ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസം അറിയാമോ?

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വ്യത്യാസം അറിയാമോ?

വിശുദ്ധമായവ വിശുദ്ധിയോടെ പരികര്‍മ്മം ചെയ്യുന്നവര്‍ വിശുദ്ധരാകുന്നു എന്ന് വി. കുര്‍ബാനയില്‍ നാം പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധിയോടെ പരികര്‍മ്മം ചെയ്യേണ്ട ഒരു കൂദാശ തന്നെ വിവാഹജീവിതവും. എത്രയെത്ര കാര്യങ്ങളുടെ അനുസ്മരണമാണ് വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന ഓരോ വിവാഹജീവിതത്തിലും അരങ്ങേറുന്നത്. അതില്‍ തിരുപ്പിറവിയും അത്ഭുതങ്ങളും കുരിശുമരണവും ഉത്ഥാനവും എല്ലാമുണ്ട്. സമര്‍പ്പിക്കാന്‍ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ അതിലേക്ക് പ്രവേശിക്കാനാവൂ.

സമര്‍പ്പണം എന്ന വാക്കിനെ സന്യസ്തജീവിതവുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അത്രയ്ക്കും പരിമിതാര്‍ത്ഥമൊന്നുമല്ല സമര്‍പ്പണം എന്ന വാക്കിനുള്ളത്. ഏതൊരു കര്‍മ്മമേഖലയിലും ഒഴിച്ചുനിര്‍ത്താനാവാത്തതാണ് സമര്‍പ്പണം.

നോക്കൂ, ഇതെഴുതുമ്പോള്‍പോലും സമര്‍പ്പണം ആവശ്യപ്പെടുന്നുണ്ട്. മനസ്സും ശരീരവും ചിന്തകളും വ്യതിചലിക്കാതിരിക്കുകയും ഏകകേന്ദ്രീകൃതമാവുകയും ചെയ്യണമതില്‍. ഒരു തരം ധ്യാനമാണത്. മറ്റൊന്നിലേക്കും ശ്രദ്ധപാളിപോകരുത്. മറ്റൊന്നും നിന്നെ കീഴടക്കരുത്. ജാലകപ്പാതിയിലൂടെ കാണുന്ന കാഴ്ചകളോ കാറ്റിന്റെ ചാഞ്ചാട്ടമോ പോലും നിന്റെ ശ്രദ്ധയെ പതറിപ്പിക്കരുത്.

ജാഗ്രതയോടെ നടക്കേണ്ട ഒരു ഒറ്റവരിപ്പാത തന്നെയത്. ദാമ്പത്യജീവിതത്തില്‍ മറ്റെന്തെല്ലാം ഒഴിവാക്കിയാലും ഈ വാക്ക് നിങ്ങള്‍ക്ക് ഒഴിവാക്കാനാവില്ല. ആ വാക്കാണ് സമര്‍പ്പണം.
നിങ്ങള്‍ ജീവിതപങ്കാളിക്ക് വേണ്ടി, മക്കള്‍ക്കുവേണ്ടി എന്തുമാത്രം സമര്‍പ്പണം ചെയ്തു എന്നതാണ് നിങ്ങളെ ലഭിച്ച വിളിയില്‍ വിശ്വസ്തനാക്കുന്നത്.

മറ്റേതെങ്കിലും ജീവിതാന്തസിനെക്കാള്‍ സമര്‍പ്പണം ആവശ്യപ്പെടുന്ന ഒന്നാണ് ദാമ്പത്യംഎന്ന് അതില്‍ ആയിരിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. സന്യാസത്തിലെ ഒരാളുടെ സമര്‍പ്പണക്കുറവ് അയാളെ മാത്രമേ ബാധിക്കുന്നുള്ളൂ. നിങ്ങള്‍ തര്‍ക്കത്തിന് വന്നേക്കാം. എങ്കിലും ദാമ്പത്യജീവിതത്തിലെ ഒരാളുടെ സമര്‍പ്പണക്കുറവിനോളം കുറ്റകരമായ അനാസ്ഥയാകുമോ അത്? ക്രിസ്തു ഒരു സന്യസ്തന്റെ പിഴവുകള്‍ പൊറുത്തേക്കാം. എന്നാല്‍ ദാമ്പത്യം അങ്ങനെയല്ല.

ഒപ്പം ജീവിക്കുന്ന പങ്കാളിയുടെ സമര്‍പ്പണക്കുറവ് ആരെയെല്ലാമാണ് ബാധിക്കുന്നത്? ദാമ്പത്യത്തില്‍ ആരോടെല്ലാമാണ് സമര്‍പ്പണം ചെയ്യേണ്ടത്? ആദ്യമായും അവസാനമായും സമര്‍പ്പണത്തിന്റെ തോതും അതിന്റെ പിന്നിലെ സത്യസന്ധതയും വ്യക്തമാക്കേണ്ടത് ക്രിസ്തുവിനോടുതന്നെ. കാരണം ക്രിസ്തുവാണല്ലോ രണ്ടുപേരെ തമ്മില്‍ ദാമ്പത്യത്തില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നെ ഭാര്യ…മക്കള്‍… ആരോടൊക്കെയാണ് പ്രതിബദ്ധത..

ഒരു സന്ന്യാസിയുടേതിനെക്കാള്‍ ദാമ്പത്യജീവിതത്തിലെ ഇണകളിലൊരാളുടെ സമര്‍പ്പണക്കുറവ് ജീവിതക്രമത്തെ ആകമാനം തകിടം മറിക്കും. തീര്‍ച്ച.

ഇന്‍ഷ്വര്‍ ചെയ്യൂ, ഭദ്രത നേടൂ എന്നത് എല്‍ ഐസിയുടെ പരസ്യവാചകമാണ്. പക്ഷേ ആലോചിച്ചുനോക്കുമ്പോള്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് എന്ത് ഭദ്രതയാണ് അവകാശപ്പെടാനുള്ളത്? അവര്‍ക്കെവിടെയാണ് ഇന്‍ഷുറന്‍സ്… ഒരു സ്ത്രീധനമരണം… കൊലപാതകം.. എന്തെല്ലാം സാധ്യതകളാണ് അവള്‍ക്കുള്ളത്!

പുരുഷനെ വിശ്വസിക്കാനും അവന്റെ ഒപ്പം ജീവിക്കാനും തീരുമാനിക്കുന്നതിലും അപ്പുറം ഒരു സ്ത്രീ ജീവിതത്തില്‍ എന്തു ധൈര്യമാണ് കാണിക്കേണ്ടത്? ഏതൊക്കെ തരത്തില്‍ വൈകൃതങ്ങളുള്ള ഒരാളാണ് തന്റെ ഭര്‍ത്താവെന്ന് അവളെങ്ങനെയറിയാന്‍? വിവാഹത്തിന് മുമ്പുള്ള അന്വേഷണങ്ങള്‍ ഒരു പരിധിവരെ മാത്രമേ ഒരാളെ വെളിപ്പെടുത്തുന്നുള്ളൂ. ഐസ് ബര്‍ഗിന്റെ കാര്യം പറയുന്നതുപോലെ കൂടുതല്‍ ഭാഗവും തിരിച്ചറിയാതെ കിടക്കുന്നു.

അപരിചിതനായ ഒരു പുരുഷന്റെ ഒപ്പം എന്തു ഉറപ്പിലാണ് അവള്‍ ജീവിതം ആരംഭിക്കാന്‍ തീരുമാനിക്കുന്നത്? അതിലും കൂടുതല്‍ സമര്‍പ്പണം ഒരാളും ചെയ്യാനില്ല. ഏതു വശത്തുനിന്നും നോക്കുമ്പോള്‍ പുരുഷന്റേതിനെക്കാള്‍ എത്രയോ വലിയ സമര്‍പ്പണമാണ് സ്ത്രീയുടേത്. ഇന്നുമുതല്‍ മരണംവരെ സമ്പത്തിലും ദാരിദ്രത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒന്നിച്ചുജീവിക്കാമെന്ന് വാക്കുകൊടുക്കുന്നതിലും വലിയ എന്തു സമര്‍പ്പണമാണ് ഒരാള്‍ക്ക് നടത്തുവാനുള്ളത്?

സമര്‍പ്പണപാത തിരഞ്ഞെടുത്ത ഒരാള്‍ക്ക് അതിനോടു നീതിപുലര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അതുവിട്ടുപേക്ഷിക്കാം. അതയാളുടെ മാത്രം തീരുമാനമാണ്. അതിന്റേ പേരില്‍ അയാള്‍ കുറെയൊക്കെ അപമാനങ്ങളും തെറ്റിദ്ധാരണകളും കേള്‍ക്കേണ്ടി വന്നേക്കാമെങ്കിലും. പക്ഷേ വിവാഹജീവിതത്തില്‍ നിന്ന് ഒരാള്‍ക്ക് വേര്‍പിരിഞ്ഞുപോകാനാവില്ല, അയാള്‍ക്ക് മനസ്സാക്ഷിയുണ്ടെങ്കില്‍… ആ പിരിഞ്ഞുപോകല്‍ ഒരാളെ മാത്രമല്ല ബാധിക്കുന്നതും. പിന്നില്‍ ഒറ്റയ്ക്കാവുന്ന എത്രയോ പേരെയാണ് അത് ബാധിക്കുന്നത്.

ബ്രഹ്മചര്യത്തെക്കാള്‍ താഴേക്കിടയിലാണ് വൈവാഹികജീവിതമെന്ന് അടുത്തകാലം വരെ ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്താണെന്ന് ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. സന്യസ്തസമൂഹത്തിന് ഒരു കമ്മ്യൂണിറ്റിയുടെ പിന്തുണയുണ്ട്. വിവാഹം കഴിക്കണോ വേണ്ടയോ എന്ന് തീര്‍ച്ചപ്പെടുത്താതെ കഴിഞ്ഞിരുന്ന ഒരു കാലത്ത് ഗുരുതുല്യനായ ഒരു പ്രിയ സന്ന്യാസ വൈദികന്‍ പറഞ്ഞത് അതായിരുന്നു. സന്യസ്തസമൂഹത്തിന് ഒരു ഗ്രൂപ്പിന്റെ പിന്തുണ.. മരുന്ന് വാങ്ങിത്തരാന്‍, ആവശ്യങ്ങള്‍ക്ക് പണം തന്നു സഹായിക്കാന്‍ ഒരാള്‍.. അങ്ങനെ പലതിനും.

പക്ഷേ ഒറ്റയ്ക്കാകുന്ന ഒരാളെ ആരാണ് സഹായിക്കാനുണ്ടാവുക? വിവാഹിതനാകാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ സമര്‍പ്പണത്തിന് സന്നദ്ധനാണെന്ന് അയാള്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. പിന്നെ അതില്‍ നിന്നയാള്‍ക്ക് എസ്‌കേപ്പ് ചെയ്യാനാവില്ല.
ദാമ്പത്യത്തിലെ നവീകരിക്കപ്പെടേണ്ട ആവശ്യമാണ് മറ്റൊന്ന്. മണല്‍ത്തരികള്‍ മുത്തായിത്തീരുന്നതുപോലെയുള്ള ഒരവസ്ഥ ഏതു ദാമ്പത്യത്തിനുമുണ്ട്. എത്ര വര്‍ഷങ്ങള്‍ സ്ഫുടം ചെയ്താണ് ദാമ്പത്യം അതിന്റെ പരിപാവനതയും വിശുദ്ധിയും കൈവരിക്കുന്നത്! ദാമ്പത്യം ചില ക്രമങ്ങളും ചിട്ടങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഭാര്യയുടെ അസാന്നിധ്യത്തില്‍ ചില ക്രമരാഹിത്യങ്ങളിലേക്ക് മടങ്ങാന്‍ ശ്രമംനടത്തുന്ന ഒരു മനസ്സുണ്ടെന്ന് തുറന്നുപറയാന്‍ കഴിയുന്ന ഒരു ഭര്‍ത്താവാണ് ഞാന്‍. അവള്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്നും അവള്‍ കാത്തിരിക്കുന്നുണ്ടെന്നും അറിയുമ്പോള്‍ കൃത്യസമയത്ത് വീട്ടിലെത്താന്‍ തത്രപ്പെടുന്ന മനസ്സ്, അവള്‍ ഇല്ലാത്ത നേരങ്ങളില്‍ വളരെ വൈകിയെത്താനും ചില ക്രമങ്ങളെ തകിടം മറിക്കാനും ത്വരകാണിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണ്.

ക്രിസ്തുവിന്റെ അഭാവത്തില്‍ ഉപേക്ഷിച്ചുകളഞ്ഞ വലയും വള്ളവും തേടിച്ചെല്ലുന്ന ശിഷ്യഗണത്തിന്റെ മാനസികാവസ്ഥ ഒരു ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയുടെ അസാന്നിധ്യത്തില്‍ എനിക്കുമുണ്ടെന്ന് രേഖപ്പെടുത്താനും എനിക്ക് ധൈര്യക്കുറവില്ല. നിങ്ങളതിനെ ഏത് അര്‍ത്ഥത്തില്‍ സ്വീകരിച്ചാലും.

ഭാര്യ ഒരു ദിവസത്തേക്ക് മാറിനില്ക്കുമ്പോള്‍ അത് ആദ്യം അത്രവലിയ വിടവായി തോന്നിയില്ല. പക്ഷേ രണ്ടുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി അതൊരു ശൂന്യത മനസ്സില്‍ നിറയ്ക്കുന്നുണ്ടെന്ന്. വീട് ഉറങ്ങിയതുപോലെ… നേരത്തെ വന്നതും നേരത്തെ ഉണര്‍ന്നതും എന്തൊക്കെയോ ചെയ്തതും എല്ലാം അവള്‍ക്കുവേണ്ടിയായിരുന്നു. ഇപ്പോള്‍ അവളില്ലാത്തപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതാവുന്നു…

എന്നും പോരടിച്ചേ ആ ദമ്പതികളെ കണ്ടിട്ടുള്ളൂ. വാര്‍ദ്ധക്യത്തിലെത്തിയവരാണവര്‍. പക്ഷേ ഒരു നിമിഷം മാറിനില്ക്കാന്‍ അവര്‍ക്കാവുന്നില്ല. മകള്‍ അമ്മയെ തന്റെ വീട്ടിലേക്ക് ഒരു ദിവസം ക്ഷണിച്ചുകൊണ്ടുപോയിട്ടും പിറ്റേന്ന് അവര്‍ തിടുക്കത്തിലെത്തിയത് ഭര്‍ത്താവ് വീട്ടില്‍ ഒറ്റയ്ക്കാണല്ലോയെന്നും അദ്ദേഹം താന്‍ വിളമ്പിക്കൊടുക്കാതെ ഭക്ഷണം കഴക്കില്ലല്ലോയെന്നോര്‍ത്തുമാണ്. ഭര്‍ത്താവിന്റെ കാര്യത്തിലുള്ള അതിരുകടന്ന ശ്രദ്ധകൊണ്ടാവണം തനിക്ക് മുമ്പേ അയാള്‍ മരിച്ചുപോകാന്‍ അവര്‍ പ്രാര്‍ത്ഥക്കുക പോലും ചെയ്യുന്നത്. അയാളുടെ പിടിവാശികള്‍ തനിക്ക് മാത്രമേ സഹിക്കാന്‍ കഴിയൂ, മക്കള്‍ക്കോ മരുമക്കള്‍ക്കോ അതാവില്ല.

പുറമെ നിന്ന് നോക്കുമ്പോള്‍ മധുരമെന്നും കയ്‌പെന്നും ഒക്കെ തോന്നുന്ന ഓരോ ദാമ്പത്യബന്ധത്തിനും കാണാമറയത്ത് മറ്റുചില മുഖങ്ങളുണ്ട്.
സമ്പൂര്‍ണ്ണമായ ഒരു ദാമ്പത്യധര്‍മ്മം അതിന്റേതായ അര്‍ത്ഥത്തില്‍ പാലിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരേ ഒരു വ്യക്തി ക്രിസ്തുവാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നിട്ടും ക്രിസ്തു വിവാഹിതനായില്ല. ക്രിസ്തുവിന്റെ ഒരേയൊരു വാചകം മാത്രം മതി ദാമ്പത്യജീവിതത്തില്‍ ദമ്പതികള്‍ പരസ്പരം അനുവര്‍ത്തിക്കേണ്ട ധര്‍മ്മങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാകാന്‍. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുവിന്‍ എന്നതാണത്.

നമ്മുടെ കുടുംബജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഈയൊരു വാക്യത്തില്‍ ഉള്ളടങ്ങുന്നില്ലേ? എന്റെ ഇഷ്ടം പോലെ നീ പെരുമാറുന്നില്ല. നിന്റെ ഇഷ്ടങ്ങളെ താലോലിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇനിമേല്‍ നിങ്ങള്‍ രണ്ടല്ല ഒന്നാണ് എന്നത്രെ വിവാഹാവസരത്തിലെ ഓര്‍മ്മപ്പെടുത്തല്‍. എന്നിട്ടും പലരീതിയിലും ദമ്പതികള്‍ രണ്ടായിത്തന്നെ നിലനില്ക്കുന്നു. നീ എങ്ങനെ എന്നോടു പെരുമാറണമെന്ന് ഞാനാഗ്രഹിക്കുന്നുവോ അതുപോലെ എനിക്ക് നിന്നോട് പെരുമാറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നമുക്കിടയില്‍ പ്രശ്‌നങ്ങളേ ഉണ്ടാകുമായിരുന്നില്ല. പക്ഷേ സ്വന്തം ഇഷ്ടങ്ങളെ ബലികഴിക്കാനോ ത്യാഗിക്കാനോ നമുക്ക് സന്നദ്ധതയില്ല. ദൈവമേ എന്റെ ഭാര്യയെ/ ഭര്‍ത്താവിനെ കൂടുതലായി സ്‌നേഹിക്കാന്‍ എനിക്ക് കഴിയണേയെന്ന് നമ്മളില്‍ എത്ര പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവും?

മറിച്ച് എന്നെ കൂടുതലായി മറ്റെയാള്‍ സ്‌നേഹിക്കണം എന്ന് നിര്‍ബന്ധവും പ്രാര്‍ത്ഥനയും പുലര്‍ത്തുന്നവര്‍ തീരെ കുറവുമായിരിക്കില്ല. ഒരു ദ്വൈതഭാവം ദമ്പതികള്‍ക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പിതാവേ ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ അവരും നമ്മളും ഒന്നായിരിക്കണമെന്ന ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയോട് ചേര്‍ന്നുപോവേണ്ട ഒന്നാണത്. അതുപോലെ പൗലോസ് ശ്ലീഹാ പറയുന്നില്ലേ പഴയമനുഷ്യനെ ഉരിച്ചെറിഞ്ഞിട്ട് പുതിയ മനുഷ്യനെ ധരിക്കണമെന്ന്. ദാമ്പത്യത്തില്‍ ഈ വാക്യത്തിനും പ്രസക്തിയുണ്ട്.

പഴയ ചില സ്‌നേഹബന്ധത്തിന്റെ കാല്‍പ്പാടുകള്‍ ഹൃദയത്തില്‍ പേറിക്കൊണ്ടായിരിക്കും ചിലരെങ്കിലും ഒരു കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഭാര്യയുടെ പരിരംഭണത്തില്‍ കിടക്കുമ്പോഴും സങ്കീര്‍ണ്ണമായ ഒരു ഹൃദയബന്ധത്തിന്റെ ഓര്‍മ്മകള്‍ തികട്ടിവരുന്നതില്‍ കുണ്ഠിതപ്പെടുന്ന ഒരു ഭര്‍ത്താവ്. ആസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും പാപമാണെന്ന് പഠിപ്പിക്കുന്ന ക്രിസ്തുവചനത്തിന്റെ മുമ്പില്‍ ഇയാള്‍ എത്രവലിയ പാപമായിരിക്കാം ചെയ്യുന്നതെന്ന ആകുലത എനിക്കുണ്ട്.

സമ്പത്ത്, ആരോഗ്യം, സൗന്ദര്യം.. ദാമ്പത്യജീവിതത്തില്‍ ഇതൊന്നും അത്രമേല്‍ ഗൗരവതരമായ കാര്യങ്ങളല്ല തന്നെ. പക്ഷേ അതൊക്കെ നിലനില്‌ക്കെതന്നെ അതിനെല്ലാം മേലായി നില്ക്കുന്ന ഒന്നുണ്ട്. ഒന്നുണ്ടാവേണ്ടതുണ്ട്. വിശ്വാസം. വിശ്വസ്തത. വിശ്വസ്തതയുള്ള ഒരാള്‍ക്ക് മറ്റെല്ലാ ഗുണങ്ങളും ഉണ്ടായിരിക്കുക തന്നെ ചെയ്യും.

രാമായണത്തിലെ ശ്രീരാമനോട് മനസ്സില്‍ വിദ്വേഷം തോന്നിയിട്ടുണ്ട്, ഒരുകാലത്ത്. പതിവ്രതാരത്‌നമായ സീതയെ വെറുതെ സംശയിച്ചല്ലോ. ഇപ്പോള്‍ മനസ്സിലാവുന്നുണ്ട് ശ്രീരാമന്‍ ഓരോ ഭര്‍ത്താവിന്റെയും സാധ്യതയാണ്. അതയാളില്‍ ഏറിയോ കുറഞ്ഞോ ഉറങ്ങിക്കിടക്കുന്നുണ്ട്. സീതയിലുള്ള വിശ്വാസക്കുറവുകൊണ്ടല്ല, സീതയെക്കുറിച്ചുള്ള തീരെ ചെറിയ സംശയങ്ങള്‍ പോലുംം നിവര്‍ത്തിക്കപ്പെട്ടു കാണണമെന്നുള്ള ആഗ്രഹം കൊണ്ടാണ് അഗ്നിശുദ്ധി നടത്താന്‍ രാമന്‍ തീരുമാനിക്കുന്നത്. ഭാര്യയുടെ പരിശുദ്ധി അവളുടെ മാത്രം കാര്യമല്ല, അതിനെക്കാള്‍ അത് ഭര്‍ത്താവിന്റെ ആവശ്യമാണ്. തെറ്റുചെയ്യാതെയുള്ള അത്തരം അഗ്നിശുദ്ധികള്‍ ആത്മാഭിമാനമുള്ള ഒരുവളെ തകര്‍ത്തുകളയുമെന്ന് മറന്നുംകൂടാ.

കുടുംബജീവിതത്തെക്കുറിച്ച് ക്ലാസുകള്‍ എടുക്കുകയും ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നവരില്‍ കൂടുതലാളുകളും സന്യസ്തരാണല്ലോയെന്നത് വിരോധാഭാസമായി എനിക്കിപ്പോള്‍ തോന്നുന്നുണ്ട്. തിയറികളെല്ലാം എന്നും സുന്ദരംതന്നെ. പക്ഷേ പ്രാക്ടിക്കലുകളാണ് പ്രശ്‌നം. ദാമ്പത്യജീവിതത്തില്‍ പ്രവേശിച്ച ഒരാള്‍ അതിനെക്കുറിച്ച് പറയുന്നതുപോലെ ആധികാരികത മറ്റൊരാള്‍ക്ക്- അതിലേര്‍പ്പെടാത്ത ഒരാള്‍ക്ക്- പറയാനാവില്ലെന്നും കരുതുന്നു. എന്നാല്‍ നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ അവര്‍ക്കാവും. ബാലപ്രസിദ്ധീകരണങ്ങളിലെ വഴികണ്ടുപിടിക്കുകഎന്ന കളിയിലേതുപോലെ ലക്ഷ്യസ്ഥാനത്തെത്താന്‍ മാര്‍ഗ്ഗം കാണിച്ചുതരാന്‍ അവര്‍ക്കാവും. പക്ഷേ ആ വഴി സഞ്ചരിക്കേണ്ട ഉത്തരവാദിത്തവും എത്തിച്ചേരേണ്ടതും ദമ്പതികളാണല്ലോ.

ആദ്യകാലങ്ങളിലെ കൊച്ചുകൊച്ചുപിണക്കങ്ങളെ നമ്മള്‍ വലിയ വലിയ സംഭവങ്ങളാക്കിമാറ്റുന്നത്, നമുക്കുള്ള ചില ബന്ധങ്ങളെ പ്രതിയാണ്. അതായത് ജനിച്ചുവളര്‍ന്ന വീടിനെ പ്രതി, അമ്മയെപ്രതി, -എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ പക്ഷേ എന്റെ അമ്മയെക്കുറിച്ച് ഒന്നും പറയരുത്,- എന്നും വിളിക്കുന്ന ചില സുഹൃത്തുക്കളെ പ്രതി…
എന്തിനും ഏതിനും അവരുണ്ടെന്ന ഒരു മിഥ്യാധാരണ ദമ്പതികള്‍ക്കുണ്ട്. ക്രമേണ സ്വന്തബന്ധങ്ങള്‍ അറ്റുപോകും. മാതാപിതാക്കള്‍ മണ്ണടിയും.. കൂടപ്പിറപ്പുകള്‍ സുഹൃത്തുക്കള്‍ അവരുടെ ജീവിതവുമായി വഴിപിരിഞ്ഞുപോകും… ആശിച്ചുമോഹിച്ചുപ്രാര്‍ത്ഥിച്ചുവളര്‍ത്തിയ മക്കള്‍ പോലും മറ്റ് ചില്ലകളിലേക്ക് മാറിക്കളിക്കും. അപ്പോഴാണ് ദമ്പതികള്‍ പരസ്പരമറിയുക, തങ്ങള്‍ക്ക് തങ്ങള്‍ മാത്രമേയുള്ളൂവെന്ന്…

പരസ്പരമുള്ള വഴക്കുകള്‍ക്ക് കീഴടങ്ങിക്കൊടുക്കാനുള്ള മനസ്സില്ലായ്മ തുടക്കത്തിലേയുള്ള ദാമ്പത്യജീവിതത്തിന്റെ ഒരു പ്രത്യേകതയാണ്. ആഴ്ചയില്‍ ഒരുതവണയെങ്കിലും പിണങ്ങുന്ന ദമ്പതിമാരാണ് ഞങ്ങള്‍. ഒരാള്‍ ഒന്ന് താന്നുകൊടുത്താല്‍ മതി. പക്ഷേ ആരു താഴ്ന്നുകൊടുക്കും എന്ന ചോദ്യം അവരെ തലകുനിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു.

മക്കളെയോര്‍ത്ത് മാതാപിതാക്കള്‍ ഒരുപാട് അഹങ്കരിക്കുന്ന ഒരു കാലം കൂടിയാണിത്. ചില സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ ചില പ്രത്യേകഘട്ടങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ അപ്രസക്തരാവുകയും ആണ്‍മക്കള്‍ മേല്‍ക്കൈ നേടുകയും ചെയ്യുന്നു. തങ്ങള്‍ക്ക് ഭര്‍ത്താവ് നല്കാതെ പോയ സ്‌നേഹവും സുരക്ഷിതത്വവും അവര്‍ മക്കളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ക്രമേണ ഭര്‍ത്താവ് ചിതല്‍തിന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലെ മുഖം വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഒരു കഥാപാത്രം പോലെയാവുന്നു. മക്കള്‍ക്കും മരുമക്കള്‍ക്കും ചേര്‍ന്ന് ഭര്‍ത്താവിനെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ശ്രമിക്കുന്ന എത്രയോ ഭാര്യമാര്‍. എത്ര വലിയ അപകടമാണിതെന്ന് ആലോചിച്ചുനോക്കൂ.

ഭര്‍ത്താവിനെ ഇകഴ്്ത്തി പറയുന്ന ഭാര്യയെ ആരാണ് വിലമതിക്കുക?
ഏതൊരു ഭര്‍ത്താവിനും ഏതൊരു ഭാര്യയ്ക്കും തലചായ്ക്കാന്‍, ശിരസ് ചേര്‍ക്കാന്‍ മറ്റേയാളുടെ ചുമല്‍ മാത്രമേയുള്ളൂ, മടിത്തട്ടേയുള്ളൂ. മറ്റെല്ലാം കടന്നുപോവും. ഒരു പക്ഷേ രണ്ടുപേരെ തമ്മില്‍ അറിയാത്ത ദൂരത്തുനിന്ന് കൂട്ടിയോജിപ്പിക്കുന്ന രാസമാറ്റത്തിന് വിലയായി ദൈവം അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടയാളമാകാം കാലമെത്ര കഴിഞ്ഞിട്ടും അണഞ്ഞുപോകാത്ത അവരുടെ ഹൃദയത്തിലെ സ്‌നേഹത്തീ. എത്ര കൊടുങ്കാറ്റുകള്‍, എത്ര പേമാരികള്‍, എത്ര വേനലുകള്‍..

എല്ലാം അനുകൂലമാകുമ്പോഴല്ല ചിലതൊക്കെ പ്രതികൂലമാകുമ്പോഴും പരസ്പരമുള്ള സ്‌നേഹത്തിന്റെ തീവ്രത ചോര്‍ന്നുപോവാതെ കാത്തുസൂക്ഷിക്കാന്‍ കഴിയുമ്പോഴേ ഏതു ദാമ്പത്യവും പൂര്‍ണ്ണമാവൂ. മരിച്ചുപോയ ഭര്‍ത്താവിന്റെ സ്‌നേഹോര്‍മ്മകള്‍, വര്‍ഷം പലതുകഴിഞ്ഞിട്ടും കണ്ണുനിറയ്ക്കുമ്പോള്‍ അതിനെ അതിജീവിക്കാന്‍ അയാള്‍ ചെയ്ത തെറ്റുകളിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയി തപ്തമായ ഓര്‍മ്മകളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ഭാര്യയെ അറിയാം.

സ്ത്രീയുടെ മനസ്സിന്റെ ആഴങ്ങള്‍ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഏതവസ്ഥയിലും അവളുടെ മനസ്സ് ആഴമുള്ളതുതന്നെ. എങ്കിലും ഭാര്യ എന്ന അവസ്ഥയിലാണെന്ന് തോന്നുന്നു അതിന്റെ ആഴം നമ്മളെ അത്ഭുതപരതന്ത്രരാക്കുന്നത്. അയാള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്ന് വിഗദ്ധപരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ പറഞ്ഞു. ് ഒരു കുട്ടിക്കുവേണ്ടിയുള്ള അവളുടെ തീവ്രാഗ്രഹത്തെ അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് ഏറെ ആലോചിച്ചും ധ്യാനിച്ചും കുറെ ക്കഴിഞ്ഞതിന് ശേഷം അയാള്‍ അവളോട് പറഞ്ഞു. നീ വേറെ വിവാഹം കഴിക്കണം. കുട്ടികളുടെ അമ്മയാവണം. എന്റെ കുറ്റത്തിന് നീ സഹിക്കരുത്. കുഞ്ഞുങ്ങള്‍ ജനിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ദൈവം നമ്മളെ കൂട്ടിയോജിപ്പിച്ചത്. പിന്നെയെന്തിന് അതിനെ മറികടന്ന് ഞാന്‍ വേറൊരുവിവാഹം കഴിക്കണം? എന്നായിരുന്നു അവളുടെ പ്രതികരണം. ദൈവഹിതത്തിന് വിരുദ്ധമായി നില്ക്കാന്‍ ഞാനാര്? അവള്‍ ചോദിച്ചുവത്രെ.

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് തന്റെ വൈകല്യം കൊണ്ടാണെന്നാണത്രെ അവള്‍ മറ്റുള്ളവരോടു പറയുന്നതും. അതുവഴി ഭര്‍ത്താവിനെ അപകര്‍ഷതയില്‍ നിന്ന് രക്ഷിക്കുകയാണ് അവള്‍ ചെയ്തത്.
സ്വന്തം ഇണയെക്കുറിച്ച് അഭിമാനത്തോടെ, അത് ദൈവം തനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമാണെന്ന് കരുതുന്നവര്‍ നമ്മളിലെത്രപേരുണ്ടാവും? .

ഏതൊരു ദാമ്പത്യജീവിതത്തിന്റെയും വിജയം അതിലേര്‍പ്പെട്ടിരിക്കുന്ന ദമ്പതിമാരുടെ സമര്‍പ്പണം എന്തുമാത്രമുണ്ട് എന്നതിനുസരിച്ചാണ്. നിങ്ങള്‍ നല്ല ഒരു ഭര്‍ത്താവോ ഭാര്യയോ അപ്പനോ അമ്മയോ ആയിരുന്നുവെന്ന് ആരാണ് പറയുക? നിങ്ങളുടെ ഫലം അറിഞ്ഞവര്‍ തന്നെ.
വലിയൊരു യാഗവേദി തന്നെ കുടുംബജീവിതം. ഹവിസാകാനും പൂജാദ്രവ്യങ്ങളാകാനും ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

അര്‍പ്പിക്കാന്‍ നിനക്കെന്തുണ്ട്? അതാണ് ചോദ്യം. അര്‍പ്പിക്കുന്നതിലെ സമര്‍പ്പണമനോഭാവത്തിന്റെ ആത്മാര്‍ത്ഥത അതിന്റെ മൂല്യം നിശ്ചയിക്കുന്നു.
ഒരു തമാശയ്‌ക്കെന്നോണം ഈയിടെ ചിന്തിച്ചിട്ടുണ്ട്, ഒരുവനെക്കുറിച്ച് ഏറ്റവും സത്യസന്ധമായ ജീവചരിത്രം എഴുതാന്‍ കഴിയുന്നത്, അര്‍ഹതയുള്ളത് ആര്‍ക്കായിരിക്കാം? അയാളുടെ ഭാര്യയ്ക്ക് തന്നെ. മറ്റുള്ളവരുടെ മുമ്പില്‍ ഒരു ഭര്‍ത്താവിന് ഏതു വേഷവുമണിയാം.. എത്രയും നല്ലവനും സൗമ്യനുമാവാം..

പക്ഷേ അങ്ങനെയുള്ള ഒരാള്‍ക്കുപോലും ഭാര്യയുടെ മുമ്പില്‍ അങ്ങനെ അഭിനയിക്കാനാവില്ല. എന്റെ ഭാര്യ എന്റെ ജീവചരിത്രം എഴുതിയാല്‍ അതെങ്ങനെയിരിക്കും എന്ന ആകുലചിന്തയെനിക്കുണ്ട്.. ഈ അപാരമായ സ്‌നേഹബന്ധത്തില്‍ പങ്കുചേരാന്‍ അവസരം തന്നതിന് , അവര്‍ണ്ണനീയമായ ദാനത്തിന് ദൈവത്തിന് നന്ദി…

ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്താണ് വ്യത്യാസം? ഭര്‍ത്താവ് താന്‍ പറഞ്ഞിട്ടുള്ളതെല്ലാം മറന്നുപോവും. ഭാര്യയാവട്ടെ താന്‍ കേട്ടതെല്ലാം ഓര്‍ത്തുവയ്ക്കുകയും ചെയ്യും.

വിനായക് നിര്‍മ്മല്‍

 

You must be logged in to post a comment Login