ബിഷപ് ഡോ. ഗീവര്‍ഗീസ് മാർ ദിവന്നാസിയോസിന്‍റെ കബറടക്കം ഇന്ന്

ബിഷപ് ഡോ. ഗീവര്‍ഗീസ് മാർ ദിവന്നാസിയോസിന്‍റെ കബറടക്കം ഇന്ന്

തിരുവല്ല: അജഗണങ്ങളുടെ സ്‌നേഹാദരവുകൾ ഏറ്റുവാങ്ങി അജപാലകൻ ഇന്നു യാത്രയാകും. മലങ്കര കത്തോലിക്കാ സഭയുടെ പുത്തൂർ, ബത്തേരി രൂപതകളുടെ മുൻ അധ്യക്ഷൻ കാലം ചെയ്ത ബിഷപ് ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസിന്‍റെ ഭൗതികശരീരം ഇന്നു വൈകുന്നേരത്തോടെ തിരുവല്ല സെന്‍റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ തയാറായ കബർ ഏറ്റുവാങ്ങും.

ജീവിച്ചിരിക്കുമ്പോള്‍ താൻ നൽകിയ ഉപദേശം സ്വീകരിച്ച് പുഷ്പചക്രങ്ങളും ശോശപ്പകളും ഇല്ലാതെ സ്‌നേഹപൂർവം ഇടയശ്രേഷ്ഠരും വിശ്വാസസമൂഹവും ഭൗതികശരീരത്തിനരികിൽ നടത്തിയ പ്രാർഥനകൾകൊണ്ട് ഇന്നലെ പകലും രാത്രിയും കത്തീഡ്രൽ ധന്യമായിരുന്നു. ഇന്നും പ്രാർഥനകൾ തുടരും. കബറടക്ക ശുശ്രൂഷയുടെ അവസാനക്രമം ഉച്ചകഴിഞ്ഞ് രണ്ടിന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കും. അജഗണത്തോടും സഹോദര മെത്രാപ്പോലീത്തമാരോടും വൈദികരോടും ദേവാലയത്തോടും വിശുദ്ധ മദ്ബഹയോടും ബലിപീഠത്തോടുമെല്ലാം വിടചൊല്ലി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കബറിലേക്കിറക്കും. മലങ്കര സഭയിലെയും സഹോദര സഭകളിലെയും ബിഷപ്പുമാർ ശുശ്രൂഷകളിൽ സഹകാർമികരാകും.

ഇന്നു രാവിലെ എട്ടിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികരാകും. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് വചനസന്ദേശം നൽകും. 11ന് കബറടക്ക ശുശ്രൂഷയുടെ ആറാംക്രമവും 12.30ന് ഭൗതികശരീരം പേടകത്തിൽ നിന്നിറക്കി പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറി യോസിന്‍റെ കാർമികത്വത്തിൽ ഏഴാം ക്രമവും നടക്കും.

ഭൗതികശരീരം സെന്‍റ് ജോൺസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി എത്തിച്ചതു മുതൽ വൈദികരുടെയും സന്യസ്തരുടെയും ഇടമുറിയാത്ത പ്രവാഹമാണ്. ജീവിതത്തിൻറെ നാനാതുറകളിൽപെട്ടവർ മാർ ദിവന്നാസിയോസിന് ആദരാഞ്ജലി അർപ്പിച്ചു. കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയെ കൂടാതെ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, ഏബ്രഹാം മാർ യൂലിയോസ്, വിൻസെൻറ് മാർ പൗലോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവരും ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.

You must be logged in to post a comment Login