രോഗിയെ എട്ട് കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച ഈ ഡോക്ടര്‍ക്ക് സല്യൂട്ട്

രോഗിയെ എട്ട് കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച ഈ ഡോക്ടര്‍ക്ക് സല്യൂട്ട്

മാല്‍ഗാന്‍ഗിരി: ഒഡീസയിലെ മാല്‍ക്കാന്‍ഗിരിയിലാണ് ഈ സംഭവം. മതിയായ റോഡ് സൗകര്യങ്ങളോ വാഹനസൗകര്യങ്ങളോ മാല്‍ക്കാന്‍ഗിരി ജില്ലയില്‍ ഇല്ല. അവിടെ നിന്നാണ് ഡോക്ടര്‍ക്ക് സന്ദേശം കിട്ടിയത്. സെരിഗേറ്റ ഗ്രാമത്തില്‍ ഒരു ഗര്‍ഭിണിക്ക് പ്രസവവേദന തുടങ്ങിയിരിക്കുന്നു. നാട്ടുവൈദ്യന്മാര്‍ നോക്കിയിട്ടൊന്നും പ്രസവം നടക്കുന്നില്ല. രക്തം വാര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു.

ഡോക്ടര്‍ ഓങ്കാര്‍ ഹോട്ട ഉടന്‍ തന്നെ വില്ലേജിലേക്ക് പാഞ്ഞു. പാപ്ലര്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്നത്. രോഗിയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി ക്രിട്ടിക്കല്‍ സ്‌റ്റേജാണെന്ന്.

പെട്ടെന്ന് തന്നെ പ്രസവത്തിനുള്ള ഏര്‍പ്പാടുകള്‍ അദ്ദേഹം ചെയ്യുകയും പ്രസവം നടത്തുകയും ചെയ്തു. പക്ഷേ അപ്പോഴും രോഗിയുടെ അവസ്ഥ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു. ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാനാവൂ.

എന്നാല്‍ ഗ്രാമീണര്‍ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. വാഹനസൗകര്യം ഇല്ലാത്തതായിരുന്നു അതിലൊരു കാരണം. എട്ട് കിലോമീറ്റര്‍ രോഗിയെ നടത്തിക്കൊണ്ടുപോകുക എന്നത് അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുകയും ചെയ്യും. ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടമാകുമെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി.

പിന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ ഒരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ. കട്ടിലോടെ രോഗിയെ ചുമക്കുക. അതായത് എട്ട് കിലോമീറ്ററോളം. അവിടെ ചെന്നാല്‍ വണ്ടി കിട്ടും. കട്ടിലിന്റെ ഒരു തലയ്ക്കല്‍ ഭര്‍ത്താവ് പിടിച്ചു. മറുതലയ്ക്കല്‍ ഡോക്ടറും. അങ്ങനെ എട്ടുകിലോമീറ്റര്‍ സഞ്ചരിച്ച് ഒടുവില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചു.

ഇപ്പോഴും രോഗിയുടെ അവസ്ഥയില്‍ ആശാവഹമായ പുരോഗതി ഉണ്ടായതായി അറിവില്ല.

You must be logged in to post a comment Login