ഈ പെലേരടച്ചന്‍ നമ്മോട് പറയുന്നത്…

ഈ പെലേരടച്ചന്‍ നമ്മോട് പറയുന്നത്…

നിങ്ങള്‍ തുളസി,ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റുള്ളവ അവഗണിക്കാതെ തന്നെ.
( മത്തായി: 23;23)

അതെ, അതാണ് മുഖ്യം. കരുണ. കാരണം ബലിയല്ല കരുണയാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നിട്ടും ഏറ്റവും പ്രധാനമായതിനെ അപ്രധാനീകരിച്ചുകൊണ്ട് അത്രമേല്‍ പ്രധാനമല്ലാത്തതിനെ നാം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഫലമോ കരുണ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു.
പ്രത്യേകമായിപരാമര്‍ശിക്കേണ്ട ഒരു പുണ്യവ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവര്‍പ്പറമ്പില്‍കുഞ്ഞച്ചനെന്ന് എനിക്ക് തോന്നുന്നു.

ഒരാളുടെ ജീവിതം പ്രശോഭിക്കുന്നത് അയാള്‍ മരിച്ചവരെ ഉയിര്‍പ്പിച്ചതുപോലെയുള്ള അത്യത്ഭുതങ്ങള്‍ നിറവേറ്റുന്നതു കൊണ്ടോ അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തിയതുകൊണ്ടോ അല്ല അടുത്തുനില്ക്കുന്നവന്, അര്‍ഹതയുളളവന് എന്തുമാത്രം കരുണ നല്കി എന്നതിന്റെ അടിസ്ഥാനത്തിലാണ്. കുഞ്ഞച്ചന്റെ ജീവിതം നോക്കൂ.. അവിടെ കരുണയുടെ മഹാനദികളെ നാം കണ്ടുമുട്ടുന്നു.. ആ മഹാപ്രവാഹത്തില്‍ എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കപ്പെടുന്നു.

നമ്മെക്കാള്‍ ഉയര്‍ന്നുനില്ക്കുന്നവന് കരുണ കൊടുക്കാനാവില്ല.. അയാള്‍ക്ക് അതിന്റെ ആവശ്യവുമില്ല. നമ്മെക്കാള്‍ താഴെക്കിടയിലുള്ളവര്‍ക്ക്… അവര്‍ക്കാണ് കരുണ ആവശ്യമുള്ളത്.. ഒപ്പമുള്ളവനെ ഒരുമിച്ചുകൂട്ടി നടന്നുപോകാന്‍ ആര്‍ക്കും കഴിയും.. ഉയര്‍ന്നുനില്ക്കുന്നവനെ ആദരവോടെ പിന്തുടരുവാനും സാധിക്കും. പക്ഷേ ഒന്നുമില്ലാത്തവനെയോ തന്നെക്കാള്‍ താഴ്ന്നുനില്ക്കുന്നവനെയോ..അവന് തിരികെ ഒന്നും നല്കാനില്ല. അത്തരക്കാരെ പരിഗണിക്കാന്‍ നമുക്കാവില്ല.. അവരെ സ്‌നേഹിക്കാനോ സഹായിക്കാനോ നമുക്ക് മനസ്സുമില്ല.. പ്രത്യേകിച്ച് ഉപഭോഗപരത കാര്‍ന്നുതിന്നുന്ന സമൂഹത്തില്‍..

രക്തബന്ധങ്ങള്‍ പോലും പണത്തിന്റെ പേരില്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍ ഒന്നുമില്ലാത്തവനും ഒന്നുമല്ലാത്തവനും കരുണ നല്കുക എന്നത് നിസ്സാരകാര്യമല്ല. ഞാന്‍ നിനക്ക് വേണ്ടി ഇത് ചെയ്താല്‍ നീ എനിക്ക് വേണ്ടി അതു ചെയ്യുമോ എന്നാണല്ലോ നമ്മുടെ ചില ഇടപെടലുകള്‍ പോലും..

ക്രിസ്തു പറയുന്നുണ്ടല്ലോ തിരിച്ചു നിങ്ങളെ ക്ഷണിക്കാന്‍ കഴിവില്ലാത്തവരെ വിരുന്നിന് ക്ഷണിക്കുക എന്ന്.. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍ അവിടെ മനസ്സിന് ഇത്തിരിയൊക്കെ വലുപ്പം വേണം..കരുണയുടെ കടാക്ഷവും ഉണ്ടായിരിക്കണം. ഇവിടെയാണ് രാമപുരത്ത് കുഞ്ഞച്ചന്റെ വലുപ്പം നാം തിരിച്ചറിയുന്നത്..

ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന വിളിയാണ് കരുണയുടെ വിളി. ഇന്ന് നമ്മുടെ സമൂഹത്തിലും ഒരാള്‍ എപ്പോഴും അത് ആവര്‍ത്തിക്കുന്നുണ്ട്..വത്തിക്കാനിലെ ഫ്രാന്‍സിസ് ആണത്..കരുണ കാണിക്കുക..കരുണ കാണിക്കുക.. അഭയാര്‍ത്ഥികളോട്..ദരിദ്രരോട്, രോഗികളോട്..വൃദ്ധരോട്…

അസ്സീസിയിലെ ഫ്രാന്‍സിസിനും മൊളോക്കോയിലെ ഡാമിയനും കൊല്‍ക്കത്തയിലെ മദര്‍ തെരേസയ്ക്കുമെല്ലാം കിട്ടിയ വിളിയും കരുണയുടേതായിരുന്നു. ക്രിസ്തു കൊളുത്തിവച്ച കരുണയുടെ വിളക്കില്‍ നിന്ന് തിരിനാളം പകര്‍ന്നെടുത്തവരായിരുന്നു അവരെല്ലാം…. ആ മെഴുതിരിവെട്ടം കുഞ്ഞച്ചനും സ്വന്തമാക്കിയിരുന്നു. പാപിനിയായ സ്ത്രീയോടും ചുങ്കക്കാരനോടും കളളനോടുമെല്ലാം ക്രിസ്തു കാണിച്ചത് കരുണയായിരുന്നു. അവരെല്ലാം ക്രിസ്തുവിനെക്കാള്‍ താഴ്ന്ന നിലയിലുള്ളവരായിരുന്നു.. എന്നാല്‍ ഫരിസേയരോട് ക്രിസ്തു കരുണ കാണിച്ചിട്ടുമില്ല..

അപ്പോള്‍ കരുണ നല്‌കേണ്ടത് ആര്‍ക്കെന്ന് നിശ്ചമായും വ്യക്തമാകുന്നു. അത് നമുക്ക് താഴെയുള്ളവരോടാണ്.. ക്രിസ്തുവിന്റെ ഈ കരുണയുടെ മുഖമാണ് കുഞ്ഞച്ചന്‍ സ്വജീവിതത്തിലൂടെ വ്യക്തമാക്കിയത്. അവന് അവരോട് അനുകമ്പ തോന്നിയെന്ന് സുവിശേഷത്തില്‍ ഒരു വാചകമുണ്ട്.. കുഞ്ഞച്ചന്റെ ജീവിതവുമായി ചേര്‍ത്തുവായിക്കുമ്പോള്‍ അത് ശരിയാകുന്നു. കുഞ്ഞച്ചനും അവരോട് – ദളിതരോട്- അനുകമ്പ തോന്നി. കാരണം ചിതറിക്കപ്പെട്ടവരും അസ്പൃശ്യരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും ആയിരുന്നു അവര്‍..

ഒന്നുമില്ലാത്തവര്‍ക്കും ആരുമില്ലാത്തവര്‍ക്കും ഒപ്പം നടന്നുനീങ്ങാന്‍ മാത്രം രൂപം കൊണ്ട് ചെറുതെങ്കിലും മനസ്സ് കൊണ്ട് വലുതായ കുഞ്ഞച്ചന് സാധിച്ചു. കേരളം പോലെത്തെ ഒരു ദേശത്ത് എത്രയൊക്കെ നാം പുരോഗമനം പറഞ്ഞാലും ഇന്നത്തെ കാലത്തും ദളിതര്‍ മുറിവേററവര്‍ തന്നെയാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ വേദനയെ കറുത്ത ദിനമായി ആചരിക്കുന്നതുപോലെ മുറിവേററതിന്റെ പാടുകള്‍ അവരുടെ ആത്മാവില്‍ പോലുമുണ്ട്.. ആ മുറിവുകളെ ഉണക്കാനായിരുന്നു കുഞ്ഞച്ചന്‍ ശ്രമിച്ചത്.

അത്തരമൊരു സാമൂഹ്യപരിഷ്‌ക്കരണം കേരളത്തിന്റെ ചരിത്രത്തില്‍ ദളിതര്‍ക്കുവേണ്ടി നടത്തിയ ആദ്യത്തെ ക്രൈസ്തവനും കുഞ്ഞച്ചനായിരിക്കില്ലേ?
മതത്തിന്റെ ചട്ടക്കൂടില്‍ മാത്രം ഒതുക്കിനിര്‍ത്തേണ്ട ഒരു വ്യക്തിയൊന്നുമല്ല കുഞ്ഞച്ചന്‍. സാമൂഹികപരിഷ്‌ക്കര്‍ത്താവും നവോത്ഥാനനായകനുമെല്ലാമായി കേരളചരിത്രത്തില്‍ കുഞ്ഞച്ചനും വാഴ്ത്തപ്പെടണം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗം മാത്രമാണ് തേവര്‍പ്പറമ്പില്‍ കുഞ്ഞച്ചന്‍. പക്ഷേ ശ്രീനാരായണഗുരുവിനെപോലെ, അയ്യങ്കാളിയെപ്പോലെ സമൂഹത്തില്‍ നടമാടിയിരുന്ന അസമത്വങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കും എതിരെ തന്നെയായിരുന്നു കുഞ്ഞച്ചനും പ്രതികരിച്ചിരുന്നത്.

വ്യത്യാസം ഒരുകാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ. ഒറ്റയ്ക്ക് നില്ക്കുന്ന ഒരു മണ്‍വിളക്കായിരുന്നു കുഞ്ഞച്ചന്‍. ജയ് വിളികള്‍ മുഴക്കാന്‍ അനുയായികളില്ല.. ആയിരങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ സംഘാടക ശേഷിയില്ല..അസംഘടിതരായിരുന്ന ദളിതരെ സമൂഹത്തിന്റെ മുഖ്യശ്രേണിയിലേക്ക് കൊണ്ടുവരാനായിരുന്നു കുഞ്ഞച്ചന്‍ എന്നും ശ്രമിച്ചിരുന്നത്. അവരോട് കുഞ്ഞച്ചന്‍ പറയാറുണ്ടായിരുന്നത് കേള്‍ക്കൂ.

” തലയെടുപ്പോടെ നടക്കുന്ന ചില സുറിയാനിക്കാരില്ലേ അവരെപോലെ നിങ്ങളുംആകണം.. ദിവസവും കുളിക്കണം. വസ്ത്രമലക്കണം, വെടിപ്പുളള വസ്ത്രം ധരിക്കണം. അന്തസ്സായി നടക്കണം. അവരെപ്പോലെ നിങ്ങളും പള്ളിയില്‍ വരണം. അവരെപ്പോലെ നിങ്ങളും മാന്യമായി പെരുമാറണം..”

ഒരാളെ ആത്മവിശ്വാസമുള്ളവനാക്കുന്നതില്‍ അയാളുടെ ശാരീരികസ്ഥിതിക്കും വേഷത്തിനുമുളള പങ്ക് നിസ്സാരമൊന്നുമല്ല. കംഫര്‍ട്ടബിള്‍ അല്ലാത്ത ഡ്രസാണ് അണിഞ്ഞിരിക്കുന്നതെന്ന തോന്നല്‍ ഉണ്ടായാല്‍ മതി നമുക്ക് ചിലപ്പോള്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍തന്നെ ബുദ്ധിമുട്ടായിരിക്കും. അങ്ങനെയെങ്കില്‍ ഈ ദളിതരുടെ അവസ്ഥ അതിലും എത്രയോ പരിതാപകരമായിരിക്കും. അവരോടാണ് മേല്പ്പറഞ്ഞവിധം കുഞ്ഞച്ചന്‍ ആവശ്യപ്പെട്ടത്..
ഒരാളെ സമൂഹത്തിന്റെ മുഖ്യപന്ഥാവിലേക്ക് കൊണ്ടുവരണമെങ്കില്‍ ആദ്യം അയാളില്‍ ആത്മവിശ്വാസം നിറയ്ക്കുകയാണ് വേണ്ടത്. കുഞ്ഞച്ചനും അതാണ് ചെയ്തത്.

ദളിതരുടെ കൂടെ ജീവിക്കുകയും അവരുടെ മാളങ്ങള്‍ നിരന്തരം സന്ദര്‍ശിക്കുകയും ചെയ്തിരുന്നതുകൊണ്ട് പ്രസംഗിക്കാന്‍ അറിയാത്ത, സംഘാടകശേഷിയില്ലാത്ത, രൂപത്തില്‍ പോലും കുറുതായ ഈ വൈദികനെ വരേണ്യശ്രേഷ്ഠസമൂഹം വിളിച്ചിരുന്നത് പെലേരടച്ചന്‍ എന്നായിരുന്നുവത്രെ.

ചില വിശേഷണങ്ങള്‍ ചിലര്‍ അപമാനത്തോടെ കൊണ്ടുനടക്കും. മറ്റ് ചിലര്‍ അഭിമാനത്തോടെയും. പെലേരടച്ചന്‍ എന്ന വിശേഷണം കുഞ്ഞച്ചന്‍ അഭിമാനത്തോടെയാണ് കൊണ്ടുനടന്നത് എന്ന് മനസ്സിലാവണമെങ്കില്‍ കുഞ്ഞച്ചന്‍ അവരെ പരിഗണിച്ചത് എങ്ങനെ എന്നുകൂടി അറിയണം. എന്റെ മക്കള്‍.. മക്കളായി കാണാന്‍ മാത്രം പിതൃഭാവം കുഞ്ഞച്ചന്‍ പ്രകടിപ്പിച്ചിരുന്നതിനാല്‍ അവര്‍ അദ്ദേഹത്തെ വിളിച്ചത് ഏങ്കളുടെ അച്ചന്‍ എന്നായിരുന്നു. മന്ത്രവാദത്തിലും അവിഹിതബന്ധങ്ങളിലും പെട്ട് ശരിതെറ്റുകളുടെ വേര്‍തിരിവുകള്‍ പോലും അറിയാതെ ജീവിച്ച ഒരു സമൂഹത്തെ കുഞ്ഞച്ചന്‍ നേടിയെടുത്തത് മറ്റൊരു ആയുധവും കൊണ്ടായിരുന്നില്ല, കരുണ എന്ന മഹാ ഔഷധം ഉപയോഗിച്ച് മാത്രമായിരുന്നു..

നിങ്ങള്‍ ഒരാള്‍ക്ക് കരുണയല്ലാതെ മറ്റെന്തുനല്കിയാലും അതൊന്നും പ്രയോജനപ്പെടില്ല. കരുണ സ്വീകരിക്കുകയും കരുണ കൊടുക്കുകയും ചെയ്യുമ്പോള്‍ കരുണ ഒരു വരമായി മാറുന്നു. കരുണ മാത്രമേ നല്കുന്നുള്ളൂവെങ്കില്‍ അത് മറ്റെല്ലാറ്റിനെയും കാള്‍ വലുതായിരിക്കുകയും ചെയ്യും. കാരണം കരുണയില്‍ സ്‌നേഹമുണ്ട്..നീതിയുണ്ട്..വിശ്വസ്തതയുണ്ട്.. മഹാമനസ്‌ക്കതയുണ്ട്.. വിനയവും എളിമയുമുണ്ട്..

ക്രിസ്തു ലോകത്തിന് നല്കിയ കരുണയായിരുന്നു ആ കുരിശുമരം. അതില്‍ സ്‌നേഹത്തിന്റെ, കരുതലിന്റെ ,കരുണയുടെ മഹാനദികളുണ്ട്, എല്ലാ വിശുദ്ധരും ആ മഹാനദിയില്‍ സ്‌നാനം ചെയ്താണ് കടന്നുപോയത്; കുഞ്ഞച്ചനും.ക്രിസ്തുവിനോട് ചേര്‍ന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴേ കരുണയുടെ അപ്പസ്‌തോലന്മാരാകാന്‍ നമുക്ക് കഴിയൂ..എത്ര ഉയര്‍ന്ന പദവിയാണ് അലങ്കരിക്കുന്നതെങ്കിലും ദൈവത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്ന് അവകാശപ്പെട്ടാലും കരുണയില്ലാതെ പോകുന്നുവെങ്കില്‍ അവിടെ ദൈവത്തിന് റോളുണ്ടായിരിക്കുകയില്ല.

കരുണ ഒരു ആര്‍ജ്ജിതസംസ്‌കാരമൊന്നുമല്ല. ഒരാളുടെ ഉള്ളില്‍ അയാള്‍ക്കൊപ്പം പിറവിയെടുക്കുകയും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒന്നാണത്. പുറമെ നിന്ന് ഒരാള്‍ക്ക് അയാളെ കരുണയുള്ളവനാക്കിമാറ്റാനാവില്ല. യജമാനനന്‍ തനിക്ക് തരാനുള്ള കടം ഇളവ് ചെയ്തു കൊടുത്തിട്ടും പുറത്തേയ്ക്കിറങ്ങിയ ആ ദാസന്‍ എന്താണ് ചെയ്തതെന്ന് നമുക്കറിയാം..
അപ്പോള്‍ കരുണ കിട്ടിയതുകൊണ്ടോ കരുണ അനുഭവിച്ചുകൊണ്ടോ ഒരാള്‍ കരുണയുള്ളവനാകണമെന്നില്ല. കരുണ അയാളുടെ ഉള്ളില്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ദിനംപ്രതി എത്രയോ കരുണ കൈപ്പറ്റുന്നവരാണ് നമ്മള്‍.. എന്നിട്ടും കിട്ടുന്നതിന് അനുസരിച്ച് കരുണ കൊടുക്കുവാന്‍ നമുക്ക് ഇന്നേവരെ കഴിഞ്ഞിട്ടുണ്ടോ?

ദൈവം പാപങ്ങള്‍ ഓര്‍ത്തിരുന്നാല്‍ ഈ മണ്ണില്‍ ആര്‍ക്കുള്ളൂ രക്ഷ എന്നാണ് നമ്മുടെ പ്രാര്‍ത്ഥനകളിലൊന്ന്.. ദൈവം പാപങ്ങള്‍ ഓര്‍ത്തിരിക്കുന്നില്ലെങ്കില്‍ അതിന് കാരണം ദൈവം അത് മറന്നുവെന്നാണ്. മറന്നുവെങ്കില്‍ അതൊന്നും ദൈവം കണക്കില്‍ വരവ് വച്ചിട്ടില്ല എന്നല്ലേ അര്‍ത്ഥം? കരുണയോടെ ചിലതിനെയൊക്കെ വീക്ഷിക്കുന്നതുകൊണ്ടാണ് ദൈവം അങ്ങനെ ചെയ്യുന്നത്.

കാരുണ്യത്തിന്റെ പ്രവൃത്തികള്‍ ചെയ്യുവാനാണ് ബൈബിള്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. കരുണയുള്ളവന് കരുണ ലഭിക്കും കരുണ കാട്ടി കടന്നുപോയ കുഞ്ഞച്ചന്‍ പറയുന്നതും അതുതന്നെ..കരുണ കാണിക്കുക.. കരുണ നല്കുന്നവനേ കരുണ ലഭിക്കൂ. അത് മറക്കരുത്. ദൈവത്തിന്റെകരുണയെ ധ്യാനിക്കുക..അപ്പോള്‍ മറ്റുള്ളവരോടും കരുണ കാണിക്കാന്‍ നമുക്ക് കരുത്ത് ലഭിക്കും.. അതിന് കുഞ്ഞച്ചന്റെ മാധ്യസ്ഥം നമുക്ക് യാചിക്കാം.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login