ആരാധനയും സാംസ്കാരികാനുരൂപണവും

ആരാധനയും സാംസ്കാരികാനുരൂപണവും
വിശ്വാസത്തിന്‍റെ ആഘോഷമാണ് ആരാധന. പുരാതനകാലങ്ങളില്‍, ദൈവാരാധനയ്ക്കായി പ്രകൃതിയിലും ആദിമവെളിപാടുകളിലും നിന്ന് മതാത്മകനായ മനുഷ്യന്‍ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും അടര്‍ത്തിയെടുത്ത്  ഉപയോഗിച്ചിരുന്നു. ക്രിസ്ത്യാനികളാകട്ടെ ജറുസലെമിലെ പ്രഥമസമൂഹം മുതല്‍ ക്രിസ്തുവിന്‍റെ ദ്വിതീയാഗമനംവരെ ഒരേ പെസഹാ രഹസ്യമാണ് സ്വന്തമായതും കടമെടുത്തതുമായ അനുഷ്ഠാന ങ്ങളിലൂടെ ആഘോഷിക്കുന്നത്. അപ്പോസ്തലിക വിശ്വാസത്തോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ലോകമെങ്ങുമുളള വിശ്വാസികള്‍ ആരാധനയില്‍ ആഘോഷിക്കുന്ന രഹസ്യം ഒന്നുതന്നെയാണ്. ഒരേ രഹസ്യം തന്നെയാണ് ഓരോസ്ഥലത്തും ആഘോഷിക്കുന്നതെങ്കിലും ആഘോഷരൂപങ്ങള്‍ വിവിധങ്ങളാണ്. കാരണം, ഏതെങ്കിലും ഒരു ആരാധനപരമ്പര്യത്തില്‍ മാത്രം പൂര്‍ണമായി പ്രകാശിതമാകാനാകാത്തവിധം ക്രിസ്തുരഹസ്യം അഗാധമാംവിധം സമ്പന്നമായിരിക്കുന്നു.
ഏകസഭ, വിവിധ ആരാധനരീതികള്‍:
ക്രിസ്തുവിന്‍റെ സഭ ഏകമാണെങ്കിലും സഭയില്‍ വ്യത്യസ്ത ആരാധന പാരമ്പര്യങ്ങളുണ്ട്. പാരമ്പര്യങ്ങളിലുളള ഈ വ്യതിരിക്തത സഭയുടെ ദൗത്യത്തിന്‍റെ സമ്പന്നതയെത്തന്നെയാണ് പ്രതിഫലിക്കുന്നത്. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായി ഒരേ ഭൂപ്രദേശങ്ങളിലുളള സഭകള്‍, ക്രിസ്തുവിന്‍റെ രഹസ്യത്തെ ആ സംസ്കാരത്തിനു ചേര്‍ന്നവിധം ആഘോഷിക്കാനിടയായി. ഇപ്രകാരം വിവിധ റീത്തുകളുടെ ഉദ്ഭവവും വികസനവുമെല്ലാം വ്യത്യസ്ത ദൈവശാസ്ത്ര വീക്ഷണങ്ങളേക്കാളുമുപരി, വ്യത്യസ്ത ആരാധനാ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ടതാണെന്നു കാണാം. ഇന്ന് സഭയില്‍ ഉപയോഗിച്ചുവരുന്ന ആരാധനാപാരമ്പര്യങ്ങള്‍ അഥവാ റീത്തുകള്‍ ലത്തീന്‍, ബൈസന്‍റയിന്‍, അലക്സാണ്ട്രിയന്‍ അഥവാ കോപ്റ്റിക്, സിറിയന്‍, അര്‍മേനിയന്‍, മാറോനീത്താ, കല്‍ദായ എന്നിവയാണ്. ഈ സഭകളെല്ലാം അവയുടെ ആരാധനാ പാരമ്പര്യങ്ങള്‍, വിശ്വാസത്തിലും വിശ്വാസത്തിന്‍റെ കൂദാശകളുടെ ഐക്യത്തിലും ജീവിച്ചപ്പോള്‍ അവര്‍ പരസ്പരം സമ്പന്നമാക്കുകയും പാരമ്പര്യത്തോടും സഭ മുഴുവന്‍റെയും പൊതുദൗത്യത്തോടുമുളള വിശ്വസ്തതയില്‍ വളരുകയും ചെയ്തിട്ടുണ്ട്.
ആദിമസഭയും സാംസ്കാരികാനുരൂപണവും:
യഹൂദമതത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് കടന്നുവന്ന ആദിമസഭയിലെ വിശ്വാസികള്‍ക്ക് തലമുറകളായി അവര്‍ അനുഷ്ഠിച്ചുപോന്ന ആചാരനുഷ്ഠാനങ്ങളോട് വിടപറയുക എളുപ്പമായിരു ന്നില്ല. ക്രൈസ്തവസഭ അനുവര്‍ത്തിച്ചു പോന്ന ജ്ഞാനസ്നാനം (യഹൂദരുടെ ഛേദനാചാരം), തിരുനാളാഘോഷങ്ങള്‍, വിവാഹാശീര്‍വാദം, പ്രസവാനന്തര ശുദ്ധീകരണകര്‍മ്മങ്ങള്‍ തുടങ്ങിയവ യെല്ലാം യഹൂദ പാരമ്പര്യങ്ങളില്‍ നിന്ന് സ്വീകരിച്ചു പോന്നതാണ്. കൂടാതെ, ഞായറാഴ്ചാചരണം, ക്രിസ്മസ്, പെസഹാ, പന്തക്കുസ്താ തുടങ്ങിയ തിരുനാളുകളും മറ്റനേകം ആചരാങ്ങളുമെല്ലാം യഹൂദാചാരങ്ങളുടെ പിന്‍തുടര്‍ച്ചയും പൂര്‍ണതയുമായി ക്രിസ്ത്യാനികള്‍ യഹൂദരില്‍നിന്ന് സ്വീകരിച്ചിട്ടുളളതാണ്.
*യഹൂദാചാരങ്ങളില്‍ നിന്ന് എന്നതുപോലെ,  വിജാതീയചാരങ്ങളില്‍ നിന്നും പല ആചാരങ്ങളും  അനുഷ്ഠാനങ്ങളും ക്രിസ്ത്യാനികള്‍ സ്വീകരിച്ചിട്ടുളളത് ഇന്നും നിലനില്ക്കുന്നു. പാലസ്തീനയില്‍ നിന്നും ക്രിസ്തുവിശ്വാസം ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചപ്പോള്‍ അവിടുത്തെ സാംസ്കാരിക പാരമ്പര്യങ്ങളില്‍ നിന്നെല്ലാം സഭ പലതും സ്വാഗതം ചെയ്യുകയുണ്ടായി. ബലിയര്‍പ്പണത്തിനുളള ബലിപീഠവും (അള്‍ത്താര) തിരുസ്വരൂപങ്ങളുമെല്ലാം ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഥാനം പിടിച്ചത് പേഗന്‍ പാരമ്പര്യങ്ങളില്‍ നിന്നാണെന്ന് ചരിത്രപഠിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ വീടുകളില്‍ ആഘോഷിച്ചിരുന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങളും കുര്‍ബാനയര്‍പ്പണങ്ങളുമെല്ലാം ദേവാലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചതും  പേഗന്‍ സ്വാധീനം കൊണ്ടാണ്. ഗ്രീസിലെയും റോമിലെയും പേഗന്‍ ക്ഷേത്രങ്ങള്‍ക്ക് ബദലായും വിജാതീയ ക്രിസ്ത്യാനികളുടെ ആവശ്യപ്രകാരവുമാണ് സഭയില്‍ ദേവാലയങ്ങള്‍ പണിതു തുടങ്ങിയതുതന്നെ. അക്കാലമത്രയും യഹൂദപാരമ്പര്യമനുസരിച്ച് ‘ഒരു ദൈവം, ഒരു ദേവാലയം’ (ജറുസലെ ദേവാലയം) എന്ന ചിന്തയാണ് ക്രിസ്ത്യാനികളും അനുവര്‍ത്തിച്ചു പോന്നിരുന്നത്. സെല്‍സൂസ്, തെര്‍ത്തുല്യന്‍, ലക്താഷ്യന്‍സ് തുടങ്ങിയ പൗരാണിക ഗ്രന്ഥ കര്‍ത്താക്കള്‍ ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. കൂടാതെ, സഭയിലെ പല കൂദാശനുകരണങ്ങളും (Sacramentals)  ഭക്തകര്‍മ്മങ്ങളുമെല്ലാം നിലവില്‍ വന്നത് പേഗന്‍ മതങ്ങളുമായുളള നിരന്തരസമ്പര്‍ക്കത്തിലൂടെയാണെന്ന് സെന്‍റ് അഗസ്റ്റിനും സാക്ഷ്യം നല്കുന്നു.*
മഹാനായ കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി റോമന്‍ സാമ്ര്യാജ്യത്തെ ക്രൈസ്തവവത്കരിച്ചപ്പോള്‍, ക്രിസ്തീയ വിശ്വാസം റോമിന് അന്യമായി തോന്നാതിരിക്കാന്‍ ഒത്തിരിയേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും റോമിലെ പേഗന്‍മതങ്ങളില്‍നിന്ന് സ്വാഗതം ചെയ്തു. ആളുകള്‍ പേഗന്‍മതത്തില്‍നിന്നും ക്രൈസ്തവമതത്തിലേക്ക് എളുപ്പത്തില്‍ മതംമാറ്റം നടത്തുന്നതിന് ഇത്തരം നടപടികള്‍ അക്കാലത്ത് അനിവാര്യമായിരുന്നു. ചരിത്രകാരനായ എവുസ്ബേിയൂസിന്‍റെ ഗ്രന്ഥങ്ങളില്‍ ഇവയെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്.
ആധുനികകാലത്ത്, കാര്‍ഡിനല്‍ ന്യുമാനും സഭയില്‍ സ്വാഗതം ചെയ്തിട്ടുളള പേഗന്‍ ആചാരങ്ങളെക്കുറിച്ചുളള വിവരണങ്ങള്‍ നല്കുന്നു. അദ്ദേഹത്തിന്‍റെ പഠനമനുസരിച്ച്, സഭയില്‍ ഉപയോഗിച്ചുപോരുന്ന ധൂപക്കുറ്റികള്‍, വിളക്കുകള്‍, മെഴുകുതിരികള്‍, നേര്‍ച്ചയര്‍പ്പണങ്ങള്‍, ഹന്നാന്‍ വെളളം, പഞ്ചാംഗങ്ങള്‍, പ്രദക്ഷിണങ്ങള്‍, കടമുളള ദിവസങ്ങളുടെ ആചരണങ്ങള്‍, വയലുകളുടെ ആശീര്‍വാദങ്ങള്‍, തിരുസ്വരൂപങ്ങള്‍, കിഴക്ക് നോക്കി നിന്നുളള പ്രാര്‍ത്ഥനാരീതികള്‍, ദേവാലയ നിര്‍മാണരീതികള്‍, ലുത്തിനിയകള്‍, ദേവാലയ അലങ്കാരങ്ങള്‍, വിവാഹമോതിരം തുടങ്ങിയ ഇത്തരം സ്വീകരിക്കലുകളെ വിലയിരു ത്തിക്കൊണ്ട് ന്യൂമാന്‍ ‘ക്രിസ്തീയ തത്വസംഹിതയുടെ വികാസം’ (Development of Christian Doctrine) എന്ന അദ്ദേഹത്തിന്‍റെ സുപ്രസിദ്ധ ഗ്രന്ഥത്തില്‍ സുദീര്‍ഘമായി സംസാരിക്കുന്നുണ്ട്.*
സാംസ്കാരികാനുരൂപണത്തിലെ വെല്ലുവിളികള്‍ :
ക്രിസ്തുരഹസ്യം എല്ലാ ജനതകളെയും അറിയിക്കുന്നതിനും അതുവഴി വിശ്വാസത്തിന്‍റെ അനുസരണം സംജാതമാക്കുകയും ചെയ്യേണ്ടത് ക്രിസ്തുവിന്‍റെ സഭ ഭരമേറ്റിട്ടിട്ടുളള സുപ്രധാന ദൗത്യമാണ്. എല്ലാ സംസ്കാരങ്ങളിലും അത് പ്രഘോഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ജീവിതത്തില്‍ പകര്‍ത്തുകയും വേണം. വിശ്വാസത്തിന്‍റെ പ്രകാശനമായ ആരാധനയുടെ ആഘോഷം വ്യത്യസ്ത ജനതകളുടെ പ്രതിഭയ്ക്കും സംസ്ക്കാരത്തിനും ചേര്‍ന്നതായിരിക്കണമെന്ന് സഭപ്രത്യേകം നിഷ്കര്‍ഷിക്കുന്നുണ്ട്. ( CCC 1204). അത് ഏതെങ്കിലും ഒരു സംസ്കാരത്തെ ഇല്ലാതാക്കാനല്ല, വീണ്ടെടുക്കാനും പൂര്‍ത്തീകരിക്കാനും ഉതകുന്നതാവണം. അതിന്, ഇതിനെ സംബന്ധിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നല്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം പറയുന്നു, ആരാധനാവൈവിധ്യം സമ്പന്നമാക്കലിന്‍റെ ഒരു സ്രോതസ്സായിത്തീരാം. പക്ഷേ, സംഘര്‍ഷങ്ങളും പര്സ്പരം തെറ്റിദാരണകളും ശീശ്മകള്‍പോലും സൃഷ്ടിക്കാനും അതിനു കഴിയും. ഇക്കാര്യത്തില്‍ വൈവിധ്യം ഏകത്വത്തെ തകര്‍ക്കരുതെന്നതു സുവ്യക്തമാണ്. അതു പൊതു വിശ്വാസത്തോടും ക്രസ്തുവില്‍നിന്നു സഭ സ്വീകരിച്ച കൗദാശിക അടയാളങ്ങളോടും ഹയരാര്‍ക്കിപരമായ സംസര്‍ഗത്തോടും വിശ്വസ്തത മാത്രമേ പ്രകടിപ്പിക്കാവൂ. സാംസ്കാരികാനുരൂപണത്തിനു ഹൃദയ പരിവര്‍ത്തനം ആവശ്യമാണ്. അത്യാവശ്യമുളളിടത്ത്, കത്തോലിക്കാ വിശ്വാസത്തോട് ഒത്തുപോകാത്ത പൂര്‍വിക പാരമ്പര്യങ്ങളോട് വിട പറയുന്നതുപോലും ആവശ്യമാണ് (John Paul II, Vicesimus quintus annus, 16; SC 21).
സാംസ്കാരികാനുരൂപണമേഖലയിലെ അതിര്‍ത്തിവരമ്പുകളെക്കുറിച്ച് വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉളളത് നല്ലതാണ്. സഭയുടെ ആരാധനയില്‍, പ്രത്യേകിച്ച് കൂദാശകളുടെ ആഘോഷത്തില്‍ ദൈവികമായി സ്ഥാപിക്കപ്പെട്ടതും സഭയുടെ സൂക്ഷിപ്പിനായി ഏല്പിക്കപ്പെട്ടിട്ടുളളതുമായ ഭേദപ്പെടുത്താതാവാത്ത ഒരു ഭാഗമുണ്ട്. അതിന്  ഏതൊരു സംസ്കാരത്തിലും മാറ്റം സംഭവിക്കാന്‍ പാടില്ലാത്തതാണ്.* ആരാധനാപാരമ്പര്യങ്ങളുടെ വൈവിധ്യത്തിനിടയില്‍ ഐക്യം ഉറപ്പുവരുത്തുന്ന മാനദണ്ഡം അപ്പോസ്തലിക പാരമ്പര്യത്തോടുളള വിശ്വസ്തതയാണ്. അതായത്, അപ്പോസ്തലിക പിന്തുടര്‍ച്ചയാല്‍ സൂചിപ്പിക്കപ്പെടുകയും ഉറപ്പു നല്കപ്പെടുകയും ചെയ്യുന്ന, വിശ്വാസത്തിലും അപ്പോസ്തലന്മാരില്‍നിന്നും സ്വീകരിച്ച കൂദാശകളിലൂമുളള സംസര്‍ഗം. എന്നാല്‍ മാറ്റം വരുത്താവുന്ന ഭാഗങ്ങളുമുണ്ട്.  *ഓരോ ജനവിഭാഗത്തിന്‍റെയും സംസ്കാരങ്ങള്‍ക്കനുസൃതമായി “അത്തരം ഭാഗങ്ങളെ അനുരൂപപ്പെടുത്താനുളള അധികാരവും ചില സന്ദര്‍ഭങ്ങലില്‍ അതിനുളള ചുമതലയും സഭയ്ക്കുണ്ട്.” (John Paul II, Vicesimus, 16; SC 21). ഇതിനെതിരെയുളള അന്ധമായതും വൈകാരികമായതുമായ വിമര്‍ശനങ്ങള്‍ ഒഴിക്കേണ്ടതാണ്.
പേഗന്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചു വരുന്ന വിളക്കുകളും എണ്ണയും മറ്റും ക്രൈസ്തവ ദേവാലയങ്ങളില്‍ ഉപയോഗിച്ചുകൂടെന്നുളള വാദം ഫൗസ്റ്റസും വിജിലാന്‍സിയൂസും ഉയര്‍ത്തിയപ്പോള്‍ അവര്‍ക്ക് മറുപടി കത്തെഴുതിയ അഗസ്റ്റിന്‍ അവരുടെ വാദങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
തദ്ദേശ വിശ്വാസാചാരങ്ങളെ കഴിയുന്നത്ര സ്വാംശീകരിക്കാത്തിടത്തോളം ക്രൈസ്തവവിശ്വാസം വിദേശീയവും അന്യവുമായി നില കൊളളുകതന്നെ ചെയ്യും. ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ സാംസ്കാരികാനുരൂപണത്തോട് സഭാതലത്തില്‍ ഇന്നും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വിമുഖത അപകടകരമാണെന്ന പറയാതെ വയ്യ. ഭാരതീയ ശൈലിയിലുളള ദിവ്യബലിയര്‍പ്പണം, ക്രിസ്തീയ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും സമ്മേളനങ്ങളിലുമുളള നിലവിളക്ക് തെളിയിക്കല്‍, ക്രൈസ്തവ സ്ത്രീകളുടെ നെറ്റിയിലെ സിന്ധൂരം ചാര്‍ത്തല്‍, വിവാഹവസരത്തില്‍ ക്രിസ്ത്യന്‍ വധൂവരൻമാരുടെ പരസ്പരമുളള മാലചാര്‍ത്തല്‍ തുടങ്ങിയ ആചാരങ്ങളെല്ലാം സാംസ്കാരികാനുരൂപണത്തിന്‍റെ നല്ല വശങ്ങളായി ഉള്‍ക്കൊളളുകയും സ്വാഗതം ചെയ്യേണ്ടതുമാണ്. അതിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തുന്നതു ശരിയല്ല. ഓരോ സംസ്കാരത്തിലും അലിഞ്ഞു ചേര്‍ന്ന് ആ സംസ്കാരത്തെ സുവിശേഷവത്കരിക്കേണ്ടതിനു പകരം അതിനോടു മുഖം തിരിച്ചു നില്ക്കുന്നത് അപകടകരമാണല്ലോ. എന്നാല്‍ ഈ രംഗമാണ് നാം പുലര്‍ത്തേണ്ട വിവേകവും ജാഗ്രതയും അവഗണിച്ചു കൂടാ. വിശുദ്ധഗ്രന്ഥമായ ബൈബിളിന്‍റെ രൂപീകരണത്തിലും രക്ഷാകര ചരിത്രത്തിലും ആദിമ സഭയിലും സഭയുടെ സുവര്‍ണകാലഘട്ടങ്ങളിലുമെല്ലാം സുവിശേഷവത്കരണ രംഗത്ത് സാംസ്കാരികാനുരൂപണത്തില്‍ പ്രത്യേക ശ്രദ്ധ ചെല്ലുത്തിയിരുന്നതു കൊണ്ടാണ് ക്രിസ്തുവും സഭയുമെല്ലാം ലോകത്തിനു മുഴുവന്‍ സ്വീകാര്യമായതും സഭ തഴച്ചു വളര്‍ന്നതും. ഭാരതസഭയുടെ വളര്‍ച്ചയിലെ ഗ്രാഫ് താഴോട്ടു പോകുന്നതിന്‍റെ പ്രധാന കാരണവും ഭാരത സംസ്കാരത്തിന് ചേര്‍ന്നവിധം ക്രിസ്തുവിനെയും സഭയെയും അവതരിപ്പിക്കപ്പെടാത്തതിനാലാണ് എന്ന ഇന്നും നമ്മള്‍ തിരിച്ചറിയുന്നില്ല.*
ആരാധനയും ജീവിതവും:
നമ്മുടെ ആരാധന നാം ജീവിക്കുന്ന സമൂഹത്തിന് സ്വീകാര്യമാകുന്നവിധം അത് അവതരിപ്പിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത പ്രധാനപ്പെട്ടതാണെന്നതുപോലെ, ആരാധകരുടെ സാക്ഷ്യ ജീവിതവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
‘ബഥേലില്‍ ചെന്ന് അതിക്രമങ്ങള്‍ ചെയ്യുവിന്‍’ എന്ന് ബി.സി. എട്ടാം നൂറ്റാണ്ടില്‍ ആമോസ് പ്രവാചകന്‍ ബഥേലില്‍ ആരാധനയ്ക്കുപോയവര്‍ക്കു നേരെ ആക്രോശിച്ചത് അവിടെ അതിക്രമങ്ങള്‍ നടന്നതുകൊണ്ടല്ല, പിന്നെയോ, വിശ്വാസികളുടെ ആരാധനയും ജീവിതവും തമ്മില്‍ ബന്ധമില്ലാ തിരുന്നതുകൊണ്ടാണ്. ധാര്‍മിക മൂല്യങ്ങള്‍ അംഗീകരിക്കാന്‍ മനസില്ലാതെ ആരാധനാലയങ്ങളില്‍ കയറി കര്‍മ്മാനുഷ്ഠാനങ്ങള്‍ എന്നപേരില്‍ ചോദ്യം ചെയ്തത്. ദൈവത്തിന്‍റെ തൂക്കുകട്ട നീതിയുടെ അളവുകോലായി ആമോസ് ഉയര്‍ത്തി. അതുപോലെ, ഒരുവന്‍റെ നീതിബോധത്തിന് ആരാധനയോളം വലിപ്പമുണ്ട്. പര്സപരം സ്നേഹിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും അപ്പം മുറിക്കുന്നതിനും ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്നതിനും ജാതിഭേദമെന്യേ ഏവര്‍ക്കും പ്രത്യേകിച്ച് വിധവകള്‍ക്കും ദരിദ്രര്‍ക്കും ശുശ്രൂഷ ചെയ്യുന്നതിനും ആരാധനാവേളകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ആദിമസഭ തന്നെയാണ് നമുക്ക് എന്നുമുളള മാതൃക. ഇടയ്ക്കൊക്കെ നമുക്ക് പിന്നോട്ടും ദൃഷ്ടിതിരിക്കാം.
ഡോ.സ്റ്റാൻലി മാതിരപ്പിള്ളി(സെക്രട്ടറി – കെ.സി.ബി.സി തീയോളജി കമ്മീഷൻ, എഡിറ്റർ – താലന്ത് മാസിക)
(പി .ഒ .സി യിൽ നിന്നും പുറത്തിറങ്ങുന്ന, 2017 നവംബർ ലക്കം ‘താലന്ത് ‘ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)

You must be logged in to post a comment Login