വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ ഐ​​​ക്യം അ​​​നി​​​വാ​​​ര്യം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

വി​​​വി​​​ധ ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ ഐ​​​ക്യം അ​​​നി​​​വാ​​​ര്യം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

തൃശൂർ: വിവിധ ക്രൈസ്തവ സഭകളുടെ ഐക്യം അനിവാര്യമാണെന്നു സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വ്യക്തിസഭകളായി തുടർന്നുകൊണ്ടുതന്നെ ഐക്യം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരസ്ത്യ സുറിയാനി കൽദായ സഭയുടെ പറവട്ടാനി മാർ അദ്ദായ് ശ്ലീഹാ പള്ളിയുടെ 85-ാം വാർഷിക സമാപന സമ്മേളനവും മാർ അദ്ദായിയുടെ ഓർമദിനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പൂർവികർ ആഗ്രഹിക്കാതെ സംഭവിച്ചുപോയതാണു വിഭജനങ്ങൾ. അതു മൂലമുണ്ടായ മുറിവുകളെ സുഖപ്പെടുത്താനും പുതിയ മുറിവുകൾ സൃഷ്ടിക്കാതെ ഐക്യത്തിന്‍റെ പാതയിൽ നീങ്ങാനും സഭാശുശ്രൂഷകർ പ്രതിജ്ഞാബദ്ധരാകണം. എല്ലാ സഭാമക്കളും അതാണ് ആഗ്രഹിക്കുന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്താൽ സഭകളിൽ സംജാതമായിരിക്കുന്ന ഈ നവചൈതന്യം ഉൗട്ടിയുറപ്പിക്കണം. മാർത്തോമ്മാ മക്കളുടെ ഐക്യം സഭകളെ സംബന്ധിച്ചിടത്തോളം പ്രധാന ദൗത്യമാണ്. സഭൈക്യത്തെക്കുറിച്ചുള്ള ചിന്ത എല്ലാ സഭകളിലും സജീവമാണ്. സംവാദത്തിലൂടേയും പ്രാർഥനാപൂർവമായ സഹകരണത്തിലൂടെയും സഭൈക്യചിന്തയെ പ്രോത്സാഹിപ്പിക്കാൻ നമുക്കു കടമയുണ്ട്. ഭിന്നതയുടെ വാക്കുകളോ പ്രവൃത്തികളോ സംഭവിച്ചാൽ, വിശാല ഹൃദയത്തോടെ ഐക്യത്തിലേക്കു നയിക്കുന്ന ചിന്തയിലേക്കു തിരിച്ചു കൊണ്ടുവരണം- മാർ ആലഞ്ചേരി ഉദ്ബോധിപ്പിച്ചു.

ജറുസലേം ദേവാലയം ശുദ്ധീകരിക്കുന്ന വേളയിൽ യേശു പറഞ്ഞത് എന്‍റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടുമെന്നാണ്. ഇന്നു കർത്താവിന്‍റെ ശരീരമായ സഭയാണല്ലോ യഥാർഥ ദേവാലയം. നാമോരോരുത്തരും നമ്മുടെ കുടുംബങ്ങളും ഇടവകകളും നമ്മുടെ സഭ തന്നെയും യഥാർഥ ദേവാലയമായി പണിതുയർത്താം.

സഭൈക്യ വേദിയായ ഇന്‍റർ ചർച്ച് കൗണ്‍സിൽ യോഗത്തിൽ കൽദായ സഭാധ്യക്ഷനായ മാർ അപ്രേം മെത്രാപ്പോലീത്ത പങ്കെടുക്കാറുണ്ട്. കഴിഞ്ഞ രണ്ടു യോഗങ്ങളിൽ കൽദായ സഭയുടെ എപ്പിസ്കോപ്പമാരായ മാർ യോഹന്നാൻ യൗസിഫും മാർ ഒൗഗിൻ കുര്യാക്കോസും മാർ അപ്രേം മെത്രാപ്പോലീത്തയ്ക്കൊപ്പം സംബന്ധിച്ചിരുന്നു. സഭാകൂട്ടായ്മയോടും സഭൈക്യശ്രമങ്ങളോടും കിഴക്കിന്‍റെ സഭയ്ക്കു താല്പര്യമുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയിലെ പിളർപ്പുകളെ പരിഹരിച്ച് ഐക്യവും സമാധാനവും പുനഃസ്ഥാപിക്കാനുള്ള മിശിഹായുടെ ആഗ്രഹത്തെ നമുക്കു സഫലീകരിക്കാം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായി. ഡോ. മാർ യോഹന്നാൻ യോസിഫ് എപ്പിസ്കോപ്പ, ഫാ. കെ.ആർ. ഇനാശു കശീശ, ജനറൽ കണ്‍വീനർ ആന്‍റോ ഡി. ഒല്ലൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login