പരസ്യത്തില്‍ മറിയവും യേശുവും, പരസ്യങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്ന് മെത്രാന്മാര്‍, ആവാമെന്ന് കോടതി

പരസ്യത്തില്‍ മറിയവും യേശുവും, പരസ്യങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്ന് മെത്രാന്മാര്‍, ആവാമെന്ന് കോടതി

ലിത്വേനിയ: കിഴക്കന്‍ യൂറോപ്പിലെ ലിത്വേനിയായില്‍ പരസ്യത്തില്‍ യേശുവും മറിയവും ഇടം പിടിച്ചതിനെതിരെ മെത്രാന്മാര്‍ പ്രതിഷേധിച്ചപ്പോള്‍ കോടതി ആ പ്രതിഷേധത്തെ തള്ളിക്കളഞ്ഞു. പരസ്യത്തില്‍ യേശുവും മറിയവും പോലെയുള്ള മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മെത്രാന്മാരുടെ നിലപാട്.

എന്നാല്‍ ആ പ്രതിഷേധത്തെ യൂറോപ്യന്‍ യൂണിയന്‍ കോടതി തള്ളിക്കളഞ്ഞു. സെകമാദിയേനീസ് എന്ന സ്വകാര്യ കമ്പനിയാണ് പരസ്യചിത്രീകരണങ്ങളില്‍ യേശുവിന്റെയും മറിയത്തിന്റെയും ബിംബങ്ങള്‍ ഉപയോഗിച്ചത്. ഇത് തെറ്റാണെന്നും ക്രൈസ്തവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നുമായിരുന്നു ലിത്വേനിയന്‍ മെത്രാന്‍ സമിതിയുടെ ഹര്‍ജി. മതാത്മക ബിംബങ്ങള്‍ പരസ്യകലയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് കോടതി വിധി.

യേശുവിന്റെയും മറിയത്തിന്റെയും ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ചു തരം താഴ്ത്തുന്നത് മതനിഷേധമാണെന്നും മതവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനുളള തുടക്കമായി ഇത് മാറുമെന്നും മെത്രാന്‍ സംഘം തലവന്‍ ആര്‍ച്ച് ബിഷപ് ഗ്രുസാസ് പ്രസ്താവനയില്‍ ആരോപിച്ചു.

You must be logged in to post a comment Login