ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ വിവാഹമോചനം കുറയ്ക്കും: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ വിവാഹമോചനം കുറയ്ക്കും: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

കൊച്ചി: വിവാഹമോചനങ്ങള്‍ സര്‍വ്വസാധാരണമാകുന്ന ഈ കാലഘട്ടത്തില്‍ ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ രൂപപ്പെടേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഭദ്രതയുള്ള വലിയ കുടുംബങ്ങള്‍ വിവാഹമോചനം കുറയ്ക്കും. കുടംബഭദ്രതയ്ക്കും ജീവന്റെ മൂല്യങ്ങള്‍ക്കും വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ ജീവന്റെ സംരക്ഷണത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും പ്രോത്സാഹനം നല്കാന്‍ കെസിബിസി പ്രൊലൈഫ് സമിതിയുടെയും ഇരിങ്ങാലക്കുട രൂപത കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കൊടകര ഹൃദയ എഞ്ചിനീയര്‍ കോളേജില്‍ വച്ച് നടത്തിയ ബിഗ്ഫാ 2017 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട രൂപതയിലുള്ള നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുബങ്ങളെ പ്രത്യേകമായി ആദരിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചടങ്ങ്. അണുകുടുംബശൈലി മാറണമെന്നും വലിയ വീടുകളല്ല വലിയ കുടുംബങ്ങളാണ് ഇന്നിന്റെ ആവശ്യമെന്നും പരിധിയില്ലാതെ സ്‌നേഹിക്കാനും പരാതികളില്ലാതെ സഹിക്കാനും ദമ്പതികള്‍ക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ കുടംബങ്ങള്‍ രാഷ്ട്രത്തിനും സഭയ്ക്കും മാതൃകയാണെന്നും വ്യക്തികളുടെ സമഗ്രരൂപീകരണത്തിന് ഇവ ഏറെ സഹായകരമാണെന്നും കെസിബിസി ഫാമിലികമ്മീഷന്‍ സെക്രട്ടറി റവ. ഫാ പോള്‍ മാടശേരി മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അദ്ധ്യക്ഷനായിരുന്നു. തൃശൂര്‍ ലോഫ് (LOAF)പ്രസിഡന്റ് ഡോ. ടോണി ജോസഫ് ക്ലാസുകള്‍ എടുത്തു.

നാലാമത്തേതോ പിന്നീടുള്ളതോ ആയ കുട്ടി 2010 ജനുവരി 1 നുശേഷം ജനിച്ച കുടുംബങ്ങളെയാണ് ഈ ചടങ്ങില്‍ ആദരിച്ചത്. പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും സ്വര്‍ണപതക്കം നല്കി. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്കല്‍, രൂപതാ കേന്ദ്രസമിതി പ്രസിഡന്റ് സോജന്‍ മേനാച്ചേരി, രൂപതാ ചാന്‍സലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍, കെസിബിസി പ്രൊലൈഫ് സമിതി ട്രഷറര്‍ ജെയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

You must be logged in to post a comment Login