എറണാകുളം-അങ്കമാലി അതിരൂപത ദിനാചരണം ഇന്ന്

എറണാകുളം-അങ്കമാലി അതിരൂപത ദിനാചരണം ഇന്ന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാദിനം ഇന്ന് ആചരിക്കും. തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ അതിരൂപതയുടെ ദിനാചരണം ഈ വര്‍ഷം മുതല്‍ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനത്തിലാണ് ആചരിക്കുന്നത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.30നു ആഘോഷമായ ദിവ്യബലി, തുടര്‍ന്നു പരിശുദ്ധ കുര്‍ബാനയുടെ ആരാധന. വൈകുന്നേരം നാലിനു ആരാധന സമാപനം. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെയും കത്തീഡ്രലിലെയും വൈദികര്‍ എന്നിവര്‍ക്കൊപ്പം അതിരൂപത മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍, ബസിലിക്ക ഇടവകയിലെ സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.

അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയും ആരാധനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടാകും. രാത്രി എട്ടിനു കുടുംബങ്ങളില്‍ പ്രതിഷ്ഠാജപം ചൊല്ലും.

അതിരൂപതയിലെ ഇടവകകള്‍ക്കും കുടുംബങ്ങള്‍ക്കും ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ക്കു കൃതജ്ഞതയര്‍പ്പിക്കുന്നതിനൊപ്പം പ്രാര്‍ഥനയിലും വിശ്വാസത്തിലും സ്‌നേഹത്തിലും ഐക്യത്തിലും ശുശ്രൂഷയിലും സാക്ഷ്യം ശക്തമാക്കുന്നതിനുമാണു ദിനാചരണമെന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

You must be logged in to post a comment Login