മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററായി ഇന്ന് ഉച്ചകഴിഞ്ഞ് അധികാരമേല്ക്കും

മാര്‍ ജേക്കബ് മനത്തോടത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററായി ഇന്ന് ഉച്ചകഴിഞ്ഞ് അധികാരമേല്ക്കും

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി  ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഇന്ന് സ്ഥാനമേല്‍ക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കായില്‍ വച്ച് ഇന്‍ഡ്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിദ്ധ്യത്തിലാണ് മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത്.പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെ ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എറണാകുളം അങ്കമാലി അതിരൂപതയിലെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വം അദ്ദേഹം തുടര്‍ന്നും നിര്‍വ്വഹിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ചുബിഷപ്പ് എന്ന സ്ഥാനത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കു ആയിരിക്കും നിര്‍വഹിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തോടെ ഇല്ലാതായി.

1947 ഫെബ്രുവരി 22 -നു എറണാകുളം അങ്കമാലി അതിരൂപതയിലെ കോടംതുരുത്തില്‍ കുര്യന്‍- കത്രീന ദമ്പതികളുടെ മകനായാണ് മാര്‍ മനത്തോടത്തിന്റെ ജനനം.  1972 നവംബര്‍ 4-ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായും കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. എറണാകുളം അതിരൂപതാ സെക്രട്ടറി, കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപതാ കോടതിയിലെ നീതി സംരക്ഷകന്‍, ബന്ധ സംരക്ഷകന്‍, അതിരൂപതാ ചാന്‍സലര്‍, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാന്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെമ്പ് പള്ളികളില്‍ വികാരി, ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി അധ്യാപകന്‍ തുടങ്ങിയവയാണ് വഹിച്ച ഇതര പദവികള്‍.

1996 നവംബര്‍ 11നാണ് പാലക്കാട് രൂപതയുടെ മെത്രാനായത്.

You must be logged in to post a comment Login