കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്‌നി എയർപോർട്ടിൽ സ്വീകരണം

കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്‌നി എയർപോർട്ടിൽ സ്വീകരണം
സിഡ്നി:  പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാർ, കാൽദീയൻ, മാരോണൈറ്റ്, മെൽകൈറ്റ്, ഉക്രേനിയൻ എന്നിവയുടെ ഓസ്‌ട്രേലിയായിലെ രൂപതകൾ സന്ദർശിക്കാനായി എത്തി ചേർന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്‌നി എയർപോർട്ടിൽ മാർ ബോസ്‌കോ പുത്തൂരിന്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസിനെ കർദ്ദിനാൾ ലെയാനാർദോ സാന്ദ്രി അഭിസംബോധന ചെയ്യും. ന്യു സൗത്ത് വെയിൽസ്‌  പാർലമെന്റിൽ  സ്വീകരണം നല്കും. സിഡ്‌നിയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലുംകർദ്ദിനാൾ സാന്ദ്രി സന്ദർശനം നടത്തും.
നാലാം വയസ്സിലേക്ക് പ്രവേശിച്ച മെൽബൺ സീറോ മലബാർ രൂപതയിലേക്ക് ആദ്യമായാണ് റോമൻ കൂരിയായിൽ നിന്ന് പരിശുദ്ധ പാപ്പായുടെ പ്രതിനിധികൾ ഔദ്യാഗിക സന്ദർശനത്തിനെത്തുന്നത്. 2014 മാർച്ച് 25 നാണ് മെൽബൺ കേന്ദ്രമായി ഓസ്‌ട്രേലിയായിൽ സീറോ മലബാർ രൂപത സ്ഥാപിതമായത്. 10 ഇടവകകളും 32 മിഷനുകളുമുള്ള മെൽബൺ സീറോ മലബാർ രൂപതയിൽ 31വൈദികർ സേവനം ചെയ്യുന്നുണ്ട്.
രൂപതയ്ക്ക് സ്വന്തമായി വൈദികർ എന്ന ലക്ഷ്യം മുൻ നിർത്തി അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നിൽ ആരംഭിച്ചിട്ടുള്ള മൈനർ സെമിനാരിയിൽ 15 വൈദിക വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നു.
 മെൽബൺ സീറോ മലബാർ രൂപതയിലെ ഏറ്റവും വലിയ ഇടവകയായ സെന്റ് തോമസ് സൗത്ത് ഈസ്റ്റ് ഇടവക ആതിഥ്യമരുളുന്ന ഈ ആഘോഷത്തിൽ  രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും രൂപത പാസ്റ്ററൽ കൗൺസിലെയും ഫിനാൻസ് കൗൺസിലെയും അംഗങ്ങളും ഉൾപ്പെടെ 1500 ഓളം പേർ പങ്കെടുക്കുമെന്ന് വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഇടവക വികാരി ഫാ. എബ്രഹാം കുന്നത്തോളി എന്നിവർ അറിയിച്ചു.  
കർദ്ദിനാൾ ലെയനാർദോ സാന്ദ്രി ക്കും അഡോൾഫോ റ്റിറ്റൊ യലാന മെത്രാപ്പോലിത്തായ്ക്കും നല്കുന്ന സ്വീകരണത്തിലും തുടർന്നു നടക്കുന്ന ദിവ്യബലിയിലും പൊതുയോഗത്തിലും എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മാർ ബോസ്‌കോ പുത്തൂർ  ആഹ്വാനം ചെയ്തു.
 
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ

You must be logged in to post a comment Login