സമര്‍പ്പണം,സമര്‍പ്പിതര്‍, സമര്‍പ്പിതരോട്…

സമര്‍പ്പണം,സമര്‍പ്പിതര്‍, സമര്‍പ്പിതരോട്…

ചില വാക്കുകള്‍ വലുപ്പം കൊണ്ട് കുറിയവയായിരിക്കും. പക്ഷേ അര്‍ത്ഥം കൊണ്ട് അവ ഗരിമയാര്‍ന്നതായിരിക്കും. ഉദാഹരണത്തിന് അമ്മ എന്ന വാക്ക്. എത്രയോ ചെറിയ വാക്കാണത്. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥതലങ്ങള്‍ എത്രയോ ആഴത്തിലുള്ളതാണ്.
സമര്‍പ്പണവും അത്തരത്തിലുള്ള ഒരു വാക്കാണ്. വലുപ്പം കൊണ്ട് ചെറുതും അര്‍ത്ഥം കൊണ്ട് വലുതും… അങ്ങനെയാണ് ചില വാക്കുകള്‍ക്ക് മുമ്പില്‍ നാം മിഴി പൂട്ടി ധ്യാനിക്കേണ്ടിവരുന്നത്. സമര്‍പ്പണം… സമര്‍പ്പിതര്‍… ദൈവമേ

ഒരര്‍ത്ഥത്തില്‍ എല്ലാവരും സമര്‍പ്പിതരാണ്. കാരണം ഓരോരുത്തരുടെയും പക്കല്‍ സമര്‍പ്പിക്കുവാനായി എന്തൊക്കെയോ ഉണ്ട്.  സമര്‍പ്പണം ഓരോ തരത്തില്‍ വ്യത്യസ്തമാകുന്നത് അതിനെ നാം ഏതുരീതിയില്‍ സമര്‍പ്പിക്കുന്നു എന്നതനുസരിച്ചാണ്. എന്ത്, എങ്ങനെ സമര്‍പ്പിക്കുന്നു എന്നതിന്റെ വിലയിരുത്തല്‍ അനുസരിച്ചാണ്.

എങ്ങനെയും നമുക്കു സമര്‍പ്പിക്കാം… എന്തും സമര്‍പ്പിക്കാം…കായേന്റെയും ആബേലിന്റെയും ബലികളെ ഓര്‍മ്മിക്കുക… അര്‍പ്പിച്ചത് രണ്ടും ബലികളായിരുന്നു. എന്നാല്‍ അവയോടുള്ള മനോഭാവം തീര്‍ത്തും വ്യത്യസ്തമായി പോയി.
ഒരാള്‍ തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം നല്കുമ്പോഴാണ് സമര്‍പ്പണം അതാതിന്റേതായ അര്‍ത്ഥത്തില്‍ നീതികരിക്കപ്പെടുന്നത്. സമര്‍പ്പിച്ചതിന്റെ പേരിലല്ല എപ്രകാരം സമര്‍പ്പിച്ചു എന്നതിന്റെ പേരിലാണ് നിന്റെ സമര്‍പ്പണത്തിന് ദൈവം മാര്‍ക്കിടുന്നത്.

 

എല്ലാ സമര്‍പ്പണങ്ങളും നീതികരിക്കപ്പെടുന്നില്ല. കിട്ടിയിരിക്കുന്നതിന്റെ അളവനുസരിച്ചാണ് സമര്‍പ്പണത്തിന്റെ അളവുതൂക്കങ്ങള്‍ വ്യത്യസ്തമാകുന്നത്. വിധവയുടെ ചില്ലിക്കാശ് തന്നെ മറ്റൊരു സമര്‍പ്പണചിന്ത. സമൃദ്ധിയില്‍ നിന്ന് അനേകര്‍ നല്കിയ സമ്പത്തിനെക്കാള്‍ ഇല്ലായ്മയില്‍ നിന്ന് ചിന്തിയ ഒരു ചില്ലറത്തുട്ട് ഏറെ വിലയുള്ള സമര്‍പ്പണമായി മാറി.
അതുകൊണ്ട്  നിന്റെ നോട്ടത്തില്‍ ഒരാള്‍ കൂടുതല്‍ സമര്‍പ്പിച്ചതുകൊണ്ട് കുറച്ചുമാത്രം സമര്‍പ്പിച്ചതിന്റെ പേരില്‍ നീ ആത്മനിന്ദ ചുമക്കേണ്ടതില്ല.

ഒരാള്‍ക്കു ദീര്‍ഘനേരം പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നു. മുട്ടിന്മേല്‍ നിന്ന് കൈകള്‍ വിരിച്ച് പിടിച്ച് പത്തും നാല്പതും കൊന്തകള്‍ ചൊല്ലാന്‍ കഴിയുന്നു… ഒരാള്‍ക്ക് ഭാഷാവരത്തോടെ സ്തുതിക്കാന്‍ കഴിയുന്നു. ഇനിയും ഒരാള്‍ക്ക് പ്രവചനവരവും ദര്‍ശനവരവുമുണ്ട്. മറ്റൊരാള്‍ക്കാകട്ടെ അനേകരോട് വചനം പ്രസംഗിച്ച് മാനസാന്തരപ്പെടുത്താനുള്ള വരവും.
നിനക്കാവട്ടെ അതൊന്നുമില്ല… എന്നാല്‍ അവര്‍ക്കാര്‍ക്കും ആകാത്തത് നിനക്ക് ആകാന്‍ കഴിയുന്നുണ്ട്. ദൈവസ്‌നേഹത്തോടെ നീ  തറ തുടയ്ക്കുന്നതായിരിക്കും അത്… അത്യധികം ഭാരത്തോടെ ഒരാള്‍ അടുത്തുവന്നിരിക്കുമ്പോള്‍ അയാളെ കേള്‍ക്കാന്‍ കാതുകൊടുക്കുന്നതായിരിക്കും… പരാതികള്‍ കൂടാതെ സ്‌നേഹിക്കുന്നതായിരിക്കും…

അതെ, അതാണ് നിന്റെ സമര്‍പ്പണം. വിളിക്കനുസരിച്ചുള്ള ജീവിതമാണ് സമര്‍പ്പണത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്. എല്ലാവരും എല്ലാമാകാന്‍ വിളിക്കപ്പെടുന്നില്ല. എല്ലാവര്‍ക്കും എല്ലാം ചെയ്യാന്‍ സാധിക്കുന്നുമില്ല. ആ അര്‍ത്ഥത്തില്‍ ഓരോരുത്തരുടെയും സമര്‍പ്പണം വ്യത്യസ്തമാണ്. ഓരോരുത്തരുടെയും സമര്‍പ്പണത്തിന് വ്യത്യസ്ത മൂല്യവുമുണ്ട്.

ഒരാളുടെ സമര്‍പ്പണത്തെ  മറ്റൊരാളുടെ സമര്‍പ്പണവുമായി താരതമ്യപ്പെടുത്തി വിലയിടുകയുമരുത്.
കൂടുതല്‍ കിട്ടിയവന്‍ കൂടുതല്‍ സമര്‍പ്പിക്കണം. കിട്ടിയിരിക്കുന്ന താലന്തുകളുടെ എണ്ണമനുസരിച്ചായിരിക്കണം സമര്‍പ്പണവും.

എന്തും നീ സമര്‍പ്പിച്ചോളൂ… പക്ഷേ ഒരു കാര്യം മറക്കരുത്. അതിലെല്ലാം നിന്റെ മുദ്രയുണ്ടായിരിക്കണം ഹൃദയമുദ്ര. ഹൃദയമില്ലാതെ പോകുന്നതാണ് നമ്മുടെ സമര്‍പ്പണങ്ങള്‍ ക്കൊക്കെ വിലകുറയാന്‍ കാരണം.

സമര്‍പ്പണം എന്ന വാക്കിന് കേവലം സന്യാസതലത്തില്‍ മാത്രമല്ല അര്‍ത്ഥമുളളത്. അതിന്റെ പരപ്പും വ്യാപ്തിയും ഏറെയാണ്. ഗാര്‍ഹികസഭയെന്ന് പരക്കെ വാഴ്ത്തപ്പെടുന്ന വീട് തന്നെ നോക്കൂ… എത്രയെത്ര പേരുടെ സമര്‍പ്പണമാണ് ഒരു വീടിനെ താങ്ങിനിര്‍ത്തുന്നത്. എവിടെയെങ്കിലും ഒരാളുടെയെങ്കിലും സമര്‍പ്പണത്തിലുണ്ടാകുന്ന വീഴ്ച കുടുംബവ്യവസ്ഥയെ തന്നെ ദുര്‍ബലമാക്കും.
ഓരോരുത്തരും തന്നെത്തന്നെയാണ് സമര്‍പ്പിക്കുന്നത്. അല്ലെങ്കില്‍ തന്നെത്തന്നെ ബലി കഴിക്കുന്നതാണ് ഓരോ സമര്‍പ്പണവും. സ്വന്തം ഹിതത്തെ വേണ്ടെന്ന് വയ്ക്കുക… അതിലാണ് സമര്‍പ്പണമുള്ളത്.

അബ്രാഹത്തിന്റെ ബലിയര്‍പ്പണത്തെ നോക്കുക… ആറ്റുനോറ്റുണ്ടായ മകന്‍… സ്വന്തം പ്രാണനെക്കാള്‍ വിലയുള്ളവന്‍… അവനെയാണ് ദൈവം ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്… ഇസഹാക്ക് അബ്രാഹത്തിന്റെ സ്വാര്‍ത്ഥതയായിരുന്നു. സ്വന്തം ഹിതമായിരുന്നു. എന്നിട്ടും അതിനോട് നോ പറയാന്‍ മാത്രം കരുത്തുണ്ടായിരുന്നു അബ്രാഹത്തിന്. കാരണം ദൈവത്തോടുള്ള അയാളുടെ സമര്‍പ്പണം അത്രയ്ക്ക് തീവ്രമായിരുന്നു.

അതെ, ഇതാണ് സമര്‍പ്പണം… ഓരോ സമര്‍പ്പിതരുടെയും വിളി ഇപ്രകാരം അബ്രഹാമാകാനുള്ളതാണെന്ന് തോന്നുന്നു… ഓരോ ഇസഹാക്കിനെ ബലികഴിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരാണവര്‍… സമര്‍പ്പിതജീവിതത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും അസ്വസ്ഥപ്പെടുന്നുണ്ടെങ്കില്‍, വേപഥു പൂണ്ടിട്ടുണ്ടങ്കില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു ഇസഹാക്ക് ഉറങ്ങിക്കിടക്കുന്നുണ്ടെന്നാണര്‍ത്ഥം… നിങ്ങള്‍ അതിനെ കഴുത്തറുത്തിട്ടില്ല. നിങ്ങളതിനെ ഇനിയും താലോലിക്കുന്നു…

അതാണ് സമര്‍പ്പിതജീവിതത്തിന് വെളിയിലേക്ക് പോകാന്‍ പലര്‍ക്കും ഇടര്‍ച്ചയ്ക്ക് കാരണമായി മാറുന്നത്. പൂര്‍ണ്ണസാക്ഷാത്ക്കാരം കൈവരിച്ചിട്ടില്ലാത്ത ഏതോ ഒരു ബലിമൃഗം ഉള്ളില്‍ കിടന്നു മുരളുന്നു… നിങ്ങള്‍ അര്‍പ്പിച്ചത് അപൂര്‍ണ്ണമായ ബലികളായിരുന്നു… പക്ഷേ ആത്മന്യായീകരണത്തിന്റെ തൊങ്ങലുകള്‍ ചാര്‍ത്തി നില്ക്കുന്നതുകൊണ്ട് അതിന് മറ്റ് പല കാരണങ്ങളും കണ്ടെത്തുന്നുവെന്നു മാത്രം.

ചില സമര്‍പ്പണങ്ങള്‍ക്ക് ലോകചരിത്രത്തെ തന്നെ മാറ്റിമറിക്കാന്‍ കരുത്തുണ്ട്… കൊടുക്കുന്ന മൂല്യവും അതിന് വേണ്ടിയുള്ള ആത്മത്യാഗവുമാണ് ഓരോ സമര്‍പ്പണത്തെയും വ്യത്യസ്തമായി മാറ്റുന്നത്. ക്രിസ്തുവിനുമുമ്പ് എത്രയോ പേര്‍ കൂരിശുമരണം കൈവരിച്ചിട്ടുള്ള ഭൂമിയാണിത്. അപമാനത്തിന്റെ ചിഹ്നമായിരുന്നു അത്. പക്ഷേ ക്രിസ്തു അതിനെ സമീപിച്ചത് വ്യത്യസ്തമായിട്ടായിരുന്നു. അതോടെ കുരിശിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി.  സമര്‍പ്പണത്തിന്റെ രീതിയും സമര്‍പ്പണത്തിന്റെ തോതും അതിനോടുളള കാഴ്ചപ്പാടും സമര്‍പ്പണത്തെ തന്നെ മാറ്റിമറിക്കുന്നു.

ബൈബിളിലെ അമൂല്യമായ പല സമര്‍പ്പണങ്ങളും നടന്നിട്ടുള്ളത് ഏതെങ്കിലുമൊക്കെ ഒരു മലമുകളില്‍ വച്ചാണെന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ… എന്തുകൊണ്ടാണ് സമര്‍പ്പിക്കാന്‍ താഴ്‌വരകളെ വിട്ടുപേക്ഷിച്ച് അവര്‍ക്ക് മലമുകളിലേക്ക് പോകേണ്ടിവന്നത്… അബ്രഹാം അങ്ങനെ പോയിട്ടുള്ള ആളാണ്. മോശ അപ്രകാരം പോയിട്ടുണ്ട്… ഏറ്റവും ഒടുവില്‍ ക്രിസ്തു ആത്മദാനം നടത്തിയതും ഒരു കുന്നിന്‍ മുകളിലായിരുന്നു

താഴ്‌വരകള്‍ ലോകമാണ്. താഴ്‌വരകള്‍ക്ക് മീതെ നില്ക്കുന്നവയാണ് മലകള്‍… ലോകത്തെ കവിഞ്ഞുകാണാനുള്ള കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. മലമുകളിലെ സമര്‍പ്പണങ്ങള്‍ ലോകത്തെ കീഴടക്കിക്കൊണ്ടുള്ള കാഴ്ചയര്‍പ്പണങ്ങളാണ്. താഴ്‌വരകളില്‍ നിന്നുകൊണ്ടുള്ള സമര്‍പ്പണബലികള്‍ അല്ല ദൈവത്തിന് വേണ്ടത്… അതിന് മീതെ ഉയര്‍ന്നുനില്ക്കുന്നവയാണ്… ലോകത്തിന് മീതെ ഉയര്‍ന്നുനില്ക്കുന്നവരാണ് അതുകൊണ്ടുതന്നെ സമര്‍പ്പിതര്‍.

ലോകത്തെയും അതിന്റെ മോഹങ്ങളെയും ഒരാള്‍ എത്ര ധീരമായാണ് പരിത്യജിക്കുന്നത് എന്ന അമ്പരപ്പ് സന്യാസതലങ്ങളിലുള്ള സമര്‍പ്പണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ലോകം അവര്‍ക്ക് നേരെ പലതും വച്ചുനീട്ടുന്നുണ്ട്… പല രൂപത്തിലും ഭാവത്തിലും… പക്ഷേ അവര്‍ക്ക് അവയോടൊക്കെ  വേണ്ട എന്ന് പറയാനുള്ള കരുത്ത് പലപ്പോഴുമുണ്ട്.  ഏതൊക്കെ വിധത്തില്‍ നോക്കിയാലും ലൗകികരായ ഞാനുള്‍പ്പെടെയുള്ള ഭൂരിപക്ഷത്തെക്കാള്‍ ആത്മീയകരുത്തുള്ളവര്‍ തന്നെ ഈ സമര്‍പ്പിതര്‍. എന്നിട്ടും അവരില്‍ ഒരാളുടെ വീഴ്ചയെ എത്ര ആഘോഷമായാണ് നാം കൊണ്ടാടുന്നത്… എത്രയോ വട്ടം ഏതൊക്കെ വിധത്തില്‍ വീണിട്ടുള്ളവരാണ് ഞങ്ങള്‍… എന്നിട്ടാണ്..

എല്ലാ സമര്‍പ്പണത്തിന്റെയും പൂര്‍ണ്ണത കുരിശാണ്. അതിനെക്കാള്‍ വലിയ സമര്‍പ്പണം ഇതുവരെ നടന്നിട്ടില്ല. ഇനി നടക്കുകയുമില്ല. സമര്‍പ്പണവഴികളില്‍ എപ്പോഴെങ്കിലും ഇടര്‍ച്ചകളുണ്ടെങ്കില്‍ ആ കുരിശിലേക്കു നോക്കുക… സന്യസ്തരുടെ മാത്രമല്ല സമര്‍പ്പിക്കാനായി എന്തെങ്കിലും ഉള്ളവരുടെയെല്ലാം കാര്യമാണ് പറഞ്ഞത്. വ്യക്തിപരമായി എനിക്കത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ചില തെറ്റിദ്ധാരണകളില്‍… മനസ്സിലാക്കപ്പെടാതെ പോയ വിവിധ അവസരങ്ങളില്‍… നന്മ ചെയ്തിട്ടും തിന്മ കിട്ടിയ വേളകളില്‍… അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴെങ്കിലും കുരിശിനെ നോക്കാന്‍ എന്നിലെ ആത്മീയത പ്രേരിപ്പിച്ചിട്ടുണ്ട്. അതെന്നെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമര്‍പ്പിതരുടെ വഴികളിലെല്ലാം കല്ലേറുകളുണ്ടാകാം… ഒറ്റുകൊടുക്കലുകളും അന്യായമായ വിധി കല്പനകളുമുണ്ടാകാം. പീഡാസഹനങ്ങളും കുരിശേറുകളുമുണ്ടാകാം… കാരണം നമുക്ക് മുമ്പേ ഏറ്റവും നന്നായി എല്ലാം സമര്‍പ്പിച്ചവന്‍ കടന്നുപോയ വഴിയാണിത്. അവന് കിട്ടിയ സമ്മാനങ്ങളുടെ ഓഹരികളാണ് പിന്നാലെയുള്ളവര്‍ക്ക് കിട്ടുന്നത്. അതുകൊണ്ട് കിട്ടിയത് കൂടിപ്പോയതിന്റെ പേരില്‍ പരാതികള്‍ വേണ്ട…

ഇനി എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് കുറച്ച് മാത്രം കിട്ടിയതിന്റെ പേരിലാവട്ടെ… കൂടുതല്‍ സമര്‍പ്പിച്ചവന് കൂടുതല്‍ കല്ലേറ്… കുറച്ച് മാത്രം സമര്‍പ്പിച്ചവന് കുറവ് സഹനങ്ങള്‍… ഒരു കല്ലെറിഞ്ഞവന് ഒരനുഗ്രഹമെന്നും രണ്ട് കല്ലെറിഞ്ഞവന് രണ്ട് അനുഗ്രഹമെന്നും പറഞ്ഞ വാക്കുകളെ ഇങ്ങനെ മാറ്റി പറയാമെന്ന് തോന്നുന്നു, ഒരു കല്ലേറ് കിട്ടിയവന്‍ ഒരു അനുഗ്രഹം കിട്ടിയവന്‍… രണ്ട് കല്ലേറ് കിട്ടിയവന്‍ രണ്ട് അനുഗ്രഹം കിട്ടിയവന്‍…

എല്ലാ സമര്‍പ്പിതരുടെയും ശരീരത്തില്‍ ഒരു ക്രൂശുരൂപത്തിന്റെ അടയാളമുള്ളത് എന്തുകൊണ്ടാണ്? അവര്‍ ക്രിസ്തുവിനെ വഹിക്കുന്നവരാണ്… ക്രിസ്തുവിനെ കാണിച്ചുകൊടുക്കുന്നവരാണ്… ക്രിസ്തുവിനെ ഒപ്പം കൂട്ടി നടന്നുനീങ്ങുന്നവരാണ്… ഇനിയും ചിലപ്പോള്‍ ഏതെങ്കിലുമൊക്കെ ഇടങ്ങളില്‍ വീഴ്ചകളുണ്ടാകുമ്പോള്‍  ക്രിസ്തുവിനെ പിടിവിടാതെ മുറുക്കെ പിടിക്കാനാണ്.

ക്രിസ്തു അവരെ താങ്ങിക്കോളും. ക്രിസ്തുവല്ലെങ്കില്‍ മറ്റാരാണ് അവരെ താങ്ങുവാനുള്ളത്? എല്ലാ സങ്കടങ്ങളും കരച്ചിലുകളും അവന്റെ പാദാന്തികത്തില്‍ ഒഴുക്കുക… അവനല്ലാതെ മറ്റാര്‍ക്കാണ് അത് മനസ്സിലാക്കാനാവുക? അവനല്ലാതെ മറ്റാരാണ് അവരെ ആശ്വസിപ്പിക്കാനുള്ളത്?
ഓരോ സമര്‍പ്പണവും നമ്മെ കൂടുതല്‍ കൂടുതല്‍ അര്‍ത്ഥമുളള മനുഷ്യരാക്കിമാറ്റുകയാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠങ്ങളെ ഓര്‍മ്മിപ്പിക്കുന്നവയാണ് ഓരോ സമര്‍പ്പണവും. സമര്‍പ്പിക്കുന്നവയ്‌ക്കെല്ലാം ഓരോ ബലിപീഠം ആവശ്യമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാകാം അത്തരമൊരു പ്രയോഗം പോലും ഉണ്ടായിരിക്കുന്നത്.

സമര്‍പ്പണത്തിന് വില കുറയ്ക്കുന്നത് നാം അതിനെ ചൊല്ലി ചില മേനി നടിക്കലുകള്‍ നടത്തുമ്പോഴാണ് ഞാന്‍ ഇത്രമാത്രം സമര്‍പ്പിച്ചു… ഇങ്ങനെ സമര്‍പ്പിച്ചു… സ്വന്തം സമര്‍പ്പണത്തെക്കുറിച്ച് നാം അല്ല വിളിച്ചുപറയേണ്ടത്. മറ്റുള്ളവരാണ്. അല്ലെങ്കില്‍ നമ്മെക്കാള്‍ കൂടുതല്‍ സമര്‍പ്പണം നടത്തിയവരുള്ളപ്പോള്‍ നാം എന്തിന് നമ്മുടേതിനെ ചൊല്ലി  ഇത്രമേല്‍ അഹങ്കരിക്കണം? മറ്റൊരാളുടെ സമര്‍പ്പണത്തെക്കുറിച്ച് ഇത്തിരിയെങ്കിലും മതിപ്പുണ്ടെങ്കില്‍ ഒരിക്കലും അവരെ വിലകുറച്ചു നാം കാണുകയില്ല. കുറഞ്ഞപക്ഷം എനിക്ക് ചെയ്യാന്‍ കഴിയാത്തതാണല്ലോ അവര്‍ ചെയ്യുന്നതെന്ന തിരിച്ചറിവെങ്കിലും ഉണ്ടെങ്കില്‍….
ഈ ലോകം ഇത്രമാത്രം പ്രകാശിച്ചുനില്ക്കുന്നുവെങ്കില്‍ അതിനൊരു അര്‍ത്ഥം കൂടിയുണ്ട്.

സമര്‍പ്പിതര്‍ ഈ ലോകത്തിന് വെളിച്ചം കൊളുത്തിയിരിക്കുന്നു. മലമേല്‍ ഉയര്‍ന്നുനില്ക്കുന്ന ദീപം പോലെയാണ് സമര്‍പ്പിതര്‍ നിലകൊള്ളുന്നതെങ്കിലും ആ ദീപം പലരും കാണുന്നില്ല എന്ന് തോന്നുന്നു. ആ വെളിച്ചത്തില്‍ നടന്നുനീങ്ങിയിട്ടുള്ളവര്‍ പോലും പിന്നീട് അതിനെ തിരസ്‌ക്കരിച്ച് പറഞ്ഞ് കേട്ടിട്ടുമുണ്ട്. നമ്മളാരും ചെയ്യാത്തതാണ,് നമ്മളില്‍ ഭൂരിപക്ഷത്തിനും ചെയ്യാന്‍ കഴിയാത്തതാണ് ഈ സമര്‍പ്പിതര്‍ ചെയ്യുന്നത് എന്ന തിരിച്ചറിവാണ് അവരെ വിമര്‍ശിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നവര്‍ക്ക് ആദ്യം ഉണ്ടാകേണ്ടത്.

സമര്‍പ്പിതവേലയുടെ ആദ്യ മാതൃകയെന്ന് പറയാവുന്നത് ബൈബിളിലെ നല്ല സമറിയാക്കാരന്‍ തന്നെയാണെന്നു തോന്നുന്നു. വീണുകിടക്കുന്നവനെ പിടിച്ചെണീല്പിച്ചും മുറിവേറ്റതിനെ വച്ചുകെട്ടിയും ആതുരാലയത്തില്‍ ശുശ്രൂഷയ്ക്കായി ഏല്പിച്ചും വീണ്ടും അയാളുടെ കാര്യത്തില്‍ കരുതലിന്റെ കരം നീട്ടിയും കടന്നുപോകുന്ന അതേ സമറിയാക്കാരന്റെ വര്‍ത്തമാനകാലസാക്ഷ്യങ്ങളാണ് ഓരോ സമര്‍പ്പിതരും. എത്രയെത്ര അനാഥാലയങ്ങള്‍, മാനസികപുനരധിവാസകേന്ദ്രങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, പിന്നെയും എത്രയോ എത്രയോ കാരുണ്യകേന്ദ്രങ്ങളിലാണ് ഈ സമര്‍പ്പിതര്‍ തങ്ങളുടെ ജീവിതം കാഴ്ചയര്‍പ്പണമാക്കിയിരിക്കുന്നത്.

വെയിലേറ്റു കരിഞ്ഞവര്‍ക്കും മഴയേറ്റു കുളിര്‍ന്നവര്‍ക്കും കയറിനില്ക്കാന്‍ കഴിയുന്ന തണല്‍മരങ്ങള്‍ തന്നെയാണ് ഈ സമര്‍പ്പിതര്‍. വിശറി ഒരിക്കലും സ്വന്തമായി കാറ്റ് അനുഭവിക്കാത്തതുപോലെ മറ്റുള്ളവര്‍ക്ക് കുളിര്‍മ്മ നല്കുന്നവരാണ് ഈ സമര്‍പ്പിതര്‍. പരിത്യക്തരിലും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരിലുമെല്ലാം ദൈവത്തിന്റെ മുഖം കാണാന്‍ കഴിയുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇപ്രകാരമെല്ലാം സേവിക്കാന്‍ സാധിക്കുന്നത്. ദൈവം ഇവര്‍ക്ക് തന്റെ കണ്ണുകളാണ് കൊടുത്തിരിക്കുന്നതെന്നും പറയാം.
മനുഷ്യന്‍ കണ്ടെത്തിയ ഒരു ജീവിതരീതിയൊന്നുമല്ല സമര്‍പ്പിതരുടേത്. ദൈവം വെളിപ്പെടുത്തിക്കൊടുത്ത ആത്മസാക്ഷാത്ക്കാരത്തിന്റെ വ്യത്യസ്തമായ ഒരിടമാണത്. അതുകൊണ്ടാണ് ഇന്നും സമര്‍പ്പിതവഴിയിലേക്കു കൂടുതല്‍ വേലക്കാരെത്തിക്കൊണ്ടിരിക്കുന്നതും. മനുഷ്യന്‍ അവന്റെ ബുദ്ധിയില്‍നിന്ന് രൂപം കൊടുത്തിരുന്നവയായിരുന്നുവെങ്കില്‍ അത് എത്ര പണ്ടേ കുറ്റിയറ്റുപോയേനേ..
കന്യാസ്ത്രീമഠത്തിന്റെ വാതില്ക്കലായി ചില കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത്… വൃദ്ധരെ നടതള്ളുന്നത്… എല്ലാം എന്തിന്റെ ഉറപ്പിന്മേലാണ്… തങ്ങള്‍ക്ക് വേണ്ടാത്തതിനെയും ഇവര്‍ സ്വീകരിച്ചുകൊള്ളുമെന്ന വിശ്വാസം കൊണ്ട്… അതെ, സമര്‍പ്പണമാണ് ഈ ലോകത്തിന് ഇത്രമേല്‍ വെളിച്ചം നല്കിയത്. സമര്‍പ്പിതരില്ലായിരുന്നുവെങ്കില്‍ ഈ ലോകം കൂടുതല്‍ അന്ധകാരാവ്രതമായേനേ..

വിശുദ്ധിയാണ് സമര്‍പ്പണത്തിന്റെ  ബലിപീഠം… സന്മനസ്സാണ് ഉരകല്ല്… സ്‌നേഹമാണ് ബലി… ത്യാഗമാണ് വിറക്… ഉറകെട്ടുപോയ ഉപ്പുപോലെയും തീയണഞ്ഞവിറകുപോലെയും ആയിരിക്കാം ഇപ്പോള്‍ ചില സമര്‍പ്പിതരെങ്കിലും… അരുത്… നിങ്ങള്‍ ചെയ്യുന്ന സേവനത്തിന്റെ മൂല്യം മനസ്സിലാക്കാതെ പോകുന്നതുകൊണ്ട് സംഭവിച്ച ഒരപകടമാണത്.

ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ  ഉറകൂട്ടാനും അണഞ്ഞുപോയ വിറകില്‍ തീ പടര്‍ത്താനുമുള്ള അവസരമാണിത്… നിങ്ങളിലെ ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്താനുള്ള അവസരം.
നഷ്ടപ്പെട്ടുപോയ ആ ഊര്‍ജ്ജം നിങ്ങള്‍ തിരികെ പിടിക്കുക… കൂടുതല്‍ ഉന്മേഷത്തോടെ മുന്നോട്ട് കുതിക്കുക… ലോകത്തിന് നിങ്ങളെ വേണം… ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു… വിളിച്ചുവേര്‍തിരിക്കപ്പെട്ടവരാണ് നിങ്ങള്‍… നിങ്ങള്‍ക്കു മാത്രമുള്ള വിളിയാണത്. ലോകത്തിന് നിങ്ങളെക്കുറിച്ച് പ്രതീക്ഷകളുണ്ട്…

ലോകം നിങ്ങളില്‍നിന്ന് ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. എല്ലാ സമര്‍പ്പിതരുടെയും പാദങ്ങളെ നമസ്‌ക്കരിച്ചുകൊണ്ട്…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login