ദിവ്യകാരുണ്യം നല്കാനായി പോയ വൈദികന്‍ അത്ഭുതകരമായി ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

ദിവ്യകാരുണ്യം നല്കാനായി  പോയ വൈദികന്‍ അത്ഭുതകരമായി ട്രെയിന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

മെന്‍ഡോസ: അര്‍ജന്റീനയിലെ മെന്‍ഡോസ അതിരൂപതയിലെ വൈദികനായ ഫാ. അലെന്‍ജാന്‍ഡ്രോ ബെജാര്‍ ദൈവപരിപാലനയുടെ അതിശക്തമായ സാക്ഷ്യവുമായാണ് ഇപ്പോള്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ നില്ക്കുന്നത്. ദിവ്യകാരുണ്യത്തിന്റെ കരുത്തും ശക്തിയും അദ്ദേഹം തിരിച്ചറിഞ്ഞ ദിവസം കൂടിയായിരുന്നു ഇക്കഴിഞ്ഞ  ഏപ്രില്‍ 13.

രോഗികളായവര്‍ക്കുവേണ്ടി ദിവ്യകാരുണ്യം നല്കാനായി തിരുവോസ്തിയുമായി കാറോടിച്ച് സ്വയം പോവുകയായിരുന്ന അദ്ദേഹം വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. റെയില്‍വേ ക്രോസ് കടന്നുവേണമായിരുന്നു അദ്ദേഹത്തിന് പോവേണ്ടിയിരുന്നത്. എന്നാല്‍ പരിചിതമല്ലാത്ത വഴിയായിരുന്നതുകൊണ്ടും സിഗ്നല്‍ കാണാതിരുന്നതുകൊണ്ടും അദ്ദേഹം ഒഴിഞ്ഞുകിടക്കുന്ന റെയില്‍പാളത്തിലൂടെ വണ്ടിയോടിച്ചുപോകാന്‍ ശ്രമിക്കുകയായിരുന്നു. ചുറ്റിനും കുറ്റിക്കാടുകളുമുണ്ടായിരുന്നു.

ട്രാക്കിലേക്ക് വണ്ടി കയറിയതും ട്രെയിന്റെ ഹോണ്‍ അദ്ദേഹം കേട്ടു. സെക്കന്റുകള്‍ക്കുള്ളില്‍ ട്രെയിന്‍ വളവ് തിരിഞ്ഞുവരുന്നതും അദ്ദേഹം കണ്ടു. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം അമ്പരന്നു. ഒരുവാക്കും പുറത്തേക്ക് വരുന്നില്ല. നിലവിളി പോലും.വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല.

പെട്ടെന്ന് അദ്ദേഹം സീറ്റ് ബെല്‍റ്റില്‍ നിന്ന് മോചനം നേടി വണ്ടിയ്ക്കുള്ളില്‍ നിന്ന് പുറത്തേക്കോടി. അപ്പോഴേയ്ക്കും ട്രെയിന്‍ പാഞ്ഞ് അടുത്തെത്തിക്കഴിഞ്ഞിരുന്നു. ഏകദേശം 800 മീറ്ററോളം അദ്ദേഹത്തിന്റെ ഫോര്‍ഡ് എസ്‌കോര്‍ട്ട് കാര്‍ ട്രെയിന്‍ വലിച്ചിഴച്ചുകൊണ്ടുപോയി.കാര്‍ ഏറെക്കുറെ തകര്‍ന്നുവെങ്കിലും അവിടെ മറ്റൊരു അത്ഭുതം സംഭവിച്ചിരുന്നു.

കൂദാശ ചെയ്യപ്പെട്ട ദിവ്യകാരുണ്യം അടക്കം ചെയ്തിരുന്ന ബാഗിന് യാതൊരു പോറല്‍പോലും സംഭവിച്ചിരുന്നില്ല.  അത് വലിയൊരു അത്ഭുതമായിരുന്നു. ഇപ്പോള്‍ ഫാ. ബെജാറിന് ചെറിയൊരു ചമ്മലുണ്ട്.

കൂദാശ ചെയ്ത ദിവ്യകാരുണ്യം ഉപേക്ഷിച്ച് താന്‍ മാത്രമായി ഓടി രക്ഷപ്പെട്ടതില്‍. എങ്കിലും ദൈവം തന്നെ രക്ഷിച്ചതോര്‍ത്ത് അദ്ദേഹം നന്ദി പറയുന്നു.

എട്ടുവര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് വച്ച്  സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ദിവ്യകാരുണ്യത്തിന്റെ സജീവതയാണ് തന്റെജീവന്‍ രക്ഷിച്ചതെന്ന് ഫാ. ബെജര്‍ ഇന്ന് ലോകത്തോട് സാക്ഷ്യപ്പെടുത്തുന്നു.

You must be logged in to post a comment Login