ശിമയോൻ ഈശോയെ സഹായിക്കുന്നു…!

ശിമയോൻ ഈശോയെ സഹായിക്കുന്നു…!

കുരിശിന്‍റെ വഴി അഞ്ചാം സ്ഥലം

ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു;

എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു.

ഈശോയുടെ പരസ്യജീവിതത്തിന്റെ നാളുകളിൽ എത്രയോ അധികം മനുഷ്യരാണ്‌ അവനിൽ നിന്ന്‌ നന്മകൾ സ്വീകരിച്ചത്‌ എന്ന്‌ തിരുവചനം പറഞ്ഞുതരുന്നുണ്ട്‌. എന്നാൽ അതിനിടയിലൊന്നും ഒരുവിധത്തിലും പരാമർശിക്കപ്പെടാത്ത ഒരാളാണ്‌ കിറേനേക്കാരനായ ശിമയോൻ. കുരിശിന്റെ വഴിയിൽ, ഈ സഹനത്തിന്റെ യാത്രയിൽ, സഹായമായി മാറിയ ശിമയോൻ എന്നോട്‌ പറഞ്ഞു തരുന്നത്‌ വ്യത്യസ്ഥമായ ചിന്തകൾ തന്നെയാണ്‌: ഉറപ്പായും ഒപ്പമുണ്ടാകും എന്ന്‌ കരുതുന്നവർ ആരുമായിരിക്കില്ല ഇത്തരം നിമിഷങ്ങളിൽ കൂടെയുണ്ടാവുക, അവരെല്ലാം ഈശോയുടെ ശിഷ്യരെപ്പോലെ ഓടിമറയാം. ശിമയോനെപ്പോലെ, മുൻപൊരിക്കലും പരിചിതരല്ലാത്ത എത്രയോ പേർ എന്റേയും കുരിശിന്റെ വഴികളിൽ, ഭാരമേറുന്ന കുരിശ്‌ അൽപനേരത്തേക്ക്‌ ചുമക്കുവാൻ സഹായമായിട്ടുണ്ട്‌ എന്ന്‌ ഞാനിപ്പോൾ അറിയുന്നു. ഈശോയോടൊപ്പം എന്റെ ജീവിത കുരിശും ചുമന്നുകൊണ്ടുള്ള ഈ യാത്രയിൽ ഞാൻ എന്നോട്‌ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌: നീ എപ്പോഴെങ്കിലും ഈശോയുടെ കുരിശുചുമക്കാൻ സഹായിച്ച ശിമയോനെപ്പോലെ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ? അവർക്ക്‌ ഒരൽപം ആശ്വാസമായി തീർന്നിട്ടുണ്ടോ? മാറ്റങ്ങൾക്ക്‌ വിധേയപ്പെടുവാൻ ഈശോയെ എന്നെ അനുഗ്രഹിക്കണേ…!

1 സ്വർഗ1 നന്മ 1 ത്രിത്വസ്തുതി…

കർത്താവേ അനുഗ്രഹിക്കണമേ,

പരിശുദ്ധ ദൈവമാതാവേ,

ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിച്ചുറപ്പിക്കണമേ…!

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

You must be logged in to post a comment Login