ചാക്കോച്ചന്‍; യുകെയില്‍ നിന്ന് ശ്രേയക്കുട്ടിക്കൊരു പിന്‍ഗാമി

ചാക്കോച്ചന്‍; യുകെയില്‍ നിന്ന് ശ്രേയക്കുട്ടിക്കൊരു പിന്‍ഗാമി

ശ്രേയക്കുട്ടി എന്ന കുരുന്ന് സംഗീത പ്രതിഭയെ ഗാനാസ്വാദകരെല്ലാം ഒരുപോലെ സ്‌നേഹിക്കുന്നുണ്ട്. അസാമാന്യമായ പ്രതിഭാവിലാസം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുള്ള ഗായികയാണ് ശ്രേയ ജയദീപ് എന്ന ശ്രേയക്കുട്ടി.

എന്നാലിതാ ശ്രേയക്കുട്ടിയെ പോലെതന്നെ സംഗീതാസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ചേക്കാറാനായി ഒരു ഗാനപ്രതിഭ കൂടി എത്തുന്നു. അതും യുകെയില്‍ നിന്ന്. വെറും ഏഴു വയസുകാരനായ ജേക്കബ് എന്ന ചാക്കോച്ചനാണ് ഈ പ്രതിഭ.

അമ്മയെക്കാളും എനിക്കിഷ്ടം ഈശോയെ എന്ന ചാക്കോച്ചന്റെ പാട്ട് ഇതിനകം ഹിറ്റായിക്കഴിഞ്ഞു. സെലിബ്രന്റ് ഇന്ത്യയ്ക്ക് വേണ്ടി ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിലാണ് ചാക്കോച്ചന്‍ പാടി അഭിനയിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടേതാണ് വരികളും സംഗീതവും.

വ്യത്യസ്തമായ ഒരു പിഞ്ചുസ്വരം തേടി നടക്കുകയായിരുന്ന തുമ്പേച്ചിറയച്ചന്റെ മുമ്പിലേക്ക് ചാക്കോച്ചന്‍ എത്തിപ്പെട്ടത് വളരെ യാദൃച്ഛികം. അതിന് കാരണമായത് ചാക്കോച്ചന്റെ പിതാവ് ഷൈമോന്‍ തോട്ടുങ്കലുമായുള്ള അച്ചന്റെ പരിചയം. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അച്ചനെ കാണാനെത്തിയതായിരുന്നു ഷൈമോന്‍.

അപ്പോഴാണ് പുതിയ ഗാനത്തെക്കുറിച്ച് അച്ചന്‍ സംസാരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ പാടിയ മകന്റെ കാര്യം ഷൈമോന്‍ അച്ചനോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഒന്ന് നോക്കിക്കളയാം എന്ന് അച്ചന്‍ തീരുമാനിച്ചു. പിന്നെ ഒട്ടും വൈകിയില്ല. അച്ചന്‍ ഗാനം പറഞ്ഞുകൊടുത്തു. അനേകവര്‍ഷങ്ങളായി ഗാനരംഗത്ത് നില്ക്കുന്ന ഷാജിയച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചാക്കോച്ചന്‍ പാടിത്തുടങ്ങി. വ്യക്തമായ ഉച്ചാരണവും സ്വരശുദ്ധിയും.. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാന്‍ അച്ചന് തോന്നിയില്ല. അങ്ങനെയാണ് അമ്മയെക്കാള്‍ എനിക്കിഷ്ടം ഈശോയെ എന്ന ഗാനം ചാക്കോച്ചന്‍ പാടിയത്.

ചാക്കോച്ചന്റെ മലയാളം ഉച്ചാരണമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. അതിന്റെ കാരണം തിരഞ്ഞുപോകുമ്പോള്‍ നാം ചെന്നെത്തുന്നത് ഷൈമോന്‍ തോട്ടുങ്കല്‍-സിമി എന്ന മാതാപിതാക്കളുടെ അടുത്താണ്.

യുകെയില്‍ ജനിച്ച ചാക്കോച്ചനെ മലയാളം അഭ്യസിച്ചത് ഈ മാതാപിതാക്കളാണ്. വീട്ടില്‍ മലയാളം മാത്രമേ സംസാരിപ്പിക്കാറുള്ളൂ. നാട്ടില്‍ അവധിക്ക് ചെല്ലുമ്പോള്‍ മാത്രമാണ് ചാക്കോച്ചന്‍ മലയാളം അല്ലാതെ കേള്‍ക്കാറുമുള്ളൂ. പല മലയാളി കുടുംബങ്ങളിലും ഇതല്ല അവസ്ഥ. മാതൃഭാഷയോട് അകറ്റിനിര്‍ത്തിയാണ് പലരും മക്കളെ ഇവിടെ വളര്‍ത്തുന്നത്. ഇംഗ്ലീഷില്‍ കരയുകയും ഇംഗ്ലീഷില്‍ ചിരിക്കുകയും വേണമെന്ന ആഗ്രഹത്തോടെ മക്കളെ ഇംഗ്ലീഷ് മാത്രം പരിശീലിപ്പിക്കുന്ന മലയാളി മാതാപിതാക്കള്‍ക്കിടയിലാണ് ദേശവും സംസ്‌കാരവും മാറിയാലും വേരുകള്‍ മറക്കാതെയിരിക്കുന്ന ഷൈമോനും സിമിയും അനുകരണീയ മാതൃകകളാകുന്നത്. ഇവര്‍ നല്കുന്ന മികച്ച ഭാഷാപരിശീലനമാണ് മകന് ഈ അസുലഭ അവസരം നല്കിയിരിക്കുന്നതും.

ചാക്കോച്ചന് ഒരു സഹോദരനുമുണ്ട്. സിറിയക്. സിറിയക്കിനും മലയാളം നന്നായിട്ടറിയാം. സിറിയകും നല്ലൊരു ഗായകനാണ്. ഒരു വാനന്പാടിയായി പറന്നുയരാന്‍ ചാക്കോച്ചന് എല്ലാവിധ ആശംസകളും നേരാം. ഒപ്പം പ്രാര്‍ത്ഥനകളും.

You must be logged in to post a comment Login