എ​​ട​​ത്വാ തി​​രു​​നാ​​ളി​​നു നാ​​ളെ കൊ​​ടി​​യേ​​റും

എ​​ട​​ത്വാ തി​​രു​​നാ​​ളി​​നു നാ​​ളെ കൊ​​ടി​​യേ​​റും

ആലപ്പുഴ:  എടത്വാ തിരുനാളിനു നാളെ കൊടിയേറും.  27നു രാവിലെ 7.30ന് എടത്വാപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേൽ കൊടിയേറ്റും. തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്‍റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന.

മേയ് 14 വരെയാണു തിരുനാൾ ആഘോഷങ്ങൾ.
മേയ് മൂന്നിന് സഹദയുടെ നടയിൽനിന്നു തിരുസ്വരൂപം ദേവാലയത്തിന്‍റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും. മേയ് മൂന്നിനു രാവിലെ ഏഴരയ്ക്കു ഫാ. സിറിയക് മഠത്തിലിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷമായിരിക്കും തിരുസ്വരൂപം പ്രതിഷ്ഠിക്കൽ. 28നു വൈകുന്നേരം നാലിനു പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മേയ് മൂന്നിനു രാവിലെ പത്തിനു മാർത്താണ്ഡം രൂപതാധ്യക്ഷൻ ബിഷപ് വിൻസെന്‍റ് മാർ പൗലോസ്(മലങ്കര റീത്തിൽ), മേയ് നാലിന് രാവിലെ 7.30ന് തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ(തമിഴ് സീറോ മലബാർ റീത്തിൽ) മേയ് അഞ്ചിന് രാവിലെ 7.30ന് തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ്, മേയ് ആറിന് രാവിലെ 7.30ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, വൈകുന്നേരം നാലിന് കോട്ടാർ രൂപതാധ്യക്ഷൻ ഡോ. പീറ്റർ റെമിജിയൂസ്(തമിഴ്) എന്നിവർ ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും.

തിരുനാൾ ദിനമായ മേയ് ഏഴിനു രാവിലെ പത്തരയ്ക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ബിഷ്പ ഡോ. ക്രിസ്തുദാസ്, വൈകുന്നേരം മൂന്നിനു ധർമപുരി രൂപതാധ്യക്ഷൻ ഡോ. ലോറൻസ് പയസ്(തമിഴ്) ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. മേയ് ആറിനു വൈകുന്നേരം 5.30ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം. തിരുനാൾ ദിനമായ മേയ് ഏഴിന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ അദ്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം നടക്കും. ഫാ. മാത്യു പുല്ലാട്ട് പ്രദക്ഷിണത്തിനു നേതൃത്വം വഹിക്കും.

മേയ് 14നാണ് എട്ടാമിടം. അന്നേദിവസം വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം പള്ളിപ്പാലം കടന്നു കുരിശടിയിലേക്ക്. തുടർന്നു കൊടിയിറക്കം. രാത്രി ഒന്പതിന് അദ്ഭുത തിരുസ്വരൂപം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും. പ്രധാന തിരുനാൾ ദിനങ്ങളിലെ പ്രദക്ഷിണങ്ങൾക്കു വിശുദ്ധ ഗീവർഗീസ് സഹദയുടെ രൂപം തമിഴ് വിശ്വാസികളാണു വഹിക്കുന്നത്.

You must be logged in to post a comment Login