തൃശൂര്‍: വിഭാഗീയതയുടേയും മൗലികവാദത്തിന്റേയും വർഗീയവത്കരണത്തിനെതിരേ സർവ മതസ്ഥരും കൈകോർത്തു പോരാടണമെന്നു അതിരൂപത നിയുക്ത സഹായ മെത്രാൻ മോൺ. ടോണി നീലങ്കാവിൽ. കഷ്ടതയനുഭവിക്കുന്നവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും താങ്ങുംതണലുമായി മാറാൻ മതസൗഹാർദവേദികൾ കാരണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടന്ന മതസൗഹാർദ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ഉള്ളിലുള്ള ദിവ്യതയുടെ ആവിഷ്കാരമാണു മതം. അതു തിരിച്ചറിഞ്ഞു ത്യാഗമനോഭാവത്തോടെ, സ്വഭാവ ശുദ്ധിയോടെ ഒരുമിച്ചു പ്രവർത്തിക്കുന്പോഴാണു സർവമത സൗഹാർദത്തിലൂടെയുള്ള സഹവർത്തിത്വം സംജാതമാകുന്നതെന്നു പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെ നന്ദാത്മജാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.
മനുഷ്യർക്കിടയിൽ സ്നേഹവും സൗഹാർദവും സഹവർത്തിത്വവും സാഹോദര്യമനോഭാവവും അസ്തമിച്ചുകൊണ്ടിരിക്കുന്പോൾ വ്യത്യസ്തങ്ങളായ ദർശനങ്ങളെയും വീക്ഷണങ്ങളേയും മതങ്ങളേയും അറിയാനും ബഹുമാനിക്കാനും ആദരിക്കാനുമുള്ള പരിശ്രമമാണു കാലം നമ്മോട് ആവശ്യപ്പെടുന്നതെന്നു മണ്ണുത്തി ചീഫ് ഇമാം ഉസ്താദ് മുജീബ് റഹ്മാൻ അസ്ലാമി പറഞ്ഞു.
ലൂർദ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് കുത്തൂർ അധ്യക്ഷനായി. സഹവികാരി ഫാ. ആന്റോസ് എലുവത്തിങ്കൽ, മതബോധന പ്രധാനാധ്യാപകൻ ജോഷി ചിറമ്മൽ, ഫാ. ജോയ്സണ്‍ ചെറുവത്തൂർ, തിരുനാൾ പബ്ലിസിറ്റി ചെയർമാൻ ജോണ്സണ് ചാക്കോ, മാനേജിംഗ് ട്രസ്റ്റി ജോണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ട്രസ്റ്റിമാരായ ജിജി ജോർജ്, ദേവസി കൊള്ളന്നൂർ, ഡോ. ജെസ്റ്റിൻ ജോർജ്, ജെഫോ ജോസഫ്, സേവ്യർ ചേലപ്പാടൻ, ജിമ്മി തറയിൽ, മോഹൻ പല്ലൻ, ജോർജ് ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.
You must be logged in to post a comment Login