മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെ 12 മണിക്കൂര്‍ തടഞ്ഞുവച്ചു

മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീയെ 12 മണിക്കൂര്‍ തടഞ്ഞുവച്ചു

ഭോപ്പാല്‍: കത്തോലിക്കാ കന്യാസ്ത്രീയെയും ഒപ്പമുണ്ടായിരുന്ന നാലു പെണ്‍കുട്ടികളെയും മതപരിവര്‍ത്തന കുറ്റം ആരോപിച്ച് റെയില്‍വേ പോലീസ് തടഞ്ഞുവച്ചു. ഹിന്ദുതീവ്രവാദി ഗ്രൂപ്പുകളുടെ കുറ്റാരോപണത്തെ തുടര്‍ന്ന് അനധികൃതമായ മതപരിവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് തടഞ്ഞുവച്ചത്. ജാര്‍ഖണ്ഡില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുകയായിരുന്ന സിസ്റ്റര്‍ ബീന ജോസഫും നാലു പെണ്‍കുട്ടികളുമാണ് ഈ അതിക്രമത്തിന് ഇരകളായത്.

ഇന്നലെയായിരുന്നു സംഭവം. ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനായിട്ടാണ് കൊണ്ടുപോകുന്നത് എന്ന് ആരോപിച്ച് പോലീസ് അടുക്കലെത്തിയത്. സിസ്റ്റര്‍ പറഞ്ഞു.

തുടര്‍ന്ന് കന്യാസ്ത്രീയെയും പെണ്‍കുട്ടികളെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഇവരുടെ മൊഴിയെടുത്തതിന് ശേഷം വിട്ടയച്ചു. ബജരംഗ്ദളിന്റെ പരാതിയെതുടര്‍ന്നാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായതെന്ന് സത്‌ന ജിആര്‍പി പോലീസ് സ്‌റ്റേഷനിലെ അധികാരി എസ് ആര്‍ ബാഗ്രി പറഞ്ഞു. എന്നാല്‍ ആരോപിക്കപ്പെട്ട കുറ്റം ശരിയാണെന്ന് തെളിയിക്കാന്‍ തക്ക തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.നാലു പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരും ഇരുപതിന്മേല്‍ പ്രായമുള്ളവരുമാണ്.

ഹിന്ദുത്വതീവ്രവാദികള്‍ കള്ളക്കേസുകളുണ്ടാക്കി നിഷ്‌ക്കളങ്കരായ ക്രൈസ്തവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പോലീസ് അധികാരികളും കൂട്ടുനില്ക്കുകയാണെന്ന് ഇവിടെയുള്ള ക്രൈസ്തവര്‍ ആരോപിക്കുന്നു.

You must be logged in to post a comment Login