നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് എന്താണ് കുഴപ്പം?

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് എന്താണ് കുഴപ്പം?

ടി വി കണ്ടുകൊണ്ടിരിക്കുന്ന ഒരു കുടുംബം. പരിപാടിക്കിടയില്‍ ഒരു കൊമേഴ്‌സ്യല്‍ ബ്രേക്ക്. മിന്നിമറിയുന്ന വിവിധ പരസ്യങ്ങള്‍ക്കിടയില്‍ കുടയുടെ പരസ്യം. പെട്ടെന്ന് അതില്‍ ആകൃഷ്ടനായി മകന്‍ അപ്പനോട് പറയുന്നു.

അപ്പേ എനിക്ക് മങ്കിപ്പെന്‍ കുട വേണം.

നിനക്ക് അതിന് കുടയുണ്ടല്ലോ.. പഴയ കുടയ്ക്ക് യാതൊരു കേടുമില്ലതാനും. പിന്നെയെന്തിനാ വേറെ കുട? അപ്പന്റെ ചോദ്യം.

രണ്ടു വര്‍ഷമായി അവന്‍ ആ കുട ഉപയോഗിക്കുന്നതല്ലേ..അതിന്റെ നിറംമങ്ങി. സ്‌കൂളില്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികള്‍ക്കിടയില്‍ അവനു നാണക്കേടുണ്ടാകരുത്. അതുകൊണ്ട് പുതിയ കുട വാങ്ങണം.. ഭാര്യയുടെ ഇടപെടല്‍…

കുട മാത്രം പോരാ ബാഗും വേണം പുതിയത്.. അമ്മയുടെ പിന്തുണയ്ക്കലില്‍ മകന്റെ ഡിമാന്റ്.
അതും ശരിയാ, ബാഗ് കീറിത്തുടങ്ങി… അതിനും ഭാര്യ സപ്പോര്‍ട്ട് ചെയ്തു.

അപ്പോള്‍ അയാള്‍ ഓര്‍ത്തത് തന്റെ പള്ളിക്കൂടം ദിനങ്ങളാണ്. ഒരു കുടക്കീഴില്‍ ചേച്ചിമാര്‍ക്കൊപ്പം മഴ പാതി നനഞ്ഞും നനയാതെയും സ്‌കൂളിലേക്കു പോയിക്കൊണ്ടിരുന്ന ദിനങ്ങള്‍… അതും ഇപ്പോഴത്തേതുപോലെ കനംകുറഞ്ഞ മഴയുടെ ദിവസങ്ങളല്ല. കനത്ത മഴയുടെ രാവിലെകളും വൈകുന്നേരങ്ങളും. ഇന്നത്തേതുപോലെ വീട്ടുമുറ്റത്തുനിന്ന് സ്‌കൂള്‍ബസിലേക്കും സ്‌കൂള്‍ മുറ്റത്തുനിന്ന് ക്ലാസ് മുറിയിലേക്കും മാത്രം കുട നിവര്‍ക്കുന്ന ദൂരവുമല്ല. എത്ര കിലോമീറ്ററുകളാണ് അക്കാലത്ത് കുട ചൂടി സ്‌കൂളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. ചെളി നിറഞ്ഞ പാടവരമ്പിലൂടെയും മഴവെള്ളം മൂടിയ തടിപ്പാലങ്ങളിലൂടെയും…

ഇന്നത്തേതുപോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ ചെറിയ കുട ഇറങ്ങുന്നതിനുമുമ്പ് കറുത്ത കട്ടിശ്ശീലയുള്ള മടക്കി ഒതുക്കി ബാഗില്‍ വയ്ക്കാന്‍ കഴിയാത്ത ആ കുട വീട്ടില്‍ മക്കള്‍ എല്ലാവര്‍ക്കും കൂടി രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ നാലുപേര്‍ തികയും.. കുടയില്‍ കൊള്ളാത്തതിന്റെ പേരില്‍ മഴയോട് ദേഷ്യം തോന്നിയിരുന്നില്ല.
കാരണം വാഴയിലയുടെ തണലില്‍ സ്‌കൂളിലേക്കു പോകുന്ന കുട്ടികളും വഴികളിലുണ്ടായിരുന്നു, അപൂര്‍വ്വമായിട്ടെങ്കിലും. അതിനിടയില്‍ രണ്ടുപേര്‍ക്കാണെങ്കിലും പങ്കിട്ടുനല്കാന്‍ ഒരു കുടയുടെ മേലാപ്പുണ്ടായതോര്‍ത്ത് മനസ്സില്‍ നന്ദിയേ ഉണ്ടായിരുന്നുള്ളൂ വീട്ടുകാരോടും ദൈവത്തോടും… മാത്രവുമല്ല എത്ര വര്‍ഷമാണ് ഒരു കുട ഉപയോഗിച്ചിരുന്നത്.

ഏതെങ്കിലും കാരണത്താല്‍ കുടയ്‌ക്കെന്തെങ്കിലും പറ്റിയാല്‍, അല്ലെങ്കില്‍ മഴയില്ലാത്ത ദിവസം സ്‌കൂളില്‍ നിന്ന് കുട എടുക്കാന്‍ മറന്നുപോയാല്‍ അന്ന് അമ്മയുടെ ശാസന മുഴുവന്‍ കേള്‍ക്കേണ്ടിവരും. സൂക്ഷിക്കാന്‍ അറിയാത്തതിന്റെ പേരിലും കാശുണ്ടാക്കുന്നതിന്റെ വില അറിയില്ലെന്നതിന്റെ പേരിലും…

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാങ്ങിയ അലുമിനിയത്തിന്റെ സ്‌കൂള്‍ പെട്ടി വര്‍ഷമിത്ര കഴിഞ്ഞിട്ടും കേടുപാടില്ലാതെ സൂക്ഷിച്ചുവച്ചിരിക്കുന്നുവെന്ന് പറയുമ്പോള്‍ അതാരെങ്കിലും വിശ്വസിക്കുമോ? സൂക്ഷിച്ച് ഉപയോഗിച്ചതുകൊണ്ടുമാത്രമല്ല നിലവാരമുള്ള ഉല്പന്നങ്ങള്‍കൂടിയായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത് എന്നതും സത്യമാണ്. ഇന്നത്തെ കുട്ടികള്‍ക്ക് അവര്‍ ഉപയോഗിക്കുന്നവ പോലും സൂക്ഷിച്ച് ഉപയോഗിക്കാന്‍ അറിയില്ലെന്നു മാത്രമല്ല അവയുടെ നിര്‍മ്മാണവും അത്ര നല്ല രീതിയിലല്ല. പഴയതൊക്കെയും ഓര്‍ത്ത് അയാള്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.

ജൂണിന്റെ മണി മുഴങ്ങുമ്പോള്‍ നെഞ്ചിടിപ്പിന്റെ താളം കൂടുകയാണ് ഓരോ മാതാപിതാക്കന്മാരുടെയും… കാരണം പലതാണ്. പ്രധാനമായും സാമ്പത്തികം തന്നെ. ഇന്ന് വിദ്യാഭ്യാസം ചെലവേറിയതായിരിക്കുന്നു. അതോടൊപ്പംതന്നെ വിദ്യാഭ്യാസം അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായി മാറിയിരിക്കുന്നു.

എന്റെ കുഞ്ഞ് ഒന്നിനും ആരുടെയും പിന്നിലാകരുത് എന്ന അലിഖിത നിയമം എല്ലാ മാതാപിതാക്കന്മാരും തങ്ങളുടെ ഹൃദയഫലകങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അയല്‍ക്കാരന്റെ, സഹപ്രവര്‍ത്തകന്റെ, സുഹൃത്തിന്റെ മക്കളെക്കാള്‍ തന്റെ മക്കള്‍ പിന്നിലാകരുത് എന്നാണ് അവരുടെ ആഗ്രഹം… അതിനുവേണ്ടി മികച്ച സ്‌കൂളും മറ്റ് അനുബന്ധസൗകര്യങ്ങളും അവര്‍ മക്കള്‍ക്കായി തിരഞ്ഞെടുക്കുന്നു. അതിനും അവര്‍ക്ക് വിശദീകരണമുണ്ട്.

നമ്മളോ ഇങ്ങനെയായിപ്പോയി.. നമ്മുടെ മക്കളെങ്കിലും നല്ല നിലയിലെത്തണം..
നല്ല നിലയിലെത്തുക എന്ന് പറയുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആയിത്തീരുക എന്ന് അവര്‍ ലക്ഷ്യം വയ്ക്കുന്നുമില്ല. പണ്ടത്തെ വിദ്യാഭ്യാസം കുട്ടികളെ കുറെക്കൂടി സംസ്‌കരിച്ചെടുക്കാനും നല്ല മനുഷ്യരാക്കി വളര്‍ത്തിയെടുക്കാനും ശ്രമിച്ചിരുന്നു എന്നതാണ് സത്യം. ഇന്നാവട്ടെ മനസ്സ് വളര്‍ത്താതെ ബുദ്ധി മാത്രം വളര്‍ത്തിയെടുക്കാനാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വീട്ടുകാരുടെയും ശ്രമം.

മക്കള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. അതില്‍ ആരെയും കുറ്റം പറയാനുമില്ല. പക്ഷേ കൂടെയുള്ളവരെ തോല്പിച്ചുകൊണ്ടാവണം വിജയിക്കേണ്ടത് എന്ന് സന്ദേശം കൊടുക്കുന്നിടത്താണ് അപകടം. അങ്ങനെയൊരു സങ്കല്പത്തില്‍ വളര്‍ന്നുവരുന്നതുകൊണ്ടാണ് തീരെ ചെറിയ തോല്‌വികള്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കനത്ത ആഘാതമേല്പിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന്റെയും തോറ്റതിന്റെയും ഒക്കെ പേരില്‍ അവര്‍ ചെറുപ്രായത്തിലേ ആത്മഹത്യ ചെയ്യുന്നത്.

വിജയങ്ങളോടും പരാജയങ്ങളോടുമുള്ള മനോഭാവത്തില്‍ കാതലായ മാറ്റം വന്നാലേ ആത്മഹത്യ ചെയ്യുന്നതിനെക്കാളേറെ ധൈര്യം ജീവിക്കുന്നതിനാണെന്ന് അവര്‍ക്ക് മനസ്സിലാവുകയുള്ളൂ. ഇപ്രകാരം ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍ ഒറ്റമക്കളോ ഉന്നതസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോ ആയിരിക്കാനാണ് സാധ്യത കൂടുതല്‍. മാതാപിതാക്കളുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് മക്കള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസനിലവാരവും വ്യത്യസ്തമാണ്.

ഐസിഎസ്ഇ, സിബിഎസ് ഇ, സ്റ്റേറ്റ് സിലബസ് ഇംഗ്ലീഷ് മീഡിയം അണ്‍എയ്ഡഡ്, ഗവണ്‍മെന്റ് സ്‌കൂള്‍… എന്നിങ്ങനെ അവ പോകുന്നു. ഇവയില്‍ പ്രാതികൂല്യങ്ങളെ നേരിടാന്‍ കരുത്തുകൂടുതലുള്ളവര്‍ ആരാണെന്നാണ് അഭിപ്രായം?

നിയതമായ ചട്ടക്കൂടുകള്‍ക്കു വെളിയില്‍ വിദ്യ അഭ്യസിക്കുന്ന, മണ്ണിനോടും മഴയോടും വെയിലിനോടും പൊടിയോടും സമരസപ്പെട്ടു ജീവിക്കുന്ന ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരിക്കും എന്നാണ് എന്റെ പക്ഷം. മികച്ച അധ്യാപകരും അവിടെയുള്ളവരല്ലേ? പക്ഷേ നമ്മുടെ ഈഗോ ആ സ്‌കൂളുകളെയോ അധ്യാപകരെയോ വകവച്ചുകൊടുക്കില്ല. ഭൂരിപക്ഷം പേരും മക്കളെ അവിടേക്ക് അയ്ക്കാന്‍ സന്നദ്ധരല്ല. ഒന്നടിക്കുമ്പോള്‍ തിരിച്ചടിക്കുവാനും എടാ എന്നു വിളിക്കുമ്പോള്‍ പോടാ എന്ന് പറയാനുമുള്ള ആര്‍ജ്ജവം അവിടത്തെ കുട്ടികള്‍ ക്കുണ്ട്. ആക്രമണകാരികളാക്കാന്‍ വേണ്ടിയല്ല ഇതു പറയുന്നത് മറിച്ച് ജീവിതത്തെ നേരിടാനുള്ള ധൈര്യം അവിടത്തെ പരിശീലനം കൊണ്ട്, മണ്ണില്‍ ചവുട്ടി നില്ക്കുന്നതുകൊണ്ട് ലഭിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്.

ബ്രോയിലര്‍ കോഴികള്‍ക്കു മൃദുത്വവും കാണാന്‍ അഴകുമുണ്ട്. പക്ഷേ നാടന്‍കോഴികള്‍ക്ക് അല്പം കട്ടിയുണ്ട്.. അവ എളുപ്പത്തില്‍ കഴിക്കാവുന്നതുമല്ല. പക്ഷേ വളര്‍ത്തുഗുണം അവയ്ക്ക് കൂടുതലുണ്ട്. ബ്രോയിലര്‍ കോഴികളെ കണ്ടുകണ്ട് അതാണ് നല്ലതെന്നു കരുതുന്നവരോടു നാടന്‍കോഴിയുടെ ഗുണത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ലല്ലോ?

മക്കളെ നല്ല നിലയിലെത്തിക്കാന്‍ വേണ്ടി ചോര പൊടിയുന്ന മാതാപിതാക്കന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹത്തില്‍. മക്കളുടെ താല്പര്യമോ ബുദ്ധിനിലവാരമോ പോലും അവര്‍ ഇക്കാര്യത്തില്‍ കണക്കിലെടുക്കാറുമില്ല. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ തീരുമാനമെടുക്കുന്നു… വിദ്യാഭ്യാസവായ്പയെടുത്തും കടം വാങ്ങിയും വീടും പറമ്പും ഈടുനല്കിയുമൊക്കെയാണ് മെച്ചപ്പെട്ട കോഴ്‌സുകളിലേക്കായി മക്കളെ ഇന്ന് മാതാപിതാക്കള്‍ അയ്ക്കുന്നത്. ഇപ്രകാരം തിരഞ്ഞെടുക്കുന്ന കോഴ്‌സുകള്‍കൊണ്ട് മക്കള്‍ക്കോ കുടുംബത്തിനോ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന് അവര്‍ക്കു തന്നെ നിശ്ചയം പോരാ.

നേഴ്‌സിംങ് പ്രഫഷന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു വിദേശം സ്വപ്നം കണ്ട് എത്രയോ കുട്ടികളാണ് ആ കോഴ്‌സിനു ചേര്‍ന്നത്. അതില്‍ ചിലര്‍ക്കൊക്കെ സ്വപ്നം സഫലമായി. എന്നാല്‍ അതിനെക്കാള്‍ ഇരട്ടിയല്ലേ വിഫലസ്വപ്നങ്ങളുടെ ഇരകളുടെ എണ്ണം?

എന്റെ ഒരു ബന്ധുവിന്റെ രണ്ട് മക്കള്‍ അതിലുള്‍പ്പെടുന്നു. വിദേശത്തുള്ള ബന്ധുവിന്റെ വാക്കനുസരിച്ചാണ് അതില്‍ മൂത്ത പെണ്‍കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നേഴ്‌സിംങിന് ചേര്‍ന്നത്. സത്യത്തില്‍ അവള്‍ക്ക് അധ്യാപികയാകാനായിരുന്നു ആഗ്രഹം. പക്ഷേ അതിനു വിരുദ്ധമായി അവള്‍ നേഴ്‌സിംങ് പഠിച്ചു. പഠനം കഴിഞ്ഞതോടെ വിവാഹമായി. വിവാഹം കഴിഞ്ഞതോടെ കുട്ടിയായി. പിന്നെ കുട്ടിയുടെ കാര്യം നോക്കിയുള്ള ജീവിതമായി.
അടുത്തയിടെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു, എക്‌സ്പീരിയന്‍സ് ഇല്ലാത്തവരെ എവിടെയും വേണ്ട.. അല്ലെങ്കില്‍ മൂവായിരമോ നാലായിരമോ രൂപയ്ക്കുവേണ്ടി ഇനി എന്തിനാ കുട്ടിയെവിട്ടുപോയി ജോലി നോക്കുന്നത്. കുഞ്ഞിനെ നോക്കാന്‍ നില്ക്കുന്നവര്‍ക്കു കൊടുക്കണം പതിനായിരം. പിന്നെയെന്തിനാ ജോലിക്കു പോകുന്നത്?

മക്കള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കുമ്പോള്‍ അവരുടെ താല്പര്യം കൂടി പരിഗണിക്കണമെന്നേയുള്ളൂ വിവക്ഷ. സിദ്ധിയില്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഒരാളുടെ ഉള്ളിലുള്ളതേ അയാള്‍ക്കു ചെയ്യാന്‍ കഴിയൂ. അത് എന്തുമായിക്കൊള്ളട്ടെ.. ദൈവം നമ്മുക്ക് ഉള്ളില്‍ തരുന്ന ചില പ്രചോദനങ്ങളില്ലേ അതിനെ പിന്തുടരുക… ഡോക്ടറും എഞ്ചിനീയറും നേഴ്‌സും ഒക്കെ നല്ലതാണ്.. പക്ഷേ എല്ലാവരും നേഴ്‌സുമാരാകാന്‍, ഡോക്ടര്‍ മാരാകാന്‍, എഞ്ചിനീയര്‍മാരാകാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ഈ ലോകത്തിന് എല്ലാവരെയും വേണം.. എല്ലാവരെയും ഉള്‍ ക്കൊള്ളാന്‍ കഴിയത്തക്കവിധത്തില്‍ വിശാലമാണ് ഈ ലോകം.

ഞാനുള്‍പ്പെടുന്ന തലമുറയില്‍ കൃത്യമായ ദിശാബോധമുള്ള വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. മാതാപിതാക്കളുടെ കാര്യവും അങ്ങനെതന്നെ. പത്താം ക്ലാസ് കടക്കുന്നതോടെ അക്കാലത്ത് പലരുടെയും വിദ്യാഭ്യാസവും നിലച്ചിരുന്നു. പിന്നെ അപ്പന്റെ ജോലിയെന്താണോ അതിലേക്ക് അവര്‍ തിരിയുന്നു. അപൂര്‍വ്വമായി ചിലര്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നു. പക്ഷേ ഇന്നത്തെ സ്ഥിതി മാറിയിരിക്കുന്നു. വ്യക്തമായ കാഴ്ചപ്പാടുകള്‍ ഇന്നത്തെ മാതാപിതാക്കള്‍ക്കും ഇനി അവര്‍ക്കില്ലെങ്കില്‍ തന്നെ മക്കള്‍ക്കുമുണ്ട്. അതുമല്ലെങ്കില്‍ അത്തരം വീക്ഷണങ്ങള്‍ പകര്‍ന്നുകിട്ടാന്‍ കഴിയത്തക്കരീതിയിലുള്ള സാഹചര്യങ്ങളുമുണ്ട്.

ജീവിതത്തില്‍ ചില വഴികള്‍ക്കുമുമ്പില്‍ എവിടേക്കു തിരിയണം എന്ന് അറിയാതെ വിഷമിച്ചുനിന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. പഠിക്കാന്‍ സാധിക്കാതെവന്ന അവസരങ്ങള്‍… പഠനം മുമ്പോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത അവസരങ്ങള്‍.. ആരും കൊളുത്തിവയ്ക്കാത്ത, ദൈവം മാത്രം കൊളുത്തിയ ചില സ്വപ്നവിളക്കുകള്‍ അപ്പോഴും ഉള്ളിലുണ്ടായിരുന്നു. അവ പോലും അണഞ്ഞുപോകുമോയെന്നു കാറ്റിലുലഞ്ഞിട്ടുണ്ട്. ദൈവം കൊളുത്തിയതുകൊണ്ടാവാം ആ തിരി അണഞ്ഞില്ല. ദൈവമായിരുന്നു അതു കൊളുത്തിയതെന്നും അതുകൊണ്ടാണ് അത് അണയാതെപോയതെന്നും കാറ്റു കടന്നുപോയപ്പോള്‍ മാത്രമേ മനസ്സിലായുള്ളൂ.

വിദ്യാഭ്യാസം ദൈവാശ്രയബോധത്തില്‍ അടിയുറച്ചതാവേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്. സ്വന്തം കഴിവിനപ്പുറം ദൈവികജ്ഞാനം കൊണ്ടാണ് പഠിക്കുന്നതെന്നും പരിശുദ്ധാത്മാവാണ് വഴി നയിക്കുന്നതെന്നും ഉറച്ച ബോധ്യമുണ്ടെങ്കില്‍ വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നമുക്കു കിട്ടും.

സ്‌കൂളിലേക്കു പോകും മുമ്പ് വീട്ടില്‍ ഈശോയുടെ തിരുഹൃദയത്തിനു മുമ്പില്‍നിന്ന് പ്രാര്‍ത്ഥിച്ചിട്ടുപോകാന്‍ പഠിപ്പിച്ച അമ്മ. പിന്നെ അമ്മയത് പറയാതിരുന്നപ്പോഴും വര്‍ഷമെത്ര കഴിഞ്ഞിട്ടും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അറിയാതെ തിരുഹൃദയത്തിനുമുമ്പില്‍ കൈകള്‍കൂപ്പി പോകുന്നു. സ്‌കൂളിന്റെ അടുത്തായിരുന്നു മാതാവിന്റെ പള്ളി. ചേച്ചിമാര്‍ക്കൊപ്പം ഉച്ചയ്ക്കത്തെ ഇടവേളകളില്‍ മാതാവിനുമുമ്പിലും മുട്ടുകുത്തിയിരുന്നു. പഠിക്കാന്‍ ബുദ്ധിതരണേയെന്നും പഠിച്ച് മിടുക്കനാവണേയെന്നും അമ്മ പഠിപ്പിച്ച പ്രാര്‍ത്ഥന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടും ഭേദപ്പെട്ട ഒരു ജോലിയില്‍ സ്ഥിരമായപ്പോഴും അബോധപൂര്‍വ്വമായി പ്രാര്‍ത്ഥനകളില്‍ കടന്നുവരാറുണ്ടായിരുന്നതിനെ എത്ര ശ്രമിച്ചിട്ടാണ് കീഴടക്കിയത്!

ഇന്ന് നമ്മുടെ കത്തോലിക്കാസ്‌കൂളുകളില്‍ പോലും ഈശോയെന്നോ മാതാവെന്നോ പറയാന്‍ ധൈര്യമുള്ള അധികാരികള്‍ കുറവാണെന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ എന്തോ വിഷമം തോന്നുന്നു. സാംസ്‌കാരികാനുരൂപണത്തിന്റെയും സെക്കുലറിസത്തിന്റെയും ഭാഗമായി ഈശ്വരന്‍ എന്ന പൊതുസംജ്ഞയാണത്രെ അവിടെ ഉപയോഗിക്കപ്പെടുന്നത്. എല്ലാവരുടെയും മതങ്ങളെയും മതവിശ്വാസങ്ങളെയും ആദരിക്കുമ്പോള്‍ തന്നെ സ്വന്തം വിശ്വാസത്തെ വീട്ടുമുറ്റത്തു നിന്നെങ്കിലും ഉദ്‌ഘോഷിക്കാന്‍ നമുക്കു ധൈര്യമുണ്ടാവണ്ടെ?

സുവിശേഷപ്രഘോഷണത്തിനായി ആഫ്രിക്കയിലേക്കോ യൂറോപ്പിലേക്കോ നമുക്കു പോകാന്‍ കഴിയണമെന്നില്ല. എന്നാല്‍ ആയിരിക്കുന്ന ചുറ്റുപാടില്‍ ആയിരിക്കുന്ന വിധത്തില്‍ ആയിരിക്കുന്ന വിശ്വാസത്തെ ഏറ്റുപറയാന്‍ നമുക്കു ധൈര്യമുണ്ടായിരിക്കണ്ടെ?
നമ്മുടെ വിശ്വാസം അടിച്ചേല്പിക്കണമെന്നോ മറ്റു മതങ്ങളോട് അസഹിഷ്ണുത കാണിക്കണമെന്നോ അല്ല ഇതിനര്‍ത്ഥം. ദുഷ്ടന്റെയും ശിഷ്ടന്റെയുംമേല്‍ ഒന്നുപോലെ മഴ പെയ്യിക്കുന്ന പരമകാരുണികനായ ദൈവം എല്ലാവര്‍ക്കും ഒന്നാണെങ്കിലും നിന്റെ അച്ഛനെ എല്ലാവരും ഗോപാലന്‍ എന്നാണ് വിളിക്കുന്നതെങ്കില്‍ എന്റെ അപ്പനെ തോമ്മാച്ചന്‍ എന്നാണ് വിളിക്കുന്നതെങ്കിലും പറയാന്‍ നമുക്ക് അവകാശമില്ലേ?

കേരളത്തില്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച് പള്ളികള്‍ ക്കൊപ്പം പള്ളിക്കൂടങ്ങളും ആരംഭിച്ച പുണ്യപുരുഷന്റെ സന്യാസസഭാംഗങ്ങള്‍ നടത്തുന്ന ഒരു പ്രഫഷനല്‍ വിദ്യാഭ്യാസകേന്ദ്രം ഒരിക്കല്‍ സന്ദര്‍ശിക്കാനിടയായി. ഈശോയുടേത് പോകട്ടെ ആ പുണ്യപുരുഷന്റെ പോലും ഫോട്ടോ അന്ന് അവിടെത്തെ ഭിത്തികളില്‍ ഉണ്ടായിരുന്നില്ല. വിവിധ മതവിഭാഗക്കാര്‍ വിദ്യാര്‍ത്ഥികളായുള്ള ആ കലാലയം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലത്രെ. വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വയ്ക്കുന്നവര്‍!

അപ്പോഴാണ് ഭാര്യ ഒരുകാലത്ത് പഠിപ്പിച്ചിരുന്ന അണ്‍ എയ്ഡഡ് സ്‌കൂളിലെ ഒരു കന്യാസ്ത്രീയുടെ ധൈര്യത്തെക്കുറിച്ചോര്‍ത്തത്. ആ സ്‌കൂളില്‍ ഉച്ച സമയത്ത് കത്തോലിക്കാവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു പ്രെയര്‍ മിനിസ്ട്രിയുണ്ടായിരുന്നു. താല്പര്യമുണ്ടെങ്കില്‍ അക്രൈസ്തവരായ കുട്ടികള്‍ക്കും പങ്കെടുക്കാം. ആരും അതിനുവേണ്ടി നിര്‍ബന്ധിക്കുകയോ സ്വാധീനിക്കുകയോ ഇല്ല. ഒരു ദിവസം ഒരു അന്യമതവിശ്വാസിയായ പെണ്‍കുട്ടി ആ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്ന് അറിഞ്ഞതിന്റെ പേരില്‍ അവളുടെ രക്ഷകര്‍ത്താവ് സ്‌കൂളിനെതിരെ പരാതിയുമായി എത്തി. മതപ്പരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച്…

ഭൂരിപക്ഷം സിസ്റ്റേഴ്‌സും അയാളുടെ ആക്രമണത്തില്‍ പതറിനിന്നപ്പോള്‍ വൈസ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന സിസ്റ്റര്‍ മുമ്പോട്ടുകയറി ഇങ്ങനെ പറഞ്ഞുവത്രെ. ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ തന്നെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവിതംകൊണ്ടോ പ്രവൃത്തികൊണ്ടോ ആര്‍ക്കും ഇതിലേക്ക് ആകര്‍ഷിക്കപ്പെടാം… ഞങ്ങളാരെയും നിര്‍ബന്ധിക്കുന്നില്ല. ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് ഇഷ്ടമാകുന്നില്ലെങ്കില്‍ ടിസി വാങ്ങി മകളെ ഇവിടെനിന്ന് നിങ്ങള്‍ക്ക് കൊണ്ടുപോകാം. മേലില്‍ ഈ കാര്യവും പറഞ്ഞുകൊണ്ട് ഇവിടേക്കു വന്നേക്കരുത്…

തിരിച്ചു പറയാന്‍ മറുപടിയില്ലാതെ അയാള്‍ ഇറങ്ങിപ്പോയെന്നു കേട്ടപ്പോള്‍ മണവാളന്‍ വരാന്‍ വൈകിയാലും വിളക്കണയാതിരിക്കാന്‍ എണ്ണ കരുതിയ വിവേകവതിയായ കന്യക യെക്കുറിച്ചാണ് ഓര്‍ത്തത്.
എത്രയോ പേരുടെ നന്മയെ ഊതിയുണര്‍ത്തിയവയായിരുന്നു കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങള്‍. എത്രയോ പേര്‍ക്ക് പ്രകാശത്തിന്റെ വഴികള്‍ തുറന്നുകൊടുത്തവയായിരുന്നു അവ. എന്നാല്‍ കാലം മറിഞ്ഞപ്പോള്‍ ഇന്ന് വിദ്യാഭ്യാസക്കച്ചവടത്തിന്റെയും തൊഴില്‍ചൂഷണത്തിന്റെയും ഒക്കെ പേരില്‍ അവ മലിനീകരിക്കപ്പെട്ടിരിക്കുന്നു.

കര്‍ത്താവേ ഇവരോടു ക്ഷമിക്കണമേ.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login