20 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ 21 ദേവാലയങ്ങള്‍ക്ക് ഈജിപ്തില്‍ അനുമതി

20 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ 21 ദേവാലയങ്ങള്‍ക്ക് ഈജിപ്തില്‍ അനുമതി

കെയ്‌റോ: രണ്ട് ദശാബ്ദങ്ങള്‍ നീണ്ട പ്രാര്‍ത്ഥനാപൂര്‍വമായ കാത്തിരിപ്പുകള്‍ക്ക് ശേഷം ഈജിപ്തില്‍ 21 ദേവാലയങ്ങള്‍ക്ക് പുനരുദ്ധരിക്കാനോ കൂട്ടിച്ചേര്‍ക്കാനോ പുതുതായി പണിയാനോ ഉള്ള അനുമതി ഗവണ്‍മെന്റ് നല്കി. മിന്യാ ഗവര്‍ണര്‍ ഈസാം അല്‍ ബെഡിവിയാണ് ദേവാലയങ്ങളുടെ നിര്‍മ്മാണത്തിനുള്ള അനുവാദം നല്കിയത്. വേള്‍ഡ് വാച്ച് മോനിട്ടറാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഈജിപ്ത് ക്രൈസ്തവര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇവിടെ യാതൊരു തരത്തിലുള്ള ക്രൈസ്തവപീഡനങ്ങളും അനുഭവപ്പെടുന്നില്ലെന്നും യുഎസിനെ കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത് എന്ന് ചില മാധ്യമങ്ങള്‍ ഇതിനോട് പ്രതികരിച്ചു. എന്തായാലും ഇവാഞ്ചലിക്കല്‍ പ്രതിനിധികള്‍ കഴിഞ്ഞ മാസം ഇവിടേയ്ക്ക് നടത്തിയ യാത്ര ഇത്തരമൊരു നീക്കത്തിന് പ്രധാന കാരണമായി മാറിയതായും നിരീക്ഷണമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ പ്രതിനിധികള്‍ പ്രസിഡന്റിനെ റിഫര്‍മേഷന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കണ്ടിരുന്നു. യുഎസില്‍ നിന്നുള്ള ഇവാഞ്ചലിക്കല്‍ പ്രതിനിധികള്‍ ഈജിപ്തിലുള്ള ഇവാഞ്ചലിക്കല്‍ നേതാക്കന്മാരെയും കണ്ടിരുന്നു.

ക്രൈസ്തവപീഡനം ഇവിടെ ഇപ്പോഴും തുടരുന്നുണ്ട്. നിര്‍ബന്ധപൂര്‍വ്വം കഴിഞ്ഞ നാളുകളില്‍ ഏതാനും കോപ്റ്റിക് ദേവാലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഒരാഴ്ചകൊണ്ട് മുസ്ലീം- ക്രിസ്ത്യന്‍ ഗ്രാമീണര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് നാലു ദേവാലയങ്ങളാണ് അടച്ചുപൂട്ടിയത്.

 

You must be logged in to post a comment Login