ഫാ.ടോം ഉഴുന്നാലില്‍,ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍, ഗാ​​ഡ്‌​​ഗി​​ല്‍…വിവിധ പ്രശ്നങ്ങള്‍ അമിത്ഷായ്ക്ക് മുന്പില്‍ അവതരിപ്പിച്ച് സഭാനേതാക്കന്മാര്‍

ഫാ.ടോം ഉഴുന്നാലില്‍,ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍, ഗാ​​ഡ്‌​​ഗി​​ല്‍…വിവിധ പ്രശ്നങ്ങള്‍ അമിത്ഷായ്ക്ക് മുന്പില്‍ അവതരിപ്പിച്ച് സഭാനേതാക്കന്മാര്‍

കൊച്ചി:തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷായോട് ക്രൈസ്തവസഭയ്ക്ക് നേരെ ബാഹ്യശക്തികള്‍ ഉയര്‍ത്തുന്ന വിവിധ പ്രശ്നങ്ങള്‍  അവതരിപ്പിച്ചും ആശങ്കകള്‍ തുറന്നുപറഞ്ഞും സഭാ നേതാക്കന്മാര്‍.കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കൊപ്പം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ജോസഫ് മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, തൊഴിയൂര്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് സംസാരിച്ചത്.  കലൂര്‍ റിന്യൂവല്‍ സെന്‍ററിലായിരുന്നു കൂടിക്കാഴ്ച.

 രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കകളിലും കേരളത്തിലെ കാര്‍ഷിക, മത്സ്യബന്ധന മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നു ക്രൈസ്തവ സഭാധ്യക്ഷന്മാര്‍  ആവശ്യപ്പെട്ടു.

ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരേ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുന്നതില്‍ ക്രൈസ്തവസഭകള്‍ക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കടമയുണ്ട്. ഒരു വര്‍ഷമായി ഭീകരരുടെ പിടിയിലുള്ള ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണം.

കസ്തൂരിരംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോരമേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ പരിഹരിക്കണം. മത്സ്യബന്ധന തൊഴിലാളികളുടെ ജീവനും സ്വത്തിനും ആവശ്യമായ സംരക്ഷണം നല്‍കണം.

റബറിന്‍റെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ദളിത് സമൂഹത്തിനു പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ കേന്ദ്രം തയാറാകണം. സഭാധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു.

ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങളില്‍ എന്നും ക്രിയാത്മകമായി ഇടപെടുന്ന ക്രൈസ്തവസഭകളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അമിത് ഷാ സഭാധ്യക്ഷന്മാരെ അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ദേശീയ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി, എന്‍ഡിഎ നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, പി.സി. തോമസ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും അമിത്ഷായ്‌ക്കൊപ്പം എത്തിയിരുന്നു.

വരാപ്പുഴ വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കല്‍, സീറോ മലബാര്‍ സഭാ മുഖ്യവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിഎംഐ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. സാജു മാടവനക്കാട്ട്, വരാപ്പുഴ അതിരൂപത പിആര്‍ഒ ഫാ. ആന്‍റണി വിപിന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

You must be logged in to post a comment Login