എടവനക്കാട്ടെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ വിദേശമാധ്യമങ്ങളിലും വാര്‍ത്ത

എടവനക്കാട്ടെ മാതാവിന്റെ പ്രത്യക്ഷപ്പെടല്‍ വിദേശമാധ്യമങ്ങളിലും വാര്‍ത്ത

കൊച്ചി: എറണാകുളം ജില്ലയിലെ വരാപ്പുഴ അതിരൂപതയൂടെ കീഴിലുള്ള എടവനക്കാട് സെന്റ് അംബ്രോസ് ദേവാലയത്തില്‍ ഏതാനും സ്‌കൂള്‍ കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതായ വാര്‍ത്ത സിഎന്‍എ പോലെയുള്ള വിദേശ കത്തോലിക്കാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഹൃദയവയലായിരുന്നു.

ചെവി വേദന അനുഭവിച്ച ഒരു കുട്ടി ഹന്നാന്‍ വെള്ളമെടുത്ത് ചെവിയില്‍ പുരട്ടിയതോടെ ചെവി വേദന അപ്രത്യക്ഷമാകുകയും പിന്നീട് പള്ളിയില്‍ പ്രാര്‍ത്ഥിക്കാനായി ചെന്നപ്പോള്‍ മുല്ലപ്പൂവിന്റെ അസാധാരണമായ ഗന്ധം അനുഭവപ്പെടുകയും ശേഷം മാതാവിന്റെ പ്രത്യക്ഷീകരണം ഉണ്ടാകുകയും ചെയ്തതായിട്ടാണ് വാര്‍ത്തകളുടെ തുടക്കം.

സെപ്തംബര്‍ 28 ന് ആയിരുന്നു പ്രസ്തുത സംഭവം.കൃഷ്ണവേദ എന്ന ഹിന്ദുപെണ്‍കുട്ടിക്കാണ് ഈ രോഗസൗഖ്യം ഉണ്ടായത്. ഇക്കാര്യം കൃഷ്ണവേദ കൂട്ടുകാരികളോട് പറയുകയും അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാനായി ദേവാലയത്തില്‍ എത്തുകയും ചെയ്തു. അംബ്രോസിയ എന്ന കത്തോലിക്കാ പെണ്‍കുട്ടിക്ക് മാത്രമേ ജപമാല പ്രാര്‍ത്ഥന അറിയാമായിരുന്നുള്ളൂ.

ഈ സമയത്ത് മുല്ലപ്പൂവിന്റെ ഗന്ധം അനുഭവപ്പെട്ടുതുടങ്ങി. അനുശ്രീ എന്ന കുട്ടി മാതാവിനെ അള്‍ത്താരയുടെ സമീപത്തായി കണ്ടു. പിന്നീട് കുട്ടികള്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പുറത്തേക്ക് ഈ വാര്‍ത്ത വ്യാപിച്ചത്.

ഒക്ടോബര്‍ മൂന്നിനും ഇതുപോലെതന്നെ മാതാവ് പ്രത്യക്ഷപ്പെട്ടു. വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമേ ഇപ്പോഴും മാതാവിനെ കാണാന്‍ സാധിച്ചുള്ളൂ. വൈദികന്‍ കരഞ്ഞുപ്രാര്‍ത്ഥിച്ചിട്ടും അദ്ദേഹത്തിനും മാതാവിനെ കാണാന്‍ കഴിഞ്ഞില്ല. രൂപതാധികാരികള്‍ ഇതേക്കുറിച്ച് ആധികാരികമായി വ്യക്തമാക്കിയിട്ടില്ല. പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം എന്ന നിലപാടാണ് അധികാരികള്‍ കൈക്കൊണ്ടിരിക്കുന്നത്.

ഒക്ടോബര്‍ 12 ന് പള്ളിയില്‍ ജാഗരണപ്രാര്‍ത്ഥന സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് അന്ന് പങ്കെടുത്തത്.

You must be logged in to post a comment Login