത്തിയത്. ഇത് അദ്ദേഹം ആത്മഹത്യ ചെയ്തതാണ് എന്ന സംശയമാണ് ആദ്യം ഉണ്ടാക്കിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ബിഷപ്‌സ് കൗണ്‍സില്‍ ഇദ്ദേഹത്തിന്റെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലാണ് എത്തിയത്.

എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നിട്ടുമില്ല. ബിഷപ് ജീന്‍ മേരിയുടെ മരണസാഹചര്യങ്ങള്‍ വെളിപ്പെടുത്തുന്നതിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടത്തണമെന്ന് ജൂണില്‍ മെത്രാന്‍ സമിതി അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.

ദേവാലയത്തില്‍ രക്തം വീണുകിടപ്പുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ആരാധനക്രമസംബന്ധമായ നിയമം അനുസരിച്ച് കത്തീഡ്രല്‍ താല്ക്കാലികമായി അടച്ചിട്ടു.

You must be logged in to post a comment Login