സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം: കേരളസഭാതല ആഘോഷം നാളെ

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം: കേരളസഭാതല ആഘോഷം നാളെ

കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു കേരളസഭാതല ആഘോഷ പരിപാടികള്‍ നാളെ കൊച്ചിയില്‍ നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നല്‍കും.

നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുള്‍പ്പടെ കേരളത്തിലും പുറത്തുമുള്ള വിവിധ മെത്രാന്മാര്‍ സഹകാര്‍മികരാകും.

തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണം നടത്തും. എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്നഗറില്‍ നിന്നുള്ള പ്രതിനിധി സേവാ സിംഗ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും.

എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടികള്‍.

You must be logged in to post a comment Login