കുമ്പസാരരഹസ്യം പുറത്തു പറയുമോ?

കുമ്പസാരരഹസ്യം പുറത്തു പറയുമോ?

അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയുമായ കുമ്പസാരം എന്ന കൂദാശയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലെ പ്രധാന ചര്‍ച്ച. ഈ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവരില്‍ ഭൂരിപക്ഷവും കുമ്പസാരം എന്ത് എന്ന് അറിഞ്ഞുകൂടാത്തവരാണ്.

സ്ത്രീകളെ കുമ്പസാരിപ്പിക്കാന്‍ സ്ത്രീകള്‍ വേണമെന്നും കുമ്പസാരം അവസാനിപ്പിക്കണമെന്നുമൊക്കെ കോലാഹലം മുഴക്കുന്നവര്‍ എന്താണ് കുമ്പസാരമെന്നോ അതിന്റെ പവിത്രതയും വിശുദ്ധിയും എന്താണെന്നോ മനസ്സിലാക്കുന്നുണ്ടോ? കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലി കഴിച്ചിട്ടുള്ള എത്രയോ വിശുദ്ധരും പേരുവിളിക്കപ്പെടാത്ത പുണ്യാത്മാക്കളുമുണ്ടെന്ന് അറിയാമോ?

കുമ്പസാരരഹസ്യം വെളിപ്പെടുത്താതിന്റെ പേരില്‍ വധിക്കപ്പെട്ട പുണ്യവാന്മാരെക്കുറിച്ചുള്ള ചരിത്രങ്ങളില്‍ ആദ്യം കടന്നുവരുന്നത് വിശുദ്ധ ജോണ്‍ നെപ്യൂംസാന്‍ ആണ്. കുമ്പസാരരഹസ്യം സൂക്ഷിക്കാന്‍ വേണ്ടി കൊല്ലപ്പെട്ട ആദ്യത്തെ രക്തസാക്ഷിയായിട്ടാണ് ഈ വിശുദ്ധനെ സഭ വണങ്ങുന്നത്. പ്രേഗിലെ വികാര്‍ ജനറാളായിരുന്നു വിശുദ്ധന്‍. പത്‌നിയുടെ കുമ്പസാരരഹസ്യം വെളിപ്പെടുത്തണണെന്ന് വെന്‍സെലാസ് രാജാവ് വിശുദ്ധനോട് ആവശ്യപ്പെട്ടു. എന്നാല്‍ രാജകല്പന അനുസരിക്കാന്‍ ജോണ്‍ തയ്യാറായില്ല. അനേകം സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും വിശുദ്ധന്‍ കുമ്പസാരരഹസ്യം വെളിപെടുത്തുകയില്ലെന്ന നിലപാടില്‍ അടിയുറച്ചുനിന്നു. ഒടുവില്‍ രോഷാകുലനായ രാജാവ് വിശുദ്ധനെ നദിയില്‍ എറിഞ്ഞു കൊല്ലുകയായിരുന്നു.

മെക്‌സിക്കോയിലെ ക്രിസ്്‌റ്റേറോ യുദ്ധത്തില്‍ തടവുകാരുടെ കുമ്പസാരരഹസ്യം വെളിപെടുത്താത്തതിന്റെ പേരില്‍ വെടിയേറ്റ് മരിച്ച വിശുദ്ധനാണ് മാറ്റോ കോറിയ മഗല്ലന്‍സ്. 1927 ല്‍ മെക്‌സിക്കന്‍ ആര്‍മി അദ്ദേഹത്തെ അറസ്റ്റ്് ചെയ്തു. തടവുകാരുടെ കുമ്പസാരം കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട അദ്ദേഹത്തോട് ജനറല്‍ ആവശ്യപ്പെട്ടത് കുമ്പസാരരഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്നായിരുന്നു. പക്ഷേ ഫാ. മാറ്റോ അതിന് വിസമ്മതം രേഖപ്പെടുത്തി. അതിന്റെ ഫലമായി അദ്ദേഹത്തിന് ജീവന്‍ നഷ്ടമായി. 2000 മെയ് 21 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് കുമ്പസാരരഹസ്യം പാലിക്കാന്‍ വേണ്ടി ജീവന്‍ വെടിഞ്ഞവരാണ് ഫാ. ഫെലിപ്പിയും ആന്ദ്രെയും. നിങ്ങള്‍ക്ക് വേണ്ടത് കുമ്പസാരരഹസ്യമാണെങ്കില്‍ അതൊരിക്കലും തുറന്നുപറയാന്‍ കഴിയില്ല. അതിലും ഭേദം മരിക്കുന്നതാണ്. ഇതായിരുന്നു സൈന്യത്തോടുള്ള അവരുടെ ധീരമായ മറുപടി. സ്പാനീഷ്പട്ടാളക്കാരുടെ വെടിയേറ്റ് മരിക്കുമ്പോള്‍ യഥാക്രമം അവര്‍ക്ക് 71 ഉം 51 ഉം വയസായിരുന്നു. അവരുടെ നാമകരണനടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മേല്‍പ്പറഞ്ഞവരെപോലെ തന്നെ സ്‌പെയ്‌നിലെ ആഭ്യന്തരയുദ്ധകാലത്ത് കുമ്പസാരത്തിന് വേണ്ടി രക്തസാക്ഷിയായ വ്യക്തിയായിരുന്നു ഫാ. ഫെര്‍നാന്‍ഡോ റിഗ്വേറ. നിരവധി ശാരീരികപീഡനങ്ങള്‍ വഴി അദ്ദേഹത്തിന്റെ മനസ്സ് മാറ്റാന്‍ അധികാരികള്‍ ശ്രമിച്ചെങ്കിലും കുമ്പസാരരഹസ്യം വെളിപ്പെടു്ത്തുകയില്ലെന്ന് തുറന്ന്പറഞ്ഞ അച്ചനെ പട്ടാളക്കാര്‍ ഒടുവില്‍ വെടിവച്ചുകൊല്ലുകയായിരുന്നു. 2013 ഒക്ടോബര്‍ 13 ന് ഫാ. ഫെര്‍നാന്‍ഡോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ഇങ്ങനെ കുമ്പസാരരഹസ്യം സൂക്ഷിക്കാന്‍ വേണ്ടി ജീവത്യാഗം ചെയ്തവരുടെ ചരിത്രങ്ങള്‍ നീണ്ടുപോകുന്നു. ഇതാണ് കത്തോലിക്കാസഭയുടെ ചരിത്രവും. ഇതിനെതിരെയുള്ളതെല്ലാം സഭയെ തകര്‍ക്കാനും അല്പവിശ്വാസികളെ വട്ടം ചുറ്റിക്കാനുമുള്ള കുടിലതന്ത്രങ്ങളാണ്. അതുകൊണ്ട് കുമ്പസാരത്തെ നാം ഒരിക്കലും ഭയപ്പെടരുത്..അത് ഒഴിവാക്കുകയുമരുത്.
നമ്മുക്ക് ദൈവകരുണ വാങ്ങിത്തരുന്ന കൃപയുടെ സങ്കേതമാണ് കുമ്പസാരക്കൂട്.

ഓരോ കുമ്പസാരക്കൂടിലും ക്രിസ്തുവാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് അവിടെ യാതൊരുവിധത്തിലുമുള്ള അരക്ഷിതാവസ്ഥയും ഉണ്ടാവുകയില്ല.പാശ്ചാത്യനാടുകളില്‍ ബാലലൈംഗികപീഡനം കുറയ്ക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ഭരണകൂടം നടപ്പില്‍ വരുത്താന്‍ പോകുന്ന പുതിയൊരു നിയമത്തെക്കുറിച്ചും അതിനോടുള്ള വൈദികരുടെ പ്രതികരണത്തെക്കുറിച്ചൂകൂടി അറിയുമ്പോള്‍ ഇക്കാര്യം കൂടുതല്‍ മനസ്സിലാവും. കാരണം കുമ്പസാരരഹസ്യം പാലിക്കാന്‍ മരണംവരിച്ചവര്‍ നമുക്ക് അപരിചിതരോ മറ്റേതോ കാലത്ത് ജീവിച്ചിരുന്നവരുമാണെങ്കില്‍ ഇവര്‍ നമ്മുടെ കാ ലഘട്ടത്തില്‍ തന്നെ ജീവിച്ചിരിക്കുന്നവരാണ്. ലൂസിയാനയിലും ഓസ്‌ട്രേലിയായിലുമാണ് ബാലലൈംഗികപീഡനം കുറയ്ക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ വൈദികരോട് കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നതും അതിന് വേണ്ടി നിയമം കൊണ്ടുവരുന്നത്.

നിയമമാകുമ്പോള്‍ അനുസരിക്കാന്‍ വൈദികര്‍ നിര്‍ബന്ധിതരാകും. എതിര്‍ത്താല്‍ കഠിനശിക്ഷകള്‍ക്ക് വിധേയരുമാകാം. ഇതാണ് സാഹചര്യമെന്നിരിക്കെ ഈ നിയമത്തോട് കത്തോലിക്കാ വൈദികര്‍ പ്രതികരിച്ചത് എങ്ങനെയെന്നറിയണ്ടെ? കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിലും ഭേദം മരിക്കുന്നതോ ജയിലില്‍ പോകുന്നതോ നല്ലതാണ് എന്നാണ്. അത് പറയാന്‍ അവരെ പ്രേരിപ്പിച്ചതാകട്ടെ തങ്ങളുടെ മുന്നിലുള്ള മാതൃകകളും.

കക്ഷി വഴക്കുകളുടെയും സ്വാര്‍ത്ഥതാല്പര്യങ്ങളുടെയും പേരില്‍ ബലി കഴിക്കാനുള്ളതല്ല കുമ്പസാരമെന്ന പവിത്രമായ കൂദാശ. കുറവുകളും കുറ്റങ്ങളുമുള്ള വ്യക്തിയായിരുന്നിട്ടും ഒരു വൈദികന്‍ പോലും ഇന്നേവരെ കുമ്പസാരരഹസ്യം പുറത്തുപറഞ്ഞതായി കേട്ടിട്ടില്ല, കാരണം കുമ്പസാരം എന്ന കൂദാശയില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ട് എന്നതുതന്നെ. പാപങ്ങള്‍ ഏറ്റുപറയുന്നത് അവിടെ ദൈവത്തോടാണ്. അതുകൊണ്ട് കൂടുതല്‍ വിശ്വാസത്തോടെ,സ്‌നേഹത്തോടെ, നമുക്ക് കുമ്പസാരക്കൂട്ടില്‍ അണയാം.

You must be logged in to post a comment Login