കണ്ണൂർ: തലശേരി അതിരൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മാർ ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം എട്ടിന് തലശേരി കത്തീഡ്രൽ അങ്കണത്തിൽ നടക്കും. മെത്രാഭിഷേക കർമങ്ങൾക്ക് തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരാകും.
രാവിലെ ഒമ്പതിന് നിയുക്തസഹായമെത്രാനും വിശിഷ്ടാതിഥികൾക്കും സ്വീകരണം. 9.15ന് സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ നിന്ന് പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് പ്രദക്ഷിണം. തുടർന്ന് നടക്കുന്ന ചടങ്ങിൽ തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് സ്വാഗതം പറയും. മോൺ. ഡോ. ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിയമനപത്രം അതിരൂപത ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. അലക്സ് താരാമംഗലം മെത്രാഭിഷേക കർമങ്ങളുടെ ആർച്ച് ഡീക്കനാകും. തുടർന്ന് ആഘോഷമായ ദിവ്യബലി. സീറോ മലങ്കരസഭ മേജർ ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനപ്രഘോഷണം നടത്തും. വിശുദ്ധ കുർബാനയ്ക്കു ശേഷം ഹ്രസ്വമായ ചടങ്ങിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പും കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായ ഡോ. എം. സൂസപാക്യം, ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി, കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവർ ആശംസ നേരും.
തുടർന്ന് മാർ ജോസഫ് പാംപ്ലാനി മറുപടി പ്രസംഗം നടത്തും.
You must be logged in to post a comment Login