കേരള കത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന ചില ഭ്രമങ്ങള്‍ ഒരു തുറന്നെഴുത്ത്..! എന്റെ പിഴ, എന്റെ പിഴ…..

കേരള കത്തോലിക്കാസഭയെ ബാധിച്ചിരിക്കുന്ന ചില ഭ്രമങ്ങള്‍ ഒരു തുറന്നെഴുത്ത്..! എന്റെ പിഴ, എന്റെ പിഴ…..
പള്ളിഭ്രമം:
ദൈവജനത്തിന് പ്രാര്‍ത്ഥനയ്ക്കായ് ഒരുമിച്ചുകൂടുവാന്‍ ദേവാലയങ്ങള്‍ ആവശ്യമാണ്. അംബരചുംബികളും അതിവര്‍ണ്ണാഭവുമായ രാജകൊട്ടാരങ്ങള്‍ ആവശ്യമില്ല.അത്യാവശ്യം ഉറപ്പുള്ളതും മനോഹരവും ആവശ്യത്തിനു വലിപ്പമുള്ളതും തങ്ങളുടെ കൊക്കില്‍ ഒതുങ്ങുന്നതുമായ ദേവാലയങ്ങള്‍ ആവശ്യമുള്ളിടത്തൊക്കെ നിര്‍മ്മിക്കുവാന്‍ ദൈവജനങ്ങള്‍ തങ്ങളുടെ ഇല്ലായ്മയില്‍ നിന്നും പണ്ടുമുതലെ സന്തോഷത്തോടെ കൊടുക്കാറുണ്ട്. പക്ഷെ ഇന്ന് അതല്ല പള്ളി പണിക്ക് താല്‍പ്പര്യം കാണിച്ച വൈദീകന്റെ സാമാന്യ ബോധമില്ലാത്ത ചിലതീരുമാനങ്ങള്‍ കാരണം ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളാണ് ഇടവകകളിലുള്ളത്. കൊടുത്ത് കൊടുത്ത് ജനം അവശരായിട്ടും നിര്‍മ്മാണം എങ്ങുമെത്താതെ കിടക്കുന്ന പള്ളികള്‍ കേരളത്തിലെ എല്ലാരൂപതകളിലുമുണ്ടാകും.
ഒരുസാധാരണ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്കുവേണ്ടി തങ്ങള്‍ക്കുള്ള സാമ്പത്തീകസ്രോതസിലുള്ള ഒരു ദേവാലയം നിര്‍മ്മിക്കുന്നതിനുപകരം നവോത്ഥാനകാലഘട്ടത്തില്‍ ഇറ്റലിയിലും റോമിലുമൊക്കെയുണ്ടായ അതെ ശില്‍പചാതുരിയിലും മറ്റും അതിബ്രുഹത്തായ ദേവാലയങ്ങള്‍ ഉണ്ടാക്കാനുള്ള ആഗ്രഹം നല്ലതായിരിക്കാം പക്ഷെ പണം തരാനുള്ള ജനത്തിന്റെ അവസ്ഥയും കൂടെ കണക്കിലെടുക്കണം.
കൊടിമരഭ്രമം:
എല്ലാ കത്തോലിക്കാ ദേവാലയങ്ങളുടേയും മുറ്റത്ത് ഏതെങ്കിലുമൊരുവശത്ത് സൗകര്യപ്രദമായി സ്റ്റീലിലും മറ്റും നിര്‍മ്മിച്ച ഒരു സാധാരണകൊടിമരം വളരെ ലാളിത്യമാര്‍ന്ന ഒരു കാഴ്ചയായിരുന്നു. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണമാത്രം നടക്കുന്ന തിരുനാളുകളുടെ കൊടി ആശിര്‍വ്വദിച്ചു കയറ്റാനുള്ളതാണിത്. അതല്ലാതെ ഒരു ഉപയോഗവും ഇതുകൊണ്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നോക്കിമാത്രം നടക്കുന്ന വൈദീകരുടെ കട്ടാമ്പാരയ്ക്ക് ഇരയാവുകയാണ് ഈ എലുമ്പിച്ച കൊടിമരങ്ങള്‍. എന്നിട്ട് ദേവാലയമുറ്റത്തുതന്നെ ഭീമാകാരങ്ങളായ ചെമ്പുപൂശിയ കൊടിമരങ്ങള്‍ ലക്ഷങ്ങള്‍ പിരിവെടുത്തും / സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ചും കെട്ടിയുയര്‍ത്തുകയാണ്. നൂറുപേര്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ ഇടമില്ലാത്ത ദേവാലയമുറ്റത്തുപോലും കാണാം വലിയ ക്ഷേത്രങ്ങളുടെ മുറ്റത്ത് മാത്രം കണ്ടിരുന്ന ഈ ‘സ്വര്‍ണ്ണ കൊടിമരങ്ങള്‍’. ചുരുക്കം ചിലയിടങ്ങളില്‍ വൈദീകര്‍ മാറി മാറി വരുന്നതനുസരിച്ച് ഈ ചെമ്പുചുറ്റിയ കൊടിമരങ്ങള്‍ ഉയര്‍ന്നുവലുതായിക്കൊണ്ടിരിക്കും.മിക്കയിടങ്ങളിലും ഇടവക ജനത്തിന്റെ താല്‍പ്പര്യം ആരായാതെയാണ് ഈ കൊടിമരനിര്‍മ്മാണം. ഏറ്റവും പ്രധാനപ്പെട്ടത് കത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാനിലും അതുപോലെ റോമിലും ഇറ്റലിയിലും വിദേശരാജ്യങ്ങളിലെങ്ങും പള്ളിമുറ്റത്ത് കൊടിമരങ്ങളില്ല എന്നതാണ്.
കല്ലുപാകല്‍ ഭ്രമം:
എത്ര സുന്ദരമായിരുന്നു നമ്മുടെ ദേവാലയമുറ്റങ്ങള്‍! ആ മണ്ണില്‍ കാലൂന്നി നടന്ന് ദേവാലയത്തിലെത്തുന്നതും വേദപാഠക്ലാസിനുശേഷം അവിടെ കൂട്ടുകാരുമായി ഓടി നടക്കുന്നതുമൊക്കെ ഈ തലമുറയുടെ നഷ്ടമാണ്. ഇന്ന് ഇടവകകള്‍ തോറും വര്‍ദ്ധിച്ചുവരുന്ന മറ്റൊരു ഭ്രമമാണ് പള്ളിമുറ്റത്തു കഴിയുമെങ്കില്‍ ഒരിഞ്ച് സ്ഥലം പോലും ബാക്കിയിടാതെ ചെയുന്ന തറയോട് പാകുന്ന രീതി. ചില സ്ഥലങ്ങളില്‍ ഒരുപക്ഷെ അത് കുറച്ചൊക്കെ ആവശ്യമായേക്കാം എന്നാല്‍ ഇന്ന് ഒരാവശ്യവുമില്ലാതെ പള്ളി മുറ്റത്തുമുഴുവനുംഇങ്ങനെ കല്ലുവിരിക്കുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ലക്ഷങ്ങള്‍ മുടക്കിയിടുന്ന ഇതെല്ലാം ശരിയായ പരിപാലനയില്ലാത്തതുമൂലം മണ്ണിനടിയില്‍ മൂടപ്പെട്ടിട്ട് അതിന്റെ പുറമെ വീണ്ടും പുതിയവ ഇടുന്നതും പാവം ജനങ്ങള്‍ ചിലപ്പോള്‍ നോക്കി നില്‍ക്കേണ്ടി വന്നേക്കാം.
ഗ്രോട്ടോഭ്രമം:
ലൂര്‍ദ്ദിലേയും ഫാത്തിമയിലേയും മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെ ഗ്രോട്ടോകള്‍ വളരെ പ്രശസ്തമാണ്. അതിന്റെ മാത്രുകയില്‍ മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിലും തീര്‍ത്ഥാടനകേന്ദ്രങ്ങളിലുമൊക്കെ ഗ്രോട്ടോകള്‍ നിര്‍മ്മിക്കുന്ന രീതികള്‍ സഭയില്‍ പലയിടത്തുമുണ്ട്. കേരളത്തില്‍ അതല്ല ഏതുവിശുദ്ധന്റെ പേരിലാണുപള്ളി സ്ഥാപിതമായത് അതൊന്നും ഒരു പ്രശ്‌നവുമല്ല. ഗ്രോട്ടോ പണിയണമെന്ന് അച്ചനു വിചാരം കേറിയാല്‍ അതു പണിതെ അടങ്ങു.അതു ചെറുതൊന്നുമല്ല. ഇടവകക്കാര്‍ക്ക് വിശുദ്ധവാരം പോലുള്ള തിരക്കുപിടിച്ച ദിവസങ്ങളില്‍ മുറ്റത്ത് സ്വസ്ഥമായിട്ട് നില്‍ക്കുവാന്‍ സ്ഥലമില്ലാത്ത ദേവാലയമുറ്റത്തും കാണാം വലിയൊരു ഗ്രോട്ടോ. അതില്‍ മാതാവ് മാത്രമല്ല പറ്റുമെങ്കില്‍ സകല വിശുദ്ധരുടേയും രൂപങ്ങള്‍ സ്ഥാപിക്കും.
കമാനഭ്രമം:
മുന്‍പ് പല ദേവാലയങ്ങളും ഇങ്ങനെ തുറന്നസ്ഥലത്ത് തലയുയര്‍ത്തി നില്‍ക്കുന്ന രീതിയായിരുന്നു. അന്നെല്ലാം വൈകുന്നേരങ്ങളില്‍ ഇടവകയിലെ ചെറുപ്പക്കാരും മുതിര്‍ന്നവരും ജോലിയൊക്കെ കഴിഞ്ഞുവന്ന് പള്ളിമുറ്റത്ത് അല്‍പ്പനേരം സുഹ്രുത്തുക്കളുമായി സംസാരിച്ച് ഇരിക്കുന്ന പതിവുണ്ടായിരുന്നു .ഇന്നതൊക്കെ മാറി. മതിലുകള്‍കെട്ടിപള്ളികളെ അതിനുള്ളിലാക്കി ഇടവകക്കാരെ അകറ്റിനിര്‍ത്തുന്ന രീതി ഇപ്പോള്‍ കൂടുതലാണ്. മതിലുമാത്രമല്ല , മതിലിനുമുന്നില്‍ രാജകീയരീതിയില്‍ കോണ്‍ക്രീറ്റ് കമാനങ്ങളുയര്‍ത്തി, കുറച്ച് പ്രശസ്തിയുള്ള വിശുദ്ധരുടെ രൂപങ്ങളും നേര്‍ച്ചപ്പെട്ടികളും അതിനുതാഴെ വെണ്ണക്കല്ലില്‍ അച്ചന്റെ പേരും കൊത്തിവെക്കും. ഇതുപോലുള്ള സൗന്ദര്യവര്‍ദ്ധനത്തിന്റെ പേരില്‍ കോണ്‍ക്രീറ്റില്‍ വൈക്രുതങ്ങള്‍ കെട്ടിയുണ്ടാക്കി നശിപ്പിച്ച പള്ളിമുറ്റങ്ങളുമുണ്ട്.(പണം ഇടവകക്കാരുടേതാണ്,അച്ചന്റെ പേരും)
നേര്‍ച്ചഭ്രമം
സാധാരണയായുണ്ടായിരുന്ന കുറെ നേര്‍ച്ചാരീതികള്‍ക്ക് പുറമെ പുതിയനേര്‍ച്ചരീതികള്‍ വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ചിലയിടങ്ങളിലൊക്കെ തുടങ്ങി… തുലാഭാരം വരെയായി ആരെങ്കിലും ഗരുഡന്‍ തൂക്കം കൂടെ തുടങ്ങിയാല്‍ ഉഷാറായേനെ….
പൊളിച്ചുപണിയല്‍ ഭ്രമം:
ഈ അടുത്തകാലത്തായിട്ട് കാണുന്ന മറ്റൊരു പ്രവണത ഒരുപുതിയപള്ളിയിലേക്ക് സ്ഥലം മാറിവരുന്ന ഒരു വികാരിയച്ചന്‍ ആദ്യം നോക്കുന്നത് പൊളിച്ചുപണിയുവാനുള്ള സാദ്ധ്യത എവിടെയൊക്കെയുണ്ട് എന്നാണ്. പോയ വികാരി പൊളിച്ചു കെട്ടിയതായിരിക്കും ചിലപ്പോള്‍ ഈ വികാരി വീണ്ടും പൊളിക്കുന്നത്. ചിലയാളുകള്‍ ആവശ്യമില്ലാതെ പൊളിച്ചും കെട്ടിയും തുറസായിക്കിടന്ന വിശാലമായ പള്ളിമുറ്റമൊക്കെ നശിപ്പിക്കും. ഇടവകയിലെ ആളുകളെ സന്ദര്‍ശിക്കുകയോ അവരുടെ കാര്യങ്ങളറിയുകയോ ചെയുന്നതൊന്നും പ്രാധാന്യമില്ലാത്ത കാര്യങ്ങളായി ഇന്നു മാറിക്കഴിഞ്ഞു.
വന്ന് ഒരുമാസം കഴിയും മുന്നെ പൊളിച്ചുപണി അജന്‍ഡ അവതരിപ്പിച്ച് പിരിവു തുടങ്ങും.പിന്നെ പൊളിച്ചുപണിതുടങ്ങും. നിലവിലുള്ള സാങ്ക്ച്വറി( ബലിയര്‍പ്പിക്കുന്ന സ്ഥലം) അതാണു പലരും കണ്ണുവെക്കുന്ന ആദ്യസ്ഥലം. കോടികള്‍ മുടക്കി നിര്‍മ്മിച്ചിട്ട് പത്തുവര്‍ഷം പോലും തികയാത്ത പള്ളികളിലും ഇങ്ങനെ പൊളിച്ചുപണിചെയുന്നു എന്നതാണ് ദു:ഖകരം.
( ആവശ്യമുള്ള പള്ളികളില്‍ ചെയുന്നതിനു ആരും എതിരല്ല)
 പെരുന്നാള്‍ ഭ്രമം:
പള്ളിപ്പെരുന്നാളിനു ഒരു സോഷ്യല്‍ ആസ്‌പെക്റ്റുണ്ട് , എന്നാലും പള്ളിപ്പെരുന്നാള്‍ പള്ളിപ്പെരുന്നാള്‍ തന്നെയാണ്. പെരുന്നാള്‍ ധൂര്‍ത്തിനെക്കുറിച്ച് സര്‍ക്കുലറുകള്‍ ഒരുപാട് ഇറങ്ങുന്നുണ്ടെങ്കിലും ധൂര്‍ത്തിനുമാത്രം ഒരു കുറവുമില്ല.കുറച്ചൊക്കെ ആത്മീയതയും ബോധവും ഉള്ള ഇടവകക്കാര്‍ പെരുന്നാള്‍ദിവസം മറ്റുപള്ളികളില്‍പ്പോയി വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്ന രീതി വന്നുതുടങ്ങി.അതില്‍ നിന്നുമനസിലാക്കാം ആത്മീയോല്‍സവങ്ങളായ തിരുനാളുകള്‍ക്ക് സംഭവിച്ച അപചയം.
 ഭ്രമം പൂണ്ട് ഇങ്ങനെ ഓരോന്ന് ആവശ്യമില്ലാതെ കെട്ടിയുയര്‍ത്തുമ്പോഴും അവശ്യം ആവശ്യമായവയെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. മണിക്കൂറുകള്‍ നീണ്ട ദേവാലയകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്ക് ഉപയോഗിക്കുവാന്‍ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എത്ര പള്ളികളിലുണ്ട്? കുടിക്കുവാന്‍ ശുദ്ധജലത്തിനുള്ള സൗകര്യം എത്ര സ്ഥലങ്ങളിലുണ്ട്?
ഇതൊക്കെ ഇടവകക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയാലും ചെയണമെന്നില്ല.
*ഇതുപോലുള്ള ഒരുപാടുഭ്രമങ്ങളാണു ആത്മീയതയില്‍ നിന്നും ജനങ്ങളില്‍ നിന്നും ഞാനുള്‍പ്പെടുന്ന വൈദീകസമൂഹത്തെ അകറ്റി നിര്‍ത്തുന്നതെന്ന് എളിമയോടെ ഞാന്‍ തിരിച്ചറിയുന്നു. ഇതുപോലുള്ള ഭ്രമങ്ങളാണ് വിശ്വാസികളെ നിരീശ്വരവാദികളോ സഭാവിരോധികളോ ആക്കുന്നത്. ഇതുപോലുള്ളഭ്രമങ്ങളാണ് വൈദീകരുടെമേല്‍ കൈചൂണ്ടാന്‍ ജനങ്ങള്‍ക്ക് അവസരം കൊടുത്തത്. ഇതുപോലുള്ള ഭ്രമങ്ങളാണ് ഇടവകകളിലെ സാമ്പത്തീക വ്യവഹാരങ്ങള്‍ സുതാര്യമല്ലെന്ന് ജനം ചിന്തിക്കുവാന്‍ കാരണമായത്…
ഇതിനൊക്കെ ഒരു നിയന്ത്രണം കേരളത്തിലെ സഭാനേത്രുത്വം ഒന്നടങ്കം എടുത്ത് കര്‍ശ്ശനമായി നടപ്പില്‍ വരുത്തിയിരുന്നെങ്കില്‍എന്ന് ജനം ആഗ്രഹിക്കുന്നത് എന്തുകൊണ്ട് സഭാനേത്രുത്വം മാത്രം മനസിലാക്കുന്നില്ല.? വിശ്വാസികളാണു സഭ. അവര്‍ക്കുവേണ്ടിയാണു സഭ സ്ഥാപിതമായത്. അതുകൊണ്ട് ജനത്തിനു ആവശ്യമില്ലാത്തതെല്ലാം കെട്ടിയുയര്‍ത്തുന്നതല്ല അവര്‍ക്ക് ആവശ്യമുള്ളവ മുന്‍ഗണനാക്രമത്തില്‍ ചെയ്തുകൊടുക്കുവാന്‍ കഴിയുന്ന രീതിയില്‍ ശുശ്രൂഷാ സംവിധാനങ്ങള്‍ മാറ്റിയെഴുതപ്പെടണം.. ഇന്നത്തെ രീതിയില്‍ കൂടുതല്‍ മുന്നോട്ടുപോകാനാകില്ല.
( കുറിച്ചതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍മാത്രം)
ഫാ. ക്ലീറ്റസ് കാരക്കാടന്‍ .
(ആലപ്പുഴ രൂപത വൈദികനായ ഇദ്ദേഹം നിലവില്‍ യു.എസിലാണ് സേവനം ചെയ്യുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം ഇത് കുറിച്ചിരിക്കുന്നത്. വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നു കിട്ടിയത്)

You must be logged in to post a comment Login