ഈ ക്രിസ്മസിന് നമുക്കെങ്ങനെ നക്ഷത്രങ്ങളാകാം?

ഈ ക്രിസ്മസിന് നമുക്കെങ്ങനെ നക്ഷത്രങ്ങളാകാം?

വെളിച്ചത്തിന്റെ ഉത്സവമാണ് ക്രിസ്മസ്. എവിടെയും വെളിച്ചം.. എങ്ങും വെളിച്ചം. എന്നിട്ടും എവിടെയൊക്കെയോ വെളിച്ചം അണഞ്ഞുപോയ ഒരു ക്രിസ്മസ് കാലത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത് വല്ലാത്ത ഭീതിദമായ അവസ്ഥയാണ്.
ഇത് വായിക്കുന്ന ഭൂരിപക്ഷവും ഒരു പക്ഷേ തികച്ചും സ്വതന്ത്രമായ മനസ്സോടും തികഞ്ഞ ആഹ്ലാദത്തോടും കൂടിയായിരിക്കും ക്രിസ്മസ് ആഘോഷിക്കുന്നത്. കാരണം നമുക്കിവിടെ മതത്തിന്റെ പേരിലുള്ള അതിര്‍വരമ്പുകളില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെയുണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി നാം ആശ്വസിച്ചിരിക്കുമ്പോള്‍ അതിനെ തുടര്‍ന്ന് പരക്കെ പല അനിഷ്ടസംഭവങ്ങളും അരങ്ങേറുകയുണ്ടായല്ലോ. അലിഗഡിലും ആഗ്രയിലും ക്രിസ്മസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കുക പോലും ചെയ്യരുത് എന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവിന്റെ പരസ്യപ്രസ്താവന.

ക്രിസ്മസ് ക്രിസ്തുമതത്തിന്റെ ആഘോഷമാണെന്നും അത് ഭാരതത്തിന് തീര്‍ത്തും അന്യമായ മതവും ആഘോഷവുമാണെന്നാണ് മതത്തിന്റെ പേരില്‍ മദമിളകിയ രാഷ്ട്രീയനേതാക്കള്‍ പറയുന്നത്.  സകല ജനത്തിനും വേണ്ടിയുള്ള രക്ഷയുടെ സദ്വാര്‍ത്തയാണ് ക്രിസ്മസ് എന്ന് തിരിച്ചറിയാന്‍ മനസ്സിന് ഇത്തിരിയൊക്കെ വെളിച്ചമുണ്ടായിരിക്കണം. ക്രിസ്മസ് മതപരിവര്‍ത്തനത്തിനുള്ള ഒരാഘോഷവുമല്ല. ക്രിസ്മസ് ആഘോഷങ്ങളുടെ പേരില്‍ ഇവിടെ ആരും ക്രിസ്ത്യാനികളായിത്തീര്‍ന്നിട്ടുമില്ല.

തങ്ങള്‍ക്ക് കിട്ടിയ ഉറച്ച ബോധ്യങ്ങളുടെ പേരിലാണ് ആരെങ്കിലുമൊക്കെ അന്യമതങ്ങളില്‍  നിന്ന് ക്രിസ്തു മതത്തിലേക്ക് കടന്നുവന്നിട്ടുള്ളത്. അല്ലാതെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇലക്ഷന്‍ പ്രചരണ വേളകളില്‍ കോഴ കൊടുത്ത് അണികളെ കൂട്ടുന്നതുപോലെയും വോട്ട് നേടുന്നതുപോലെയും പണവും സ്ഥാനമാനങ്ങളും നല്കി ക്രിസ്തുമതം ഇവിടെ ഒരാളെയും സമുദായാംഗമാക്കിയിട്ടില്ല. ക്രിസ്തു മതത്തിനോ ആഗോള കത്തോലിക്കാസഭയയ്‌ക്കോ അതിന്റെ ആവശ്യവുമില്ല. ആളുകളുടെ എണ്ണം കാണിച്ച് ശക്തിപ്രകടനം നടത്തി ശ്രദ്ധനേടാന്‍ സഭ ഏതെങ്കിലും തുക്കടാ രാഷ്ട്രീയപാര്‍ട്ടിയല്ലല്ലോ..

ഇനി, ക്രിസ്തുവിനെ സ്‌നേഹിക്കാന്‍ ഇവിടെ ഒരാളും  മാമ്മോദീസാവെള്ളം തലയില്‍ വീഴിക്കേണ്ടതുമില്ല.ലോകവും ഭാരതവും കണ്ട മികച്ച ക്രിസ്ത്വാനുയായിയും  ക്രി്‌സ്തുസ്‌നേഹിയുമായിരുന്നു ഗാന്ധിജിയും വിവേകാനന്ദനും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരിക്കെ ഇതൊന്നും മനസ്സിലാവാത്ത മതതീവ്രവാദികളാണ് ക്രിസ്തുമതത്തിന്റെ പേരില്‍ വര്‍ഗ്ഗീയത പടര്‍ത്തിവിടുന്നത്.

മതം നല്ലതാണ്. അതിന് അഭിപ്രായം എന്നാണ് അര്‍ത്ഥവും. എന്റെ അഭിപ്രായം എനിക്ക് ശരിയായിരിക്കെ അതിന്റെ പേരില്‍ നീയെന്തിന് അസഹിഷ്ണുത പുലര്‍ത്തണം എന്നതാണ് ന്യായമായ ചോദ്യം. മറ്റൊരാളുടെ മതവിശ്വാസങ്ങളോട് തുറവിയുള്ള മനസ്സാണ് സംസ്‌കരിക്കപ്പെട്ട സമൂഹത്തിന്റെ ലക്ഷണം.

ഇനി ഭാരതത്തിന് വെളിയിലേക്ക് ചിന്തിക്കൂ..അവിടെയും കാര്യങ്ങള്‍ വേണ്ടപോലെ നല്ലതല്ല ക്രൈസ്തവര്‍ക്ക്. രക്തം പുരണ്ട ക്രിസ്മസ് എന്നാണ് ഐഎസ് ക്രിസ്മസിന് നല്കിയിരിക്കുന്ന വിശേഷണം, ലോകമെങ്ങുമുളള ക്രൈസ്തവദേവാലയങ്ങള്‍ ഈ ദിനം ആക്രമിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. വത്തിക്കാനും മാര്‍പാപ്പയും അതില്‍ പെടുന്നു എന്നതും ഇതിന്റെ ഗൗരവം കൂട്ടുന്നു
എന്റെ നാമത്തെ പ്രതി ലോകം മുഴുവന്‍ നിങ്ങളെ വെറുക്കും എന്ന ക്രിസ്തു നാഥന്റെ വാക്കുകളുടെ പൂര്‍ത്തീകരണം പോലെയാണ് ഇന്ന് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും. പ്രാര്‍ത്ഥിക്കുക മാത്രമേ നമുക്ക കരണീയമായിട്ടുള്ളൂ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ അന്ധകാരശക്തികള്‍ക്കെതിരായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ആ പ്രാര്‍ത്ഥനകളോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.. സമാധാനത്തിന്‌റെ സന്ദേശവുമായി വന്ന ലോകനാഥന്റെ പിറവിത്തിരുന്നാള്‍ അസമാധാനക്കേടാക്കുന്നത് മനുഷ്യന്റെ കുത്സിതപ്രവര്‍ത്തനങ്ങളാണ്. ദൈവം സമാധാനം തരുന്നു. പക്ഷേ മനുഷ്യന്‍ അസമാധാനം സൃഷ്ടിക്കുന്നു. ഇത് അപലപിക്കേണ്ട വസ്തുതതയാണ്.
ക്രിസ്മസിന്റെ ആഘോഷങ്ങളില്‍ നാം ഭീതി കൂടാതെ മുഴുകുമ്പോള്‍ ഓഖിയുടെ ദുരന്തഭൂമിയിലെ പാവപ്പെട്ട മനുഷ്യരെ മറന്നുപോകരുതെന്നും കൂടി ഓര്‍മ്മിപ്പിക്കുന്നു. ആഘോഷങ്ങളുടെ മേല്‍ ഇത്തിരി പരിധിയൊക്കെ വച്ച് ഒരു നക്ഷത്രം പോലും ഉദിക്കാത്ത അവരുടെ മനസ്സുകളിലേക്ക് ഒരുതരി വെളിച്ചമെങ്കിലും പരത്താന്‍ നമുക്ക് സാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നത് സൗമ്യമായ ഒരോര്‍മ്മപ്പെടുത്തലാണ്. പല സന്യാസസഭകളും വൈദികരും  ഓഖി ദുരിതബാധിതര്‍ക്കൊപ്പമാണ് തങ്ങളുടെ ക്രിസ്മസ് ആഘോഷം നടത്തുന്നതെന്നതും സന്തോഷം ജനിപ്പിക്കുന്നു.
രക്തച്ചൊരിച്ചിലും അക്രമങ്ങളുമില്ലാത്ത ഒരു ക്രിസ്മസിന് വേണ്ടി നമുക്കൊരുങ്ങാം..പ്രാര്‍ത്ഥിക്കാം.
എല്ലാവരുടെയും മനസ്സുകളില്‍ സമാധാനം നിറയട്ടെ

ആദരപൂര്‍വ്വം
ശാന്തിമോന്‍ ജേക്കബ്
ചീഫ് എഡിറ്റര്‍

You must be logged in to post a comment Login