പുണ്യം പൂക്കുന്ന വസന്തമാണ് നോമ്പുകാലം ഷംഷാമ്പാദ് രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ പ്രഥമ ഇടയലേഖനത്തില്‍ നിന്ന്

പുണ്യം പൂക്കുന്ന വസന്തമാണ് നോമ്പുകാലം ഷംഷാമ്പാദ് രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ പ്രഥമ ഇടയലേഖനത്തില്‍ നിന്ന്
ആരാധനാക്രമവസരത്തിലെ “പുണ്യം പൂക്കുന്ന വസന്തമാണ് നോമ്പുകാലം”. സീറോ മലബാർ സഭ എന്നും നിധി പോലെ കാത്ത ഒരു പാരമ്പര്യമാണ് അമ്പത് നോമ്പ്. കഴിഞ്ഞ കാലങ്ങളിലെല്ലാം നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കുവാനായി നിങ്ങളെല്ലാവരും വലിയ ത്യാഗത്തോടെ പരിശ്രമിച്ചിട്ടുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്.
വിശ്വാസത്തിന്റെ ആഴപ്പെടൽ പ്രഥമത സാധിക്കേണ്ടത് വിശുദ്ധ ജീവിതത്തിലൂടെയാണ്. എശയ്യാ പ്രവാചകൻ ഇസ്രായേൽ ജനത്തോട് പറയുന്നത് നാമെല്ലാവരെയും സംബന്ധിച്ചും വാസ്തവമാണ്. “നിന്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു. നിന്റെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽ നിന്ന് മറച്ചിരിക്കുന്നു. അതിനാൽ  അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കുന്നില്ല” (എശയ്യാ 59: 2). ദൈവത്തിന്റെ സ്നേഹം അറിയാനും ആസ്വാദിക്കാനും പാപംതടസ്സമാണ്. അപ്പസ്തോലനായ യോഹന്നാൻ ഇപ്രക്കാരം നമ്മെ ഉപദേശിക്കുന്നു”. നമുക്ക് പാപം ഇലെന്ന് നാം പറഞ്ഞാൽ അത് അത്മവഞ്ചനയാകും, അപ്പോൾ നമ്മിൽ സത്യം ഇല്ലെന്ന് വരും. എന്നാൽ നാം പാപം എറ്റുപറയുന്നുവെങ്കിൽ അവൻ വിശ്വസ്തനും നീതിമാനും അകയാൽ പാപങ്ങൾ ക്ഷമിക്കുകയും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹ 1: 8-9). സഭാപിതാക്കന്മാർ അതുകൊണ്ട് നോമ്പുകാലഘട്ടത്തെ വിശേഷിപ്പിക്കുന്നത് “കണ്ണുനീരീന്റെയും കഴുകലിന്റേയും കാലഘട്ടമായിട്ടാണ്.” നമ്മുടെ ജീവിത പരാജയങ്ങൾ ഓർക്കാനും അനുതപിക്കുവാനും നമുക്ക് നോമ്പുകാലഘട്ടത്തിൽ കഴിയണം. വി.അഗസ്തിനോസ് സ്വജീവിത അനുഭവത്തിൽ നിന്ന് പറയുന്നത് നമുക്ക് പ്രയോജനകരമാണ്.
പാപത്തെക്കുറിച്ച് കരയുന്നവർക്കാണ് കർത്താവിന്റെ കഴുകലിന്റെ കൃപ കിട്ടുകയുള്ളൂ. പത്രോസിനേ പോലെ നാമും എറ്റുപറയണം: “ഞാൻ പാപിയായ മനുഷ്യനാണ്; നീ എന്നിൽ നിന്ന് അകന്ന് പോകണം” (ലൂക്ക 5:8). മഹാനായ ഫുൾട്ടൻ ജെ. ഷീൻ പറയുന്നു “പാപം എറ്റുപറഞ്ഞ പത്രോസാണ് സഭയുടെ മൂലക്കലായ് ഭവിച്ചത്. നോമ്പു കാലഘട്ടത്തിൽ വിശ്വാസ ജീവിതത്തിത്തിലെ പാപത്തിന്റെ കളക്കൾ പിഴുത് കളയാൻ നാം ബദ്ധശ്രദ്ധരായിരിക്കണം. പാപം ചെയ്ത മനുഷ്യന്റെ സ്വഭാവിക പ്രവണത ദൈവത്തിൽ നിന്നു മറഞ്ഞിരിക്കാനുള്ള പ്രലോഭനമാണ്.
ഫ്രാൻസീസ് മാർപ്പാപ്പ പറയുന്നു, അനുരഞ്ജന കുദാശയെ ഭയപ്പെടുന്ന ഓരോ മനുഷ്യനും ദൈവത്തിൽ നിന്ന് ഒളിച്ചിരുന്ന പാപിയായ ആദ്യ മനുഷ്യന്റെ പിൻ തുടർച്ചക്കാരാണ്. നമ്മുടെ ദൈവം നമ്മെ തേടി വരുന്നവനാണ്. നമ്മുടെ പാപത്തെ ഒളിച്ചുവയ്ക്കാതെ ധൂർത്ത പുത്രനെ പോലെ ദൈവസന്നിധിയിൽ എറ്റുപറയാൻ ഈ നോമ്പുകാലഘട്ടം നമ്മെ പ്രചോദിപ്പിക്കണം.
രക്ഷപ്രാപ്പിക്കാനുള്ള എക മാർഗ്ഗം കർത്താവ് ശിഷ്യരോട് ഉപദേശിച്ചത് ഇപ്രകാരമാണ് “ഇടുങ്ങിയ വാതിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ” (ലൂക്ക 13:24). വിശ്വാസ ജീവിതത്തിന്റെ വഴി ത്യാഗത്തിന്റെയും സഹനത്തിന്റെയും വഴിയാണ്. ജീവിതം സുഖപ്രദമാക്കാനുള്ള പ്രലോഭനമാണ് പാപത്തിലേക്ക് വഴി തുറക്കുന്നത്. കായേനോട് യഹോവയായ ദൈവം ഉപദേശിച്ചത് നമ്മെ സംബന്ധിച്ചും പരമപ്രധാനമാണ്: “നല്ലതു ചെയ്യുന്നിലെങ്കിൽ പാപം വാതിൽക്കൽ തന്നെ പതിയിരിപ്പുണ്ടെന്ന് നീ ഓർക്കണം” (ഉല്പ്പത്തി 4:7).
ഇന്നത്തെ മനുഷ്യന്റെ എറ്റവും വലിയ പ്രലോഭനം ജീവിതം എളുപ്പമാക്കാനുള്ള അത്യാഗ്രഹമാണ്. ബുദ്ധിമുട്ടുള്ള എല്ലാം ഉപേക്ഷിക്കാൻ മനുഷ്യൻ കാണിക്കുന്ന തത്രപ്പാട് ഭയനാകമാം വിധം സമൂഹത്തിൽ മൂല്യചുതിക്ക് കാരണമാക്കുന്നുണ്ട്. പ്രവാസിലോകത്തിൽ സമയമില്ലാത്തവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. സിറോ മലബാർ  സഭയുടെ ആരാധനാക്രമം നീളകൂടുതൽ ഉള്ളതിന്റെ പേരിൽ അസൗകര്യം പറയുന്നവരുടെ എണ്ണം എത്രയോ കൂടുതലാണ്. സീറോ മലബാർ പള്ളിയിൽ പോയാൽ പുതിയ രൂപതയായതുകൊണ്ട് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് കരുതി മാറി നിൽക്കുന്നവരുടെ എണ്ണവും പരശതമാണ്. സൗകര്യകുറവിന്റെ പേരിൽ കുടുംബ പ്രാർത്ഥനയും, ദൂര കൂടുതലിന്റെ പേരിൽ കുട്ടികളുടെ വിശ്വാസ പരിശീലനവും ഉപേക്ഷിക്കുന്നവർ നമ്മുടെ ഇടയിൽ കുറവല്ല. വിശ്വാസം ഞെരുക്കത്തിലൂടെ നേടിയെടുക്കേണ്ട കൃപയാണെന്ന് നാം തിരിച്ചറിയണം.
അപ്പസ്തോലന്മാരുടെ പ്രാർത്ഥന നാം മറന്നു പോകരുത് “കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ”.
നോമ്പുകാലത്ത് വിശ്വാസവർദ്ധനവിന് സഹായിക്കുന്ന ചില നിർദേശങ്ങൾ നിങ്ങളുടെ പരിചിന്തനത്തിന് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1. നമുക്ക് വ്യക്തിപരമായ ഒരു പ്രാർത്ഥനാ ജീവിതം ഉണ്ടാക്കണം. “പരീക്ഷയിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ” (മത്തായി 26:41) എന്ന കർത്താവിന്റെ വാക്കുകൾ മറക്കരുത്.
2. സാധിക്കുന്ന സമയങ്ങളിൽ വിശുദ്ധ ഗ്രന്ഥം ധ്യാനപൂർവ്വം വായിക്കണം.
3. നമ്മുടെ കുടുംബങ്ങളിൽ നിർബന്ധമായും കുടുംബപ്രാർത്ഥനയക്ക് സമയം കണ്ടെത്തണം. ഒന്നിച്ച് പ്രാർത്ഥിക്കുന്ന കുടുംബങ്ങൾക്കെ ഒന്നിച്ച് നിലനിൽക്കുവാൻ കഴിയുകയുള്ളു.
4. അനുദിന ദിവ്യബലി പ്രയോഗികമാക്കാൻ പരിശ്രമിക്കണം.
5. നോമ്പുകാലഘട്ടത്തിൽ ഭക്ഷണക്രമത്തിൽ പരിത്യാഗം ചെയ്യാൻ മറക്കരുത് (മാംസമത്സ്യാധിക്കൾ ഉപേക്ഷിക്കുക).
6. വെള്ളിയാഴ്ച്ചക്കളിൽ കുരിശിന്റെ വഴി, ഉപവാസം പ്രായോഗിക്കമാക്കുക.
7. മദ്യപാനം, പുകവലി ഉപേക്ഷിക്കണം.
8. ടിവി, സോഷ്യൽ മീഡിയ, ഫോണിന്റെ ഉപയോഗം ഇവയിൽ നിയന്ത്രണം ഏർപ്പെടുത്തുക.
9. നമ്മുടെ എല്ലാ പളളികളിലും നോമ്പുകാലധ്യാനം നിർബന്ധമായും നടപ്പാക്കാൻ സംവിധാനങ്ങൾ ക്രമപ്പെടുത്തണം.
10. വൈരാഗ്യവും, പകയും പുലർത്തുന്ന വ്യക്തികളും കുടുംബങ്ങളുമായ് അനുരഞ്ജനം സ്ഥാപിക്കുക.
ക്രിസ്തുവിന്റെ പീഠാനുഭവവും മരണവും നമ്മെ പുതു സൃഷ്ടിക്കളാക്കുവാൻ വേണ്ടിയുള്ള അവിടുത്തെ കാഴച്ചയർപ്പണമായിരുന്നു. നോമ്പുകാലഘട്ടത്തിൽ നാം ഈ രഹസ്യങ്ങൾ ധ്യാനിക്കുന്നത് നമ്മെ തന്നെ ക്രിസ്തുവിൽ നവീകരിക്കുന്നതിനു വേണ്ടിയാണ്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകൾ നമുക്ക് വഴികാട്ടിയാകട്ടെ. “സാത്താന്റെ കുടില തന്ത്രങ്ങളെ എതിർത്ത് തോൽപ്പിക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ” (എഫേസോസ് 6: 11). നോമ്പുകാലഘട്ടം പുതുക്കലിന്റെ കാലഘട്ടമാണ്. പഴയ മനുഷ്യനെ ദൂരെയെറിഞ്ഞ് പുതിയ മനുഷ്യരായ് നാം ജീവിക്കണം. (എഫേസോസ് 4: 22-24) നമ്മുടെ വിശുദ്ധ ജീവിതം സമൂഹത്തിൽ നല്ക്കുന്ന സാക്ഷ്യത്തെ പ. പിതാവ്ഫ്രാൻസീസ് മാർപ്പാപ്പ വിശേഷിപ്പിക്കുന്നത് “സുവിശേഷത്തിന്റെ സന്തോഷം, സുവിശേഷത്തിന്റെ സുഗന്ധം എന്നോക്കെയാണ്”. നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സാക്ഷ്യം സമൂഹം മുഴുവനിലും സുവിശേഷത്തിന്റെ പരിമളം പരത്താൻ കാരണമാക്കണം.
നോമ്പുകാലത്തിന്റെ പരിസമാപ്തി ഉയർപ്പുതിരുനാളിലാണ്. പാപത്തെ പരാജയപ്പെടുത്തിയ ഈശോ നമുക്ക് പാപത്തെ തോല്പ്പിക്കാൻ കൃപ നല്ക്കട്ടെ. എല്ലാവർക്കും അനുഗ്രഹിതമായ നോമ്പുക്കാലം ആശംസിക്കുന്നു. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സമൃദ്ധമായ് അനുഗ്രഹിക്കട്ടെ.

You must be logged in to post a comment Login