കസ് തൂരി രംഗന്‍ ജനവാസകേന്ദ്രങ്ങളെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

കസ് തൂരി രംഗന്‍ ജനവാസകേന്ദ്രങ്ങളെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പ്രദേശത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്നു മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി 2016 ജൂണിൽ കേരളം സന്ദർശിച്ചപ്പോൾ സമർപ്പിച്ച നിവേദനത്തിലും ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കരടുവിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്ന വനേതര പരിസ്ഥിതിലോല മേഖലയായ 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കി സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്വത്തിൽ സംരക്ഷിക്കാനുള്ള ശക്തമായ നടപടി കൈക്കൊള്ളാമെന്നും ഉറപ്പുനൽകി.

സംസ്ഥാന സർക്കാരിന്‍റെ അഭിപ്രായം കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ ഭൂപടം തയാറാക്കാനായി കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്‍മെന്‍റ് സെന്‍ററിനെ (കെഎസ്ആർഇസി) ചുമതലപ്പെടുത്തും. അതേസമയം, കേന്ദ്ര സർക്കാർ 2017 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനത്തിൽ 9,107 ചതുരശ്ര കിലോമീറ്റർ വനപ്രദേശമായും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശമായും ആണ് കാണിച്ചിരിക്കുന്നത്.

കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടു തിരുവമ്പാടി, അടിവാരം തുടങ്ങിയ മേഖലകളിൽ വനംവകുപ്പിന്‍റെ ഓഫീസും വാഹനവും നശിപ്പിച്ച കേസ് പിൻവലിക്കുന്നതിനു സ്വാഭാവികമായി തടസമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

You must be logged in to post a comment Login