മരണം യാത്രയിലാണ്…

മരണം യാത്രയിലാണ്…
അടുത്തയിടെ നോര്‍ത്ത് ഇന്ത്യയിലേക്ക് ഒരു യാത്രപോയിരുന്നു. എറണാകുളം നോര്‍ത്തില്‍ നിന്ന് വെളുപ്പിന് മൂന്ന് ഇരുപതിന് പുറപ്പെടുന്ന കൊച്ചുവേളി നിസാമുദിന്‍ ആയിരുന്നു യാത്രാവണ്ടി. പതിവുപോലെ മണിക്കൂറുകള്‍ക്ക് മുമ്പേ റെയില്‍വേ സ്റ്റേഷനിലെത്തി. പ്ലാറ്റ് ഫോം നമ്പറും കോച്ച് പൊസിഷനും മനസ്സിലാക്കി വെയ്റ്റിംങ് റൂമില്‍, വരാന്‍ പോകുന്ന ട്രെയിന് വേണ്ടി കാത്തിരുന്നു.
വെയ്റ്റിങ് റൂമില്‍ പല തരം ആളുകള്‍.. സുന്ദരന്മാരും ചെറുപ്പക്കാരും വൃദ്ധരും ഭംഗി കുറഞ്ഞവരും. ഇടവേളകളിലായി ഓരോരുത്തരും അവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും ആര്‍ത്തുവരുന്ന ട്രെയിനില്‍ കയറി മറയുന്നതും നോക്കിയിരിക്കവെ പെട്ടെന്ന് ഒരുചിന്ത മനസ്സിലേക്ക് കടന്നുവന്നു.
ജീവിതം എന്ന് പറയുന്നത് ഒരുതരം കാത്തിരിപ്പാണ്. മരണം എന്ന വണ്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.  ആ കാത്തിരിപ്പിന് ഇടയില്‍ എവിടെയെല്ലാമോ വച്ച് നാം കണ്ടുമുട്ടുന്നു..പരിചയപ്പെടുന്നു…സ്‌നേഹിക്കുന്നു.. കലഹിക്കുന്നു. ഒരുമിച്ച് കൈകള്‍ കോര്‍ക്കുന്നു.. വേര്‍പിരിയുന്നു. വെറുക്കുന്നു..ദ്വേഷിക്കുന്നു.. പിന്നെയും ഇണങ്ങുന്നു.
ഒരേ വെയ്റ്റിംങ് ഷെഡില്‍ ഒരുമിച്ച് ഇരിപ്പുറപ്പിച്ചിട്ടും ഓരോരുത്തര്‍ക്കും ഓരോ നേരത്താണ് അവരവരുടെ വണ്ടികള്‍ വരുന്നത്. നേരത്തെ വന്നതുകൊണ്ടോ വൈകി എത്തിചേര്‍ന്നതുകൊണ്ടോ കാര്യമില്ല.  ട്രെയിന് വരാന്‍ ഒരു സമയമുണ്ട്. എനിക്ക് പോകാനുള്ള വണ്ടിക്ക് എത്തിച്ചേരാന്‍ കൃത്യസമയമുണ്ട്.  മരണവും അങ്ങനെയാണ്.
ഓരോരുത്തരുടെയും ടിക്കറ്റില്‍ ഡ്യൂറേഷന്‍, ഡെസ്റ്റിനേഷന്‍, അറൈവല്‍, ഡിപ്പാര്‍ച്ചര്‍, സ്റ്റേ..എല്ലാം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ചിലരുടെ ടിക്കറ്റില്‍ തങ്ങാനുള്ള വര്‍ഷങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പതിനാറ് എന്നായിരിക്കും..ചിലര്‍ക്കത് അറുപത്..ഇനിയും ചിലര്‍ക്ക് നാലപത്തിമൂന്ന്..
തയ്യാറെടുപ്പുകള്‍ നടത്തി യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് ആകുലതകളൊന്നുമില്ല.  അവര്‍ക്കറിയാം എല്ലാം കൃത്യമാണെന്ന്.. ആശങ്കകള്‍ വേണ്ടെന്ന്..
യാത്ര അയ്ക്കാനുള്ളവര്‍ എത്ര പ്രിയപ്പെട്ടവരുമായിക്കൊള്ളട്ടെ അത് കമ്പാര്‍ട്ട്‌മെന്റിന്റെ കവാടം വരെയാണ്. ടിക്കറ്റെടുത്ത് പ്രവേശനം കിട്ടിയവര്‍ക്ക് മാത്രമേ  അകത്തേക്ക് പോകാനാവൂ. അല്ലാത്തവര്‍ പുറത്തുനില്ക്കണം. മരിച്ചുപോകുന്നവര്‍ ആരുമായിക്കൊള്ളട്ടെ അവരെ  ശവക്കുഴിയുടെ  സമീപം വരെ മാത്രമേ നമുക്ക് അനുധാവനം ചെയ്യാനാവൂ.
ഇനിയുള്ള യാത്ര ഒറ്റയ്ക്കാണ്. കൈകള്‍ വീശിയും ചിലപ്പോള്‍ കണ്ണ് നിറഞ്ഞും അവരെ നാം ഒറ്റയ്ക്കാക്കി പോകുന്നു. അവരോട് നാം പറയാതെ പറയുന്നത് ഇതാണ്. ഇന്ന് നീ പൊയ്‌ക്കൊള്ളുക. നാളെ ഞാന്‍ നിന്റെ പിന്നാലെ വരാം.
 ഇന്ന് എന്നെ തേടിയെത്തുന്ന മരണം നാളെ നിന്നെ തേടിയെത്തും
ടിക്കറ്റ് എക്‌സാമിനര്‍ നമ്മുടെ പാപപുണ്യങ്ങളെ പരിശോധിക്കുന്ന ആളാണ്. ഞാനാണ് എന്നതിന് എന്താണ് തെളിവ്? അതെന്റെ പാപങ്ങളും പുണ്യങ്ങളുമാണ്. എന്നെ പോലെ മറ്റൊരാള്‍ പാപം ചെയ്തിട്ടുണ്ടാവില്ല. എന്നെപോലെ മറ്റൊരാള്‍ പുണ്യവും ചെയ്തിട്ടുണ്ടാവില്ല. പാപങ്ങളുടെയും പുണ്യങ്ങളുടെയും പേരിലുള്ള എന്റെയോഗ്യായോഗ്യതകളാണ് യാത്രതുടരാന്‍  എന്നെ അനുവദിക്കുന്നത്.
യാത്ര പോകുമ്പോള്‍ എപ്പോഴും അമിതമായ ഭാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പാപത്തിന്റെ ഭാരങ്ങളാണ് മരണയാത്രയില്‍ നമ്മെ പീഡിപ്പിക്കുന്നത്. ചെയ്തുപോയ പാപങ്ങള്‍.. ചെയ്യാതെ പോയ നന്മകള്‍..ദൈവമേ ..
ട്രെയിനിലെ കമ്പാര്‍ട്ടുമെന്റുകള്‍ സ്വര്‍ഗ്ഗത്തിന്റെയും നരകത്തിന്റെയും പ്രതീകങ്ങളാണ്. എസി കമ്പാര്‍ട്ട്‌മെന്റുകളും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളും.. എസിയുടെ കുളിരില്‍ റെയില്‍വേയുടെ ആതിഥേയത്വം അനുഭവിച്ച് നമുക്ക് യാത്ര തുടരാം. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ എന്താണ് അവസ്ഥ? നിന്നുതിരിയാന്‍ ഇടമില്ലാതെയും വിയര്‍ത്തൊലിച്ച ശരീരങ്ങള്‍ ഒട്ടിയും ദുര്‍ഗന്ധമുണര്‍ത്തുന്ന അന്തരീക്ഷം.
ജാലകവാതില്ക്കല്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ എല്ലാം പിന്നിലേക്ക് ഓടിപോകുന്നു. ഇന്നലെ വരെ അനുഭവിച്ച ജീവിതം. സന്തോഷങ്ങള്‍..ആനന്ദങ്ങള്‍.. പ്രിയപ്പെട്ടവര്‍.. ഇനി നമ്മെ കാത്തുനില്ക്കുന്നത് പുതിയ ലോകം..
എപ്പോഴാണ് എന്റെ വണ്ടി വരുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. എംടിയുടെ മഞ്ഞിലെ വിമല പറയുന്നതുപോലെ വരും വരാതിരിക്കില്ല. ഈ ലോകത്തില്‍ സംഭവിക്കുമെന്ന് ഉറപ്പുളള ഒരേയൊരു കാര്യം അതു മാത്രമാണല്ലോ.. വരുമെന്നും വാക്ക് പാലിക്കുമെന്നും ഉറപ്പുള്ള ഒരേ ഒരു ചങ്ങാതി. എന്റെ മരണം.
ജോക്കര്‍ സിനിമയില്‍ ബഹദൂറിന്റെ കഥാപാത്രം ചോദിക്കുന്നതുപോലെ എന്റെ നമ്പറായോ എന്ന് ഞാന്‍ തിരക്കുന്നു. പേരു വിളിക്കുമ്പോള്‍ പോകണം. പോയേ തീരൂ. പിന്‍മടങ്ങുവാനുള്ളതല്ല ഈ വിളി. അത് പോകാനുള്ള വിളിയാണ്.
എന്റെ ജീവിതത്തിന്റ മധ്യഹ്നത്തില്‍ എനിക്ക് വേര്‍പിരിയണം എന്ന് ബൈബിളില്‍ ആരുടെയോ ഒരു പ്രാര്‍ത്ഥനയുണ്ട്. എനിക്കും ആ പ്രാര്‍ത്ഥനയുണ്ട്. പതിനേഴാം വയസില്‍ മരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന കൗമാരത്തില്‍ നിന്നും ഇരുപത്തിയഞ്ചാം വയസില്‍ വേര്‍പിരിയണമെന്ന് ആഗ്രഹിച്ച യൗവനത്തില്‍ നിന്നും ഇപ്പോള്‍ നാല്പതുകളില്‍ എത്തിനില്ക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയ്ക്ക സത്യമായും തീവ്രത കുറഞ്ഞിട്ടില്ല. അത് ജീവിതത്തെ വെറുക്കുന്നതുകൊണ്ടല്ല ദൈവാത്മാവുമായി ഒന്നിച്ചുചേരണമെന്ന ആഗ്രഹത്തോടെ വിശുദ്ധമായ ജീവിതം നയിക്കുന്നതുകൊണ്ടുമല്ല.
എന്തോ മരണത്തോട് വല്ലാത്ത ഒരു സ്‌നേഹമുണ്ട്. ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയോട് തോന്നുന്ന പ്രണയഭാവം പോലെ..പണ്ട് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഓര്‍മ്മവരുന്നു. മരണത്തെ എനിക്ക് ഇഷ്ടമാണ് എന്റെ ഉപ്പയെ പോലെ.പക്ഷേ കഠിനമായ വേദനകള്‍ അനുഭവിക്കേണ്ടിവരുമല്ലോ എന്ന് മാത്രമേ പേടിയുള്ളൂ.
അതെ, അതാണ് എല്ലാവരുടെയും എന്നത്തെയും പേടി.  അമ്മ പറഞ്ഞിട്ടുണ്ട്, ചങ്ക് വേദനയെടുത്ത ആ ഭീകരനിമിഷത്തെക്കുറിച്ച്.. സഹിക്കാനാവാത്ത വേദനയായിരുന്നുവത്രെ… ആറു മക്കളെ സ്വഭാവികരീതിയില്‍ പ്രസവിച്ച സ്ത്രീയാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്നാണ് പറയുന്നതും. എങ്കില്‍ അതിനെക്കാള്‍ വലിയ വേദനയാണോ മരണവേദന..?
അധികം വേദനയെടുപ്പിക്കാതെ മരിക്കാന്‍ കഴിയണേയെന്ന് മാത്രമേ കര്‍ത്താവിനോട് ഇപ്പോള്‍ പ്രാര്‍ത്ഥനയുള്ളൂ. തൊണ്ട ഇടറിക്കൊണ്ട് എണ്‍പത്തിരണ്ട് വയസ് കഴിഞ്ഞ അമ്മ പറയുന്നു.
നടന്നുപോകുന്ന വഴിക്ക് അങ്ങനെ മരിക്കണം.ആരെയും ബുദ്ധിമുട്ടിക്കാതെയും കഷ്ടപ്പെടുത്താതെയും. തൊണ്ണൂറ് കഴിഞ്ഞ അപ്പന്റെ ആഗ്രഹം അങ്ങനെയാണ്. പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല മരിക്കാനും ഓരോരോരുത്തര്‍ക്കും ഓരോ ആഗ്രഹങ്ങളുണ്ട്.
ഞാന്‍ കാത്തിരിക്കുകയാണ്  മരണത്തിന് വേണ്ടി..നിങ്ങളോ?
വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login