ദൈവം നല്കിയ കഴിവുകളെ നന്മയ്ക്കായി വളര്‍ത്തിയെടുക്കുന്നവരാണ് യഥാര്‍ത്ഥ പ്രതിഭകള്‍: കര്‍ദിനാള്‍ ആലഞ്ചേരി

ദൈവം നല്കിയ കഴിവുകളെ നന്മയ്ക്കായി വളര്‍ത്തിയെടുക്കുന്നവരാണ് യഥാര്‍ത്ഥ പ്രതിഭകള്‍: കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: ദൈവം നൽകിയ കഴിവുകളെ തങ്ങൾക്കും മറ്റുള്ളവർക്കും നന്മയുണ്ടാകുന്ന തരത്തിൽ വളർത്തിയെടുക്കുന്നവരാണു യഥാർഥ പ്രതിഭകളെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സീറോ മലബാർ സഭ വിശ്വാസപരിശീലന കമ്മീഷന്‍റെ നേതൃത്വത്തിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്കായി കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ സംഘടിപ്പിച്ച പ്രതിഭാസംഗമത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ കഴിവുകൾ നമ്മുടെ മാത്രം നേട്ടങ്ങൾക്കുവേണ്ടിയാണെന്ന ചിന്ത ദൈവികമല്ല. പ്രതിഭകൾ വിശാലമായ ചിന്തകളുടെയും പങ്കുവയ്ക്കുന്ന മനോഭാവത്തിന്‍റെയും ഉടമകൾ കൂടിയാവണം. മദർ തെരേസ സാമൂഹ്യസേവനരംഗത്തു പ്രതിഭയായിരുന്നു. സേവനമേഖലയിലെ തന്‍റെ ആഭിമുഖ്യവും സമർപ്പണ മനോഭാവവും മറ്റുള്ളവർക്കായി മദർ തെരേസ ഉപയോഗിച്ചതുകൊണ്ടാണ് ഏതു കാലഘട്ടത്തിലും അവർ അനുസ്മരിക്കപ്പെടുന്നതെന്നു മാർ ആലഞ്ചേരി പറഞ്ഞു.

വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പ്രതിഭാസംഗമത്തിൽ മികവു പുലർത്തിയ വിദ്യാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. അജയ് അജി കുന്നേൽ മാനന്തവാടി, അലൻ എൻ. ജോർജ് മാപ്പിളപറന്പിൽ എറണാകുളം, നിവിൻ സിറിയക് പൂവാന്നികുന്നേൽ തൃശൂർ, അമല എസ്. തോമസ് ലാനിതോട്ടം കാഞ്ഞിരപ്പള്ളി, ഹെനാ ജോബി ഭരണികുളം ഇരിങ്ങാലക്കുട, ജാനിയ ഷൈജൻ തടങ്ങാഴിയിൽ എന്നിവരാണു പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടത്.

കമ്മീഷൻ അംഗം ബിഷപ് മാർ ജോസഫ് പണ്ടാരശേരി, വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു. ഫാ. ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, വർഗീസ് പോൾ, സിസ്റ്റർ ലിസ്നി, റോബിൻ പി.മാത്യു, ചാർളി പോൾ, ഫാ. പോൾ റോബിൻ തെക്കത്ത്, ഫാ. പീറ്റർ കണ്ണന്പുഴ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

You must be logged in to post a comment Login