ക്രിസ്തുവിന്‍റെ രാജത്വതിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നത്…

ക്രിസ്തുവിന്‍റെ രാജത്വതിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നത്…

ചരിത്രത്തിന്റെ ആരംഭംതൊട്ട് ഒരാള്‍ ഭരിക്കാനും വേറൊരാള്‍ ഭരിക്കപ്പെടാനുമുണ്ടായിരുന്നു. ഭരിക്കുക/ ഭരിക്കപ്പെടുന്ന എന്നീ വേര്‍തിരിവ് നിലനിര്‍ത്തിയായിരുന്നു അധികാരവ്യവസ്ഥ ചരിത്രഗതികളെ നിയന്ത്രിച്ചുപോന്നിരുന്നത്.

ഭരണാധികാരത്തിന്റെ പൂര്‍വ്വരൂപമായിരുന്നു രാജാവ്. ഏറ്റവും ശക്തമായ ബിംബവുമായിരുന്നുവത്. അതിന് താഴെയായിരുന്നു മറ്റെല്ലാ ഭരണക്രമീകരണങ്ങളും വിന്യസിച്ചിരുന്നത്. ഇടപ്രഭു, നാടുവാഴി എന്നിങ്ങനെയുള്ള ഭരണവ്യവസ്ഥയ്ക്ക് മീതെ ആരൂഢസ്ഥനായി രാജാവ് നിലകൊണ്ടു. ഏറെ ഭക്തിയും ആദരവും ബഹുമാനവും ഉണര്‍ത്തുന്ന, മോഹിപ്പിക്കുന്ന പദവിതന്നെയായിരുന്നു അത്.

രാജത്വം മനോഹരമായ അവസ്ഥയാണ്. രാജാവായിരിക്കുന്ന അവസ്ഥയാണത്. രാജാവിന്റെ വിപരീതദിശയാണ് പ്രജ. അങ്ങനെ രാജശബ്ദവും പ്രജാശബ്ദവും ദ്വന്ദ്വമാനം കൈവരിക്കുന്നു. രാജാവ് ഭരിക്കുകയും പ്രജകള്‍ ഭരണത്തിന് വിധേയരാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് മേഖലയിലും സമതുലനാവസ്ഥ പലപ്പോഴും കൈവരിക്കപ്പെടുന്നുമില്ല. അസന്തുലിതയും അസമതയും ഇവയുടെ പൊതുസ്വഭാവമാണ്.

ഭരിക്കുന്ന ആളുടെ അവകാശമാണ് അധികാരം, സമ്പത്ത്, പദവി, ഉന്നതസ്ഥാനങ്ങള്‍, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍… തുടങ്ങിയ പലതും. ഭരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് ഇവയെല്ലാം അന്യമാണ്. ജനാധിപത്യത്തിന്റെ ആവീര്‍ഭാവത്തോടെയാണ് ഭരിക്കപ്പെടുന്നവരും ഭരിക്കുന്നവരും തമ്മിലുള്ള മേല്പ്പറഞ്ഞ അന്തരം കുറെയെങ്കിലും വ്യത്യാസപ്പെട്ടത്. എങ്കിലും ഈ അന്തരം തുല്യത കൈവരിക്കുന്ന അവസ്ഥ ഇനിയും കൈവരിച്ചിട്ടുമില്ല.

സമകാലീന ലോകത്തിലെ ഓരോ ഭരണാധികാരിയും ഓരോ സേച്ഛാധിപതിയും ഓരോ സ്വാര്‍ത്ഥമോഹിയുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഓരോ സംഭവങ്ങളിലൂടെയും. സ്വന്തം കാലടിപ്പാടുകളെ നോക്കി മാത്രമാണ് അവരുടെ സഞ്ചാരം. അവര്‍ മറ്റൊന്നും കാണുന്നില്ല… അവര്‍ മറ്റൊന്നും കേള്‍ക്കുന്നില്ല. ആത്മരതിയില്‍ മുഴുകിപ്പോവുകയാണ് നമ്മുടെ നേതാക്കന്മാരെല്ലാം.

ഇനി ക്രിസ്തു എന്ന രാജാവിലേക്ക് നോക്കൂ. ദൈവത്തിന്റെ അധികാരമായിരുന്നു ക്രിസ്തുവിന് കിട്ടിയത്. എന്നിട്ടും എല്ലാ അധികാരങ്ങളെയും നിര്‍മമ്മതയോടെ വീക്ഷിക്കാനാണ് ക്രിസ്തു തയ്യാറായത്. എല്ലാ അധികാരങ്ങളും ദൈവത്തില്‍ നിന്നാണെന്നും ദൈവത്തില്‍നിന്ന് അധികാരം കിട്ടിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കെന്ന വിധിക്കാന്‍ അവകാശമുണ്ടാവുമായിരുന്നില്ലെന്നും ക്രിസ്തു രേഖപ്പെടുത്തുന്നുണ്ട്. അധികാരത്തിന് സ്വയം കീഴ്‌പ്പെടുമ്പോഴും അധികാരത്തിന്റെ ഉന്മത്തതകള്‍ക്കെതിരെ കലഹിക്കുന്ന സ്വരമാണ് ക്രിസ്തുവിന്റേത്. അധികാരത്തെ മറ്റൊരാളെ കീഴ്‌പ്പെടുത്താനോ അയാളുടെ മേല്‍ അധീശത്വം വെളിവാക്കാനോ ഉള്ള ഉപാധിയായി ക്രിസ്തു കണ്ടിരുന്നുമില്ല.

ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ വിവിധമുഖങ്ങള്‍ വിവിധതലങ്ങളിലായി ക്രിസ്തു പ്രകടിപ്പിക്കുന്നുണ്ട്. ചിലപ്പോഴത് അനുകമ്പയുടെയും ആര്‍ദ്രതയുടെയും രൂപത്തിലാണെങ്കില്‍ മറ്റുചിലപ്പോള്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മുഖക്കൂട്ടിലായിരിക്കും. കണ്ണീരൊപ്പുന്നവനും കൂടെ കരയുന്നവനുമായി പ്രത്യക്ഷപ്പെടുന്ന ക്രിസ്തു, സഹജന്റെ ഏതവസ്ഥയിലും താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന, അതിനോട് സമരസപ്പെടാന്‍ കഴിയുന്ന ഒരു ഭരണകര്‍ത്താവായി മാറുന്നു. തിരഞ്ഞെടുപ്പുകാലങ്ങളില്‍ മരണവീടെന്നോ കല്യാണവീടെന്നോ ഭേദമില്ലാതെ കയറിയിറങ്ങി അതാതിടങ്ങളില്‍ കൃത്രിമമായ വേഷമണിയുന്ന തലമുതിര്‍ന്ന ഒരു രാഷ്ട്രീയക്കാരനെ ഓര്‍ത്തുപോവുന്നു.

ദൈവത്തിന്റെ ആലയം കച്ചവടസ്ഥലമാക്കുമ്പോള്‍ മാത്രമേ ഭരണാധികാരിയെന്ന നിലയില്‍ ക്രിസ്തു പ്രതികരിക്കുന്നുള്ളൂ. അത് ധര്‍മ്മിഷ്ഠനായ ഒരു ഭരണാധികാരിയുടെ സ്വഭാവികമായ പ്രതികരണമാണ്. യജമാനനെക്കാള്‍ വലിയ ദാസനില്ല എന്ന് രേഖപ്പെടുത്തുന്ന ക്രിസ്തു, യജമാനന്‍ എങ്ങനെയായിരിക്കണം, എന്തായിരിക്കണം എന്നും തെളിമയോടെ പറയുന്നുണ്ട്. സേവനമാണ് യജമാനന്റെ മുഖമുദ്രയെന്നാണ് ക്രിസ്തു അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവയ്ക്കുന്നത്. ഏതെങ്കിലും ഒരാളുടെ യജമാനന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ അവന്റെ ദാസനായിരിക്കണം.
അത് മറ്റൊരാളെ പരിഗണിക്കുകയും അവനോട് താദാത്മ്യപ്പെടാനുമുള്ള അനിതരസാധാരണമായ കഴിവിനെയായിരിക്കണം. ദാസന്‍ എന്നതിലൂടെ ക്രിസ്തു ഉദ്ദേശിച്ചിരിക്കുക. സ്വന്തം സ്വാര്‍ത്ഥതയെ അതിജീവിക്കാനുള്ള മാനസികചക്രവാളത്തിന്റെ വികാസവുമാണ് അത്.

ഇന്നത്തെ എത്ര നേതാക്കള്‍ക്കുണ്ട് ക്രിസ്തു അഭിലഷി ക്കുന്ന ഇത്തരം ഗുണങ്ങള്‍? ജനങ്ങളുടെ കണ്ണീരൊപ്പാന്‍, ജനങ്ങള്‍ ക്കുവേണ്ടി ജനങ്ങളോടൊപ്പം ചിന്തിക്കാന്‍ അവരിലെത്രപേര്‍ക്ക് സാധിക്കുന്നുണ്ട്? സ്വാര്‍ത്ഥതയുടെ ലക്ഷ്മണരേഖകള്‍ മറികടന്ന്, അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവരിലെത്രപേര്‍ മനസ്സ് വയ്ക്കുന്നുണ്ട്?

കര്‍ത്തൃപ്രാര്‍ത്ഥനയില്‍ അര്‍ത്ഥമറിയാതെ നാം ആവര്‍ത്തിക്കുന്ന ആ പ്രാര്‍ത്ഥന, അര്‍ത്ഥമറിഞ്ഞ് ചൊല്ലാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍… ഇനി നമുക്കും ആ പ്രാര്‍ത്ഥന ആവര്‍ത്തിക്കാം… നിന്റെ രാജ്യം വരേണേ…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login