ആ വാര്‍ത്ത തെറ്റ് :കത്തോലിക്കാ കോണ്‍ഗ്രസ്

ആ വാര്‍ത്ത തെറ്റ് :കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: കേരള കോണ്‍ഗ്രസുകള്‍ ഒരുമിച്ച് ഇടതു പക്ഷത്തിന്‍റെ ഭാഗമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നതിനെ കത്തോലിക്ക കോൺഗ്രസ് അനുകൂലിക്കുന്നുവെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് വി.വി. അഗസ്റ്റിന്‍. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന്‍റെയും കര്‍ഷകഫോറത്തിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളില്‍ ആരെങ്കിലും സംബന്ധിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ വ്യക്തിപരമായ നിലയില്‍ ചെയ്തതാണെന്നും അഗസ്റ്റിന്‍ പറഞ്ഞു.

പ്രസ്തുത സമ്മേളനം എടുത്ത രാഷ്ടീയ നിലപാടുകളോട് കത്തോലിക്ക കോൺഗ്രസിന് യാതൊരു ആഭിമുഖ്യവുമില്ല. കത്തോലിക്ക കോണ്‍ഗ്രസിനു വ്യക്തമായ രാഷ്‌ട്രീയ ദര്‍ശനങ്ങളുണ്ട്. എന്നാല്‍ അത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും തുല്യദൂരം പാലിക്കുന്നു എന്ന പ്രഖ്യാപിത നിലപാടാണു തങ്ങള്‍ക്കുള്ളത്. എഴുപതു ശതമാനത്തോളം വരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും കര്‍ഷകര്‍ക്കുവേണ്ടിയുളള ഏതു പ്രശ്‌നത്തിലും കത്തോലിക്ക കോണ്‍ഗ്രസ് എന്നും മുന്‍നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login