“കര്‍ദിനാളിന്റെ കോലം കത്തിച്ചവര്‍ സഭാവിരുദ്ധ ക്രിമിനലുകള്‍”

“കര്‍ദിനാളിന്റെ കോലം കത്തിച്ചവര്‍ സഭാവിരുദ്ധ ക്രിമിനലുകള്‍”

കോട്ടയം: സീറോ മലബാര്‍ സഭാ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചവര്‍ സഭാവിരുദ്ധരും സഭയ്ക്കുള്ളില്‍ കയറിക്കൂടിയിരിക്കുന്ന ക്രിമിനലുകളുമാണെന്ന് ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറലും ഷെവലിയാറുമായ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

യഥാര്‍ത്ഥ സഭാവിശ്വാസികള്‍ക്ക് ഒരിക്കലും ഇത്തരം നീചമായ പ്രവൃത്തി ചെയ്യാനാവില്ല. ഭൂമി വിവാദത്തിന്റെ മറവില്‍ സഭാസംവിധാനങ്ങളെ വെല്ലുവിളിച്ച് കൊടുംക്രിമിനലുകള്‍ സഭയ്ക്കുള്ളിലേയ്ക്ക് നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് കര്‍ദിനാളിന്റെ കോലം കത്തിക്കല്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാരാണെന്നുള്ളത് അന്വേഷണവിധേയമാക്കി നിയമനടപടികളുണ്ടാകണം.

ഭൂമി ഇടപാടുകളുടെ പേരില്‍ നിരന്തരം കെട്ടുകഥകളുണ്ടാക്കി ബോധപൂര്‍വ്വം ചിലര്‍ കര്‍ദിനാളിനെയും സഭാനേതൃത്വത്തെയും കരിവാരിത്തേച്ച് പൊതുസമൂഹത്തില്‍ ആക്ഷേപിച്ച് അവഹേളിക്കുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല. അംഗബലം കൊണ്ടും, സാമൂഹ്യ സേവനപ്രവര്‍ത്തനമേഖലകളിലെ പങ്കാളിത്തം കൊണ്ടും ഏറ്റവും ശക്തവും സംഘടിതവുമായ സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ തുരങ്കം വയ്ക്കുന്ന ഛിദ്രശക്തികള്‍ക്കെതിരെ വിശ്വാസിസമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്.

സഭയുടെ സമ്പത്തും സ്ഥാപനങ്ങളും സഭാമക്കളുടെ വിശ്വാസജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്നത് നിസ്സാരവല്‍ക്കരിക്കരുത്. സഭയ്ക്കുള്ളില്‍ വിശ്വാസികളില്‍ നിലനില്‍ക്കുന്ന നിസംഗതയും അല്മായ സമൂഹത്തിന്റെ ശക്തമായ നേതൃത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും അഭാവവും ഭാവിയില്‍ സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെയും കുറിച്ചു സഭാനേതൃത്വം ഗൗരവമായി കാണണമെന്നും സഭയേയും സഭാപിതാക്കന്മാരേയും സംവിധാനങ്ങളേയും അവഹേളിക്കാന്‍ ആരെയും അനുവദിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

You must be logged in to post a comment Login