എടവനക്കാട്ടെ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെ നാം എന്തുകൊണ്ട് വിശ്വസിക്കണം?

എടവനക്കാട്ടെ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെ നാം എന്തുകൊണ്ട് വിശ്വസിക്കണം?

ര്‍ഷം 1531 ഡിസംബര്‍ ഒമ്പത്.

ജൂവാന്‍ ഡിയാഗോ കൗട്ട്‌ലാട്ടോട്ട്‌സിന്‍ പ്രഭാതത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു. അപ്പോഴാണ് റെഡ് ഇന്ത്യന്‍ പതിനാറുകാരിയുടെ വേഷത്തില്‍ പരിശുദ്ധ കന്യാമറിയം ജൂവാന് പ്രത്യക്ഷപ്പെട്ടത്. ടെപ്പിയാക് കുന്നിന്‍ മുകളിലായിരുന്നു അമ്മ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ ഒരു പള്ളി പണിയണം എന്നായിരുന്നു മാതാവ് ആവശ്യപ്പെട്ടത്. ജുവാനെപോലെയുള്ള ഒരാള്‍ക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് ആരും വിശ്വസിച്ചില്ല. കാരണം റെഡ് ഇന്ത്യന്‍ വംശത്തിലെ ചിച്ചിമെക്ക ഗോത്രത്തിലായിരുന്നു ജുവാന്‍ ജനിച്ചത്.

വിറകുപെറുക്കാന്‍ കാട്ടില്‍ സഹോദരിക്കും അയല്‍ക്കാരിക്കും കൂട്ടുപോയതായിരുന്നു ബെര്‍ണദീത്ത. വര്‍ഷം 1858 ഫെബ്രുവരി 11 . നദിക്കരയില്‍ ഒറ്റയ്ക്ക് നില്ക്കുകയായിരുന്ന അവള്‍ അസാധാരണായ ഒരു ദൃശ്യത്തിന് സാക്ഷിയായി. സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ക്കിടയില്‍ അതീവസുന്ദരിയായി ഒരു സ്ത്രീ. വെള്ള വസ്ത്രം നീല ശിരോവസ്ത്രം. കാല്‍പ്പാദങ്ങള്‍ക്ക് ചുവടെ മഞ്ഞ റോസപ്പൂക്കള്‍. ലൂര്‍ദ്ദ് മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷപ്പെടലായിരുന്നു അത്. ആദ്യം പറഞ്ഞ സംഭവത്തിലേതുപോലെ ബെര്‍ണദീത്തയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കാന്‍ ആരും തയ്യാറായില്ല.

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോഴും സംഭവിച്ചത് മേല്‍പ്പറഞ്ഞതുപോലെ തന്നെയായിരുന്നു. 1917 മെയ് 13 നായിരുന്നു ഫ്രാന്‍സിസ്‌ക്കോ, ജസീന്ത, ലൂസി എന്നിവര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. അന്നവര്‍ 9,7,10 വയസുള്ള കുട്ടികളായിരുന്നു.

നി എടവനക്കാട് സെന്റ് അംബ്രോസ് പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ മരിയന്‍ പ്രത്യക്ഷീകരണത്തെക്കുറിച്ച്..

2017 സെപ്തംബര്‍ 28 ന് ആയിരുന്നു എടവനക്കാട് മാതാവ് പ്രത്യക്ഷപ്പെട്ടത്. കൃഷ്ണവേദ എന്ന ഹൈന്ദവപെണ്‍കുട്ടിക്ക് ലഭിച്ച രോഗസൗഖ്യമാണ് സ്കൂള്‍ കുട്ടികളെ ദേവാലയത്തിലേക്ക് നയിച്ചതും ജപമാല ചൊല്ലാന്‍ പ്രേരിപ്പിച്ചതും. ആ സമയത്ത് അസാധാരണമായ മുല്ലപ്പൂഗന്ധം കുട്ടികള്‍ക്ക് അനുഭവപ്പെടുകയും അനുശ്രീ എന്ന കുട്ടി അള്‍ത്താരയുടെ സമീപത്തായി മാതാവിനെ കാണുകയും ചെയ്തു. ഒക്ടോബര്‍ മൂന്നിനും മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടു. അന്ന് വൈദികന്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചിട്ടും അദ്ദേഹത്തിന് മാതാവിനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം തല കുമ്പിട്ട് പ്രാര്‍ത്ഥിച്ചത് മാതാവിന്റെ പാദത്തിങ്കല്‍ തന്നെയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.

എടവനക്കാട് നടന്ന മാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് സഭാധികാരികളില്‍ നിന്ന് ആധികാരികമായ പ്രഖ്യാപനമൊന്നും ഇതുവരെ നടന്നിട്ടില്ല. സഭയുടെ കീഴ് വഴക്കങ്ങളും നടപടിക്രമങ്ങളും അങ്ങനെയാണ്. ഔദ്യോഗികപ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നതിന് കാലതാമസമേറെയെടുക്കും.

1981 ല്‍ ആണ് മെഡ്ജിഗോറിയായില്‍ മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷീകരണം നടന്നത്. ഈ പ്രത്യക്ഷപ്പെടലിനെക്കുറിച്ചും ആളുകള്‍ക്ക് അടുത്തകാലം വരെ സംശയമുണ്ടായിരുന്നു. 2010 ല്‍ ഇതേക്കുറിച്ച് പഠിക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ ഒരു ഗവേഷകസംഘത്തെ തന്നെ നിയമിക്കുകയുണ്ടായി. 2017 മെയ് മാസത്തിലാണ്സംഘം റിപ്പോര്‍ട്ട് നല്കിയത് . മാതാവിന്റെ ആ പ്രത്യക്ഷീകരണം യാഥാര്‍തഥ്യമാണെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ട്.

നാളെ ഇത് എടവനക്കാടും സംഭവിച്ചുകൂടായ്കയില്ല. കാരണം എടവനക്കാട് നടന്ന മരിയന്‍ പ്രത്യക്ഷീകരണം ലോകമെങ്ങും നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പോലെ തന്നെയായിരുന്നു. തുടക്കത്തിലെ സംഭവ വിവരണങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കോ അല്ലെങ്കില്‍ സാധാരണഗതിയില്‍ പ്രത്യേകതകള്‍ ഇല്ലാത്തവര്‍ക്കോ ആയിരുന്നു അവിടെയെല്ലാം മാതാവ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ ദര്‍ശനക്കാര്‍ പറഞ്ഞത് ആരും വിശ്വസിച്ചതുമില്ല.

എടവനക്കാട് മാതാവ് പ്രത്യക്ഷപ്പെട്ടത് സാധാരണക്കാരായ കുട്ടികള്‍ക്കാണ്. അതില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ടായിരുന്നു. പരിശുദ്ധാത്മാവ് എന്നും ത്രീത്വം എന്നും ഉള്ള വാക്കുകള്‍ എന്തായാലും ഈ കുട്ടികള്‍ക്ക് പരിചിതമല്ലല്ലോ? ആരെങ്കിലും പരിശീലനം കൊടുത്ത് പറയിപ്പിച്ചതാണെന്നോ വെറും ഇല്യൂസിനേഷന്‍ ആണെന്നോ വാദിച്ചാലും ഈ  പൊടിക്കുട്ടികളെക്കൊണ്ട് ആരെങ്കിലും അങ്ങനെ ചെയ്യിക്കുമോ? നുണയാണെങ്കില്‍ എല്ലാവരും ഒരേരീതിയില്‍ പറയുമോ? നമ്മുടെ കുട്ടികളുടെ നുണപറച്ചിലൊക്കെ പൊളിച്ചടുക്കാന്‍ സമര്‍ത്ഥയായ ഒരു അധ്യാപികയ്ക്ക് പോലും നിഷ്പ്രയാസം സാധിക്കുന്നതാണ്. അങ്ങനെയെങ്കില്‍ ഈ കുട്ടികളുടെ സാക്ഷ്യം സത്യം തന്നെയാകണം. അവിശ്വസിക്കുന്നു എന്നതുതന്നെയാണ് ഈ ദര്‍ശനം സത്യമാണെന്ന് വിശ്വസിക്കുന്നതിനുള്ള പ്രധാന കാരണം.

ഒരിക്കല്‍ ലോകം തള്ളിപ്പറഞ്ഞ മരിയന്‍ പ്രത്യക്ഷീകരണം നടന്ന സ്ഥലങ്ങളൊക്കെ ഇന്ന് ലോകത്തിലെ തന്നെ ഒന്നാം നിരയിലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. ലോകത്തിലെ ഏറ്റവും മഹത്തായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഇന്ന് ലൂര്‍ദ്ദ്. ദിനവുമുള്ള ദിവ്യകാരുണ്യപ്രദക്ഷിണങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്നത് തന്നെ മൂന്ന് മില്യന്‍ വിശ്വാസികള്‍.

ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ തീര്‍ത്ഥാടകരായി എത്തുന്നതില്‍ മൂന്നാം സ്ഥാനത്താണ് ഇന്ന് ഗ്വാഡലൂപ്പെ. അമേരിക്കന്‍ ജനതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട് ഗ്വാഡെലൂപ്പെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍. മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മില്യന്‍ കണക്കിന് ആളുകള്‍ മാമ്മോദീസാ സ്വീകരിച്ചു. വിശുദ്ധ ജൂനീേെപ്പറോ സേറായെപോലെയുള്ളവര്‍ മിഷ്യന്‍ ചൈതന്യത്തില്‍ ആകര്‍ഷിക്കപ്പെട്ട ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പുറപ്പെട്ടു. ഇതൊക്കെ മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് ലോകത്തിനുണ്ടായ അത്ഭുതകരമായ മാറ്റങ്ങളാണ്.

അതുകൊണ്ട് എടവനക്കാട് നടന്നത് യഥാര്‍ത്ഥത്തിലുള്ള മരിയന്‍ പ്രത്യക്ഷീകരണം തന്നെയാണെന്നാണ് നാം വിശ്വസിക്കേണ്ടത്. സഭയുടെ ഭാഗത്തു നിന്നുള്ള ഔദ്യോഗികമായ പ്രഖ്യാപനത്തിന് വേണ്ടി നമ്മള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയും വേണം.

ബിജു

You must be logged in to post a comment Login