വാഹന പണിമുടക്കിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സിഎസ്‌ഐ സഭ

വാഹന പണിമുടക്കിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സിഎസ്‌ഐ സഭ

കോട്ടയം: ഇന്നലെ നടന്ന വാഹന പണിമുടക്കില്‍ ട്രേഡ് യൂണിയനുകള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സിഎസ്‌ഐ സഭ. ആദ്യമായിട്ടാണ് ഇങ്ങനെയൊരു വിഷയത്തില്‍ സഭാ നേതാക്കള്‍ ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(സിഎസ്‌ഐ) സഭയിലെ ബിഷപ് തോമസ് കെ ഉമ്മന്‍ ആണ് പുതിയ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയത്. കൂടെ അദ്ദേഹത്തിന്റെ ഭാര്യ സൂസന്‍ തോമസും ഉണ്ടായിരുന്നു.

ചാലുകുന്നിലുള്ള ബിഷപ്‌സ് ഹൗസ് മുതല്‍ ബേക്കര്‍ മൈതാനം വരെ ബിഷപും സംഘവും നടന്നു. ജൂബിലി മെമ്മോറിയല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു അത്. സഭാംഗങ്ങള്‍ ആരും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി വാഹനത്തില്‍ വരരുത് എന്നും മോട്ടോര്‍ വാഹന പണിമുടക്കിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ബിഷപ് നേരത്തെ തന്നെ കര്‍ശനനിര്‍ദ്ദേശം നല്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹവും നടന്ന് എത്തിയത്. അത് മറ്റൊരു തരത്തില്‍ പ്രതിഷേധപ്രകടനം കൂടിയായിരുന്നു.

കൊടിയുടെ നിറം നോക്കിയല്ലതങ്ങളുടെ പ്രതികരണമെന്നും ഇന്ധനവില വര്‍ദ്ധനവിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന സിഎസ്‌ഐ സഭയിലെ ഉള്‍പ്പടെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഇതെന്നും ബിഷപ് ഉമ്മന്‍ വ്യക്തമാക്കി.സിഎസ്‌ഐ സഭയില്‍ 45 ലക്ഷത്തോളം വിശ്വാസികളുണ്ട്.

You must be logged in to post a comment Login