പതിനഞ്ച് മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ഒരു കത്തോലിക്കാ മാതാവിന്റെ ജീവിതം

പതിനഞ്ച് മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ഒരു കത്തോലിക്കാ മാതാവിന്റെ ജീവിതം

സ്‌പെയ്‌നിലെ ഏറ്റവും വലിയ കുടുംബമാണ് റോസായുടേത്. പതിനഞ്ച് മക്കളുടെ അമ്മയാണ് റോസ ഇപ്പോള്‍. ഒരു മാസം മുമ്പാണ് കുടുംബനാഥന്‍ ചെനാ പോസിറ്റിഗോ ലിവര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞത്. അതിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം സാവധാനം കയറിവരുന്നതേയുള്ളൂ.

ഞങ്ങള്‍ ഒരുപാട് പ്രാര്‍ത്ഥിച്ചു ഒരുപാട് നിലവിളിച്ചു..പക്ഷേ.. എനിക്കിപ്പോള്‍ മനസ്സിലായി ദൈവം ചില കുരിശുകള്‍ ചുമക്കാന്‍ നമുക്ക് തരും. ഒപ്പം അത് വഹിക്കാനുള്ള കൃപയും. റോസ പറയുന്നു.

ബിബിസി ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ പകര്‍ത്തിയിരിക്കുന്ന കുടുംബമാണ് ഇവരുടേത്. പതിനാറ് മക്കളുള്ള കുടുംബത്തില്‍ നിന്നായിരുന്നു റോസയുടെ വരവ്. പോസ്റ്റിഗോയുടേതാവട്ടെ പതിനാല് മക്കളുള്ള കുടുംബമായിരുന്നു. ഓപ്പുസ് ദേയിയില്‍ അംഗങ്ങളായിരുന്നു ഇരുവരും.

നന്നേ ചെറുപ്പത്തില്‍ വിവാഹിതരായ ഇരുവരുടെയും മനസ്സില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തങ്ങള്‍ കടന്നുവന്നിട്ടുള്ളതുപോലെ വലിയൊരു കുടുംബമായിരിക്കണം ഭാവിയിലും തങ്ങള്‍ക്കുണ്ടാവേണ്ടത്. പക്ഷേ ആദ്യത്തെ കുട്ടി ഹാര്‍ട്ട് സംബന്ധമായ രോഗങ്ങളോടെയാണ് പിറന്നുവീണത്.

അധികകാലം ജീവിച്ചിരിക്കില്ല എന്ന് എല്ലാവരും കരുതിയെങ്കിലും 22 ാമത്തെ വയസ് വരെ ആ കുട്ടി ജീവിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍ പക്ഷേ ചെറുപ്രായത്തിലേ മരണമടഞ്ഞു. ഇനി കൂടുതല്‍ കുഞ്ഞുങ്ങളെ ആഗ്രഹിക്കണ്ടായെന്ന് ഡോക്ടേഴ്‌സും വിധിയെഴുതി. എന്നാല്‍ ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിവേചനാവരത്തോടെ അവര്‍ ആ തീരുമാനത്തിന് എതിരു നില്ക്കാന്‍ തീരുമാനിച്ചു.

ദമ്പതികളുടെ കിടപ്പറയിലേക്ക് ആര്‍ക്കും പ്രവേശനമില്ല. ഡോക്ടര്‍ ,അമ്മായിയമ്മ, വൈദികന്‍. ആര്‍ക്കും. ദമ്പതികള്‍ക്കല്ലാതെ അവിടെ ആര്‍ക്കും പ്രവേശനമുണ്ടാവാന്‍ പാടില്ല. റോസ പറയുന്നു.

ഇന്ന് ആ ദമ്പതികള്‍ക്ക് 25 മുതല്‍ ഏഴു വയസു വരെയുള്ള പതിനഞ്ച് കുട്ടികളുണ്ട്. ബാഴ്‌സേേലാനയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് ഇവരുടെ താമസം. അഞ്ച് ബെഡ്‌റുമുകള്‍. രണ്ടെണ്ണം ആണ്‍കുട്ടികള്‍ക്ക്. രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്ക്. ഫോര്‍ ലെവല്‍ ബങ്ക് ബെഡാണ് ആണ്‍കുട്ടികളുടെ മുറിയിലുള്ളത്.

ഓരോ മുതിര്‍ന്ന കുട്ടിയും തങ്ങളുടെ ഇളയകുട്ടികളെ പരിപാലിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളാണെന്ന് റോസ സാക്ഷ്യപ്പെടുത്തുന്നു. ഒരു ടെക്സ്റ്റയില്‍ ഫാമില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റോസ എല്ലാദിവസവും രാവിലെ പള്ളിയില്‍ പോകും. മക്കള്‍ വീട്ടുജോലിയുള്‍പ്പടെ എല്ലാ കാര്യങ്ങളിലും സഹായിക്കാറുണ്ടെന്നും റോസ.

ഫെബ്രുവരിയിലാണ് ഭര്‍ത്താവിന് കാന്‍സറാണെന്ന് കണ്ടെത്തിയത്. മരണസമയത്തിന് മുമ്പ് അദ്ദേഹം മക്കളെ വിളിച്ചുകൂട്ടി പറഞ്ഞത് ഇതാണ്.

ജീസസ് വളരെ നല്ലവനാണ്. അവിടുന്ന് നമ്മെ ഒരുപാട് സ്‌നേഹിക്കുന്നു.

നാലായിരത്തോളം ആളുകളാണ് ശവസംസ്‌കാരശുശ്രൂഷകളില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പങ്കെടുത്തത് .ഇവരുടെ 17 കാരനായ മകന്‍ ഗാബി ഹോളിവീക്കില്‍ പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വ്യക്തിപരമായി കണ്ടുമുട്ടിയിരുന്നു.

തങ്ങളുടെ വിജയപ്രദമായ കുടുംബജീവിതത്തിന്റെ രഹസ്യം റോസ ഇങ്ങനെ വെളിപെടുത്തുന്നു. ഡാഡിയും മമ്മിയും പരസ്പരം സ്‌നേഹി്ക്കുക. ബാക്കിയുള്ളതെല്ലാം അതില്‍ നിന്നുണ്ടായിക്കോളും.

You must be logged in to post a comment Login