ക്രൈസ്തവരേ ജാഗരൂകരായിരിക്കുക, നമ്മെ തകര്‍ക്കാന്‍ ചര്‍ച്ച് ബില്‍ വരുന്നൂ..

ക്രൈസ്തവരേ ജാഗരൂകരായിരിക്കുക, നമ്മെ തകര്‍ക്കാന്‍ ചര്‍ച്ച് ബില്‍ വരുന്നൂ..

തൃശൂര്‍: ക്രൈസ്തവരെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ‘ചര്‍ച്ച് ബില്‍’ വരുന്നു.ഭരണഘടനയ്ക്കും വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും വിരുദ്ധമാണ് ഈ ബില്‍ എന്ന് വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ് ഇടവകാംഗങ്ങളില്‍ നിന്ന് എടുത്തു കളഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളെ ഏല്‍പിക്കുകയുമാണ് ബില്ലിന്റെ ഗൂഢലക്ഷ്യം. ക്രൈസ്തവരുടെ എല്ലാ സമ്പത്തും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് ഇതിലൂടെ നടത്തുന്നത്.

ഭരണഘടനയിലെ 26-ാം വകുപ്പ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷയുടെ നഗ്നമായ ലംഘനമാണ് നിര്‍ദ്ദിഷ്ട ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും മതസ്ഥാപനം ആരംഭിക്കാനും ഭരിക്കാനും അതിനു വേണ്ട നിയമമുണ്ടാക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനാ വകുപ്പാണിത്.

എന്നാല്‍ ചര്‍ച്ച് ബില്‍ പറയുന്നത് മെത്രാന്മാരും വൈദികരും ആത്മീയശുശ്രൂഷകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ്. അതുപോലെ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും സഭായോഗത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അധികാരമേയുള്ളൂ. ഭൗതികകാര്യങ്ങള്‍ സര്‍ക്കാര്‍ നിയമിക്കുന്ന കമ്മീഷണറുടെ ചുമതലയിലായിരിക്കും. നിലവിലുള്ള എല്ലാ ക്രൈസ്തവ സഭാനിയമങ്ങളും ബില്‍ നിയമമാകുന്നതോടെ അസാധുവാക്കപ്പെടും. കമ്മീഷണറുടെ അധികാരപരിധിയില്‍ സെമിനാരികള്‍, ആശുപത്രികള്‍, സ്‌കൂള്‍, കോളജ്, അനാഥാലയങ്ങള്‍, ധ്യാനകേന്ദ്രങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവയും അവയുടെ സമ്പത്തും ഉള്‍പ്പെടും . ഇവയാണ് ബില്ലിലെ മറ്റ് വ്യവസ്ഥകള്‍.

ഇടതുചായ്‌വുള്ള ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ക്രൈസ്തവര്‍ക്കെതിരെ തിരിയുന്നു  എന്നതിന്‍റെ സൂചനാണ്  ചര്‍ച്ച് ബില്‍ വ്യക്തമാക്കുന്നതെന്ന് സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാ വിരുദ്ധവും ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് തകര്‍ക്കുന്നതുമായ ചര്‍ച്ച്ബില്ലിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട കേരള ന്യൂനപക്ഷ കമ്മീഷന്‍ തന്നെ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് അവരെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിശ്വാസികള്‍ ജാഗരൂകരായിരിക്കണം. മാര്‍ താഴത്ത് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login