ദിവ്യബലിക്ക് പോകേണ്ടത് കാല്‍വരിയിലേക്ക് പോകുന്നതുപോലെയായിരിക്കണം: മാര്‍പാപ്പ

ദിവ്യബലിക്ക് പോകേണ്ടത് കാല്‍വരിയിലേക്ക് പോകുന്നതുപോലെയായിരിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍: ദിവ്യബലിക്ക് പോകേണ്ടത് കാല്‍വരിയിലേക്ക് പോകുന്നതുപോലെയായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതുദര്‍ശന പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കാല്‍വരിയിലെ രംഗം മനസ്സില്‍ കാണുക.. അപ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ നാം മറ്റുള്ളവരോട് സംഭാഷണങ്ങളിലേര്‍പ്പെടുകയോ അശ്രദ്ധവ്യാപാരങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുമോ? അതുകൊണ്ട് ഓരോ ദിവ്യബലിക്ക് അണയുമ്പോഴും നാം ഇങ്ങനെയാണ് ചിന്തിക്കേണ്ടത്. യേശു എനിക്ക് വേണ്ടി സ്വന്തം ജീവന്‍ നല്‍കുന്ന കാല്‍വരിയിലേക്കാണ് ഞാന്‍ പ്രവേശിക്കുന്നത്.. ഇങ്ങനെയൊരു ചിന്ത ഉണ്ടാകുമ്പോള്‍ അശ്രദ്ധമായി നാം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയില്ല.

വിശുദ്ധ കുര്‍ബാനയില്‍ പങ്കു കൊള്ളുകയെന്നാല്‍ പ്രത്യേകിച്ച് ഞായറാഴ്ചകളിലെ ദിവ്യബലി അര്‍പ്പണത്തില്‍ നാം പങ്കുകൊള്ളുന്നത് ക്രിസ്തുവിന്റെ വെളിച്ചത്തില്‍ പ്രശോഭിതരാകുകയും അവിടുത്തെ ഊഷ്മളതയാല്‍ തപിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ്. മരണത്തില്‍ നിന്ന് ജീവനിലേക്കും കാലത്തില്‍ നിന്ന് നിത്യതയിലേക്കുമുള്ള തന്റെ കടക്കലില്‍ കര്‍ത്താവായ യേശു പെസഹാ ആഘോഷത്തിനായി അവിടുത്തോടൊപ്പം നമ്മെയും കൊണ്ടുപോകുന്നു.

വിശുദ്ധ കുര്‍ബാനയില്‍ നമ്മള്‍ ആയിരിക്കുന്നത് മരിച്ച് ഉത്ഥാനം ചെയ്ത യേശുവിനോടു കൂടിയാണ്. ദിവ്യകാരുണത്തിലുള്ള ഭാഗഭാഗിത്വം ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നു. നമ്മെത്തന്നെ നല്കിക്കൊണ്ട് മരണത്തില്‍ നിന്ന് ജീവനിലേക്ക് നാം അവിടുത്തോടൊപ്പം കടക്കുകയും ചെയ്യുന്നു. പാപ്പ ഓര്‍മ്മിപ്പിച്ചു.

 

You must be logged in to post a comment Login